jio-ipo-deatils-malayalam
  • ഐപിഒ വിലയായ 1119 രൂപയേക്കാൾ 21.36 ശതമാനം നേട്ടത്തിൽ 1359 രൂപയിലാണ് ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തത്.

നേട്ടത്തോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് ജിയോ ഓഹരികൾ. ഐപിഒ വിലയായ 1119 രൂപയേക്കാൾ 21.36 ശതമാനം നേട്ടത്തിൽ 1359 രൂപയിലാണ് ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തത്. ലിസ്റ്റിങിന് ശേഷം 1374 രൂപ വരെ ഓഹരി വില ഉയർന്നിരുന്നു. ലിസ്റ്റിങ് വില പ്രകാരം 12.5 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഇതോടെ വിപണി മൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായി ജിയോ മാറി. 12.03 ലകഷം കോടി രൂപ വിപണി മൂല്യമുള്ള എയർടെല്ലാണ് മൂന്നാമത്. 

റീട്ടെയിൽ നിക്ഷേപകന് 2880രൂപയുടെ ലിസ്റ്റിങ് നേട്ടം ലഭിച്ചു. ഐപിഒയിൽ 12 ഓഹരികളുള്ള ഒരു ലോട്ട് ലഭിച്ച റിട്ടെയിൽ നിക്ഷേപകന് ഓഹരിയൊന്നിന് 239 വച്ച്  2880 രൂപ ലിസ്റ്റിങ് നേട്ടം ലഭിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്ക് 23 ഓഹരികൾ വാങ്ങാമായിരുന്നു. ഇത്തരം നിക്ഷേപകർക്ക് 5497 രൂപയുടെ നേട്ടമുണ്ടായി. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ നിശ്ചയിച്ച ലക്ഷ്യവിലയ്ക്ക് മുകളിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്.  1350 രൂപയാണ് മോത്തിലാൽ ഒസ്വാളിൻറെ ലക്ഷ്യവില. രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ നോമുറ ബൈ റേറ്റിംഗോടെ  1,340 രൂപയാണ് ഓഹരിക്ക് നൽകിയിരുന്ന ലക്ഷ്യവില.

വരിക്കാരുടെ എണ്ണം 50 കോടിയിലേക്ക് എത്തിക്കുകയാണ് ജിയോയുടെ അടുത്ത ലക്ഷ്യമെന്ന് ആകാശ് അംബാനി പറഞ്ഞു. “10 കോടി വരിക്കാരുടെ ലക്ഷ്യത്തിലെത്തിയ 2017 ഫെബ്രുവരി 20 ലെ രാത്രി എനിക്ക് ഓർമ്മയുണ്ട്. ഈ നാഴികക്കല്ല് പിന്നിടുന്നത് വരെ എനിക്ക് വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പിതാവ് പറഞ്ഞിരുന്നു. അതിനാൽ എനിക്ക് ആഘോഷിക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു. അടുത്ത വലിയ ലക്ഷ്യം എന്തായിരിക്കും?' ആ ചിന്തയിൽ നിന്നാണ് 50 കോടി ഉപഭോക്താക്കൾ എന്ന സ്വപ്നം പിറന്നത് എന്ന് ആകാശ് അംബാനി പറഞ്ഞു. 

അതേസമയം, ഓഹരി വിപണിയിൽ പ്രധാന സൂചികകൾ നഷ്ടത്തിലാണ്. സെൻസെക്സ് 673 പോയിൻറിടിഞ്ഞ് 72921 ലും നിഫ്റ്റി 160 പോയിൻറ് നഷ്ടത്തിൽ 22592 ലുമാണ് വ്യാപാരം നടത്തുന്നത് (11am). സൗദിയിലെ പ്രധാന റിഫൈനറിക്ക് നേരെ ഹൂതികളുടെ ആക്രമണമുണ്ടായതിനു പിന്നാലെ എണ്ണ വില കുതിച്ചതാണ് വിപണിയിലെ ഇടിവിന് പ്രധാന കാരണം. എണ്ണ വില ബാരലിന് 115.7 ഡോളറിലേക്ക് എത്തി. ഐടി ഓഹരികളിലെ ഇടിവും സൂചികകളെ താഴ്ത്തി. നിഫ്റ്റിയിൽ ഇൻഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ, എന്നിവയാണ് കാര്യമായ നഷ്ടമുണ്ടാക്കിയത്. ജിയോയുടെ ലിസ്റ്റിങിനിടെ റിലയൻസ് ഇൻഡസ്ട്രീസും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

ENGLISH SUMMARY:

Jio shares made a strong stock market debut by listing at ₹1,359 on the BSE and NSE, delivering a impressive 21.36% premium over the IPO issue price of ₹1,119. Following the listing, the company reached a market capitalization of ₹12.5 lakh crore, becoming the second most valuable listed firm right behind Reliance Industries. Retail investors who were allotted a single lot of 12 shares enjoyed a listing gain of ₹2,880, while shareholder quota investors saw gains of ₹5,497. Speaking at the milestone event, Akash Ambani highlighted the company's ambitious vision of scaling Jio's subscriber base to 50 crore users.