മിനിമം ബാലന്‍സില്‍ വലിയ വര്‍ധനവുമായി ഐ.സി.ഐ.സി.ഐ. എല്ലാ മേഖലയിലെ അക്കൗണ്ടുകള്‍ക്കും 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് മിനിമം മന്ത്‌ലി ആവറേജ് ബാലന്‍സ് ഉയര്‍ത്തിയത്. ഓഗസ്റ്റ് മുതല്‍ ആരംഭിച്ച സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് പുതുക്കിയ മിനിമം ബാലന്‍സ് ബാധകമാകും.

മെട്രോ,അര്‍ബന്‍ മേഖലയിലെ ബാങ്കുകള്‍ക്ക് 50,000 രൂപയാണ് മിനിമം ബാലന്‍സ്. ഇത് നേരത്തെ 10,000 രൂപയായിരുന്നു. സെമി അര്‍ബന്‍ ബാങ്കുകളിലെ മിനിമം മന്ത്‌ലി ആവറേജ് ബാലന്‍സ് 25,000 രൂപയിലേക്കാണ് ഉയര്‍ത്തിയത്. നേരത്തെയിത് 5,000 രൂപയായിരുന്നു. നേരത്തെ 2,500 രൂപയുണ്ടായിരുന്ന ഗ്രാമീണ ശാഖകളിലെ അക്കൗണ്ടുകള്‍ ഇനി മുതല്‍ 10,000 രൂപ മിനിമം മന്ത്‌ലി ആവറേജ് ബാലന്‍സ് നിലനിര്‍ത്തേണ്ടി വരും. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. 

ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട തുകയാണ് മിനിമം മന്ത്‌ലി ആവറേജ് ബാലന്‍സ്. ബാങ്ക് നിശ്ചയിക്കുന്ന തുകയ്ക്ക് താഴേക്ക് മിനിമം മന്ത്‌ലി ആവറേജ് ബാലന്‍സ് എത്തിയാല്‍ ബാങ്ക് പിഴ ഈടാക്കും. ഐ.സി.ഐ.സി.ഐ ബാങ്കില്‍ ആവശ്യമായ മിനിമം ബാലന്‍സില്‍ കുറവുള്ള തുകയുടെ ആറു ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. 

പണമിടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജും ബാങ്ക് വര്‍ധിപ്പിച്ചു. ബാങ്ക് വഴിയോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയോയുള്ള മൂന്ന് ഇടപാടിന് ശേഷം 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. പണം പിന്‍വലിക്കലിനും ഇതേ ചാര്‍ജ് ബാധകമാണ്. നോണ്‍ ബാങ്ക് സമയങ്ങളിലോ അവധി ദിവസത്തിലോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നവര്‍ മാസത്തില്‍ 10,000 രൂപ കടന്നാല്‍ ഓരോ ഇടപാടിനും 50 രൂപ ഫീസ് നല്‍കണം. 

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴയായി അ‍ഞ്ചു വര്‍ഷത്തിനിടെ 9,000 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയതെന്ന് കഴിഞ്ഞാഴ്ച ഫിനാന്‍സ് മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

ENGLISH SUMMARY:

ICICI has announced a significant increase in its minimum balance requirements. The Minimum Monthly Average Balance (MAB) for accounts in all regions, including metro and urban areas, has been raised from ₹10,000 to ₹50,000. The revised minimum balance will be applicable to savings accounts opened from August onwards.