ബാങ്കിങ് ഉപഭോക്താക്കളെ ചേര്‍ത്തു പിടിച്ച് പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ബാങ്ക് ഒഴിവാക്കി. സേവിങ്സ്, സാലറി, എന്‍ആര്‍ഐ അക്കൗണ്ടുകള്‍ ഉള്‍പ്പടെ എല്ലാ അക്കൗണ്ടുകളെയും ആവറേജ് മന്ത്‍ലി ബാലന്‍സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഇനി മുതല്‍ പിഴ ഈടാക്കില്ല. ജൂണ്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലായി. 

നേരത്തെ ബ്രാഞ്ച് അടിസ്ഥാനമാക്കിയാണ് കാനറ ബാങ്ക് മിനിമം ബാലന്‍സ് ഈടാക്കിയിരുന്നത്. അര്‍ബന്‍, മെട്രോ ബ്രാഞ്ചുകളില്‍ 2000 രൂപയാണ് മിനിമം ബാലന്‍സായി വേണ്ടിയിരിക്കുന്നത്. സെമി അര്‍ബന്‍ ബ്രാഞ്ചുകളില്‍ 1,000 രൂപയും ഗ്രാമീണ ബ്രാഞ്ചുകളില്‍ 500 രൂപയുമായിരുന്നു മിനിമം ബാലന്‍സ്. 2020 മുതൽ എസ്ബിഐ എല്ലാ സേവിങ്സ് അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിരുന്നു. 

അതേസമയം പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക് ഈടാക്കുന്ന ഫീസ്  ആക്സിസ് ബാങ്ക് പരിഷ്കരിച്ചിട്ടുണ്ട്.  ആക്‌സിസ്, നോൺ-ആക്‌സിസ് എടിഎമ്മുകളില്‍ നിന്നും സൗജന്യ പരിധി കഴിഞ്ഞ് എടിഎം ഇടപാട് നടത്തിയാല്‍ ഫീസ് ഈടാക്കും. സേവിംഗ്‌സ്, എൻആർഐ, ട്രസ്റ്റ് അക്കൗണ്ട് തുടങ്ങി വിവിധ അക്കൗണ്ട് ഉടമകളെ ഈ പരിഷ്‌ക്കരണം ബാധിക്കും. പരിധി കഴിഞ്ഞുള്ള ഇടപാടിന് 23 രൂപയാണ് ഈടാക്കുക. നേരത്തെയിത് 21 രൂപയായിരുന്നു. ജൂലായ് ഒന്ന് മുതല്‍ പുതിയ നിരക്ക് ഈടാക്കി തുടങ്ങും. 

ENGLISH SUMMARY:

Public sector Canara Bank has scrapped the minimum balance requirement across all savings accounts, including salary and NRI accounts. From June 1 onwards, customers will not face any penalties for non-maintenance of average monthly balance. The move aims to boost financial inclusion and enhance customer satisfaction.