AI Image
പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് യൂണിയനുകൾ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് തിങ്കളാഴ്ച മുതല്‍. സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസമാണ് സമരം. ചെക്ക് ക്ലിയറൻസ്, പണമിടപാടുകൾ, ബാങ്കിൽ നേരിട്ടെത്തിയുള്ള പണം നിക്ഷേപിക്കല്‍– പിൻവലിക്കല്‍ തുടങ്ങിയ ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാം. പാസ്ബുക്ക് അപ്ഡേഷൻ, പുതിയ അക്കൗണ്ട് തുറക്കൽ, ബ്രാഞ്ചിൽ നേരിട്ടെത്തിയുള്ള വായ്പ അപേക്ഷ, ജീവനക്കാരുെട സഹായത്തോടെ ചെയ്യേണ്ട സേവനങ്ങൾ എന്നിവയും മുടങ്ങിയേക്കും.
ഏഴ് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ, പഴയ തലമുറ സ്വകാര്യ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ എന്നിവയുടെ പ്രവർത്തനത്തെ സമരം കാര്യമായി ബാധിക്കും. എന്നാൽ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് തുടങ്ങിയ പുതുതലമുറ സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനവും ഡിജിറ്റൽ– യു.പി.ഐ, ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, എൻഇഎഫ്റ്റി, എടിഎം എന്നീ സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിക്കുക, നാഷണൽ പെൻഷൻ സിസ്റ്റത്തിന് (NPS) പകരം പഴയ പെൻഷൻ പദ്ധതി (OPS) നടപ്പിലാക്കാനുള്ള അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ പ്രധാനമായും ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാർ ഓഫീസുകൾ, ആർ.ബി.ഐ, എൽ.ഐ.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ നിലവിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം പിന്തുടരുന്നുണ്ടെന്നും ബാങ്കിങ് മേഖലയിലും ഇത് നടപ്പിലാക്കണമെന്നുമാണ് ആവശ്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സെപ്റ്റംബർ 28-ന് മുൻപായി അത്യാവശ്യ പണമിടപാടുകൾ പൂർത്തിയാക്കണമെന്നും, ഇടപാടുകൾക്കായി ഡിജിറ്റൽ സംവിധാനങ്ങളും എ.ടി.എമ്മുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഇതിനകം നിർദ്ദേശം നൽകിയിരുന്നു. മൂന്ന് ദിവസത്തെ പണിമുടക്കിന് ശേഷം ഒക്ടോബര്‍ ഒന്നിന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിയായതിനാല്‍ വീണ്ടും പൊതുഅവധിയായിരിക്കും. ഇതോടെ ഈ ആഴ്ച ബാങ്കുകൾ രണ്ടു ദിവസം മാത്രമേ പ്രവർത്തിക്കൂ.