എണ്ണവിലക്കയറ്റവും ഡോളര്‍ ശക്തിയാര്‍ജിച്ചതും കാരണം രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ 95.84 എന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച രൂപ, ഒരുഘട്ടത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കായ 95.98 വരെ എത്തി. ഒടുവില്‍ ഇന്നലെ ക്ലോസ് ചെയ്ത നിരക്കില്‍ നിന്ന് 23 പൈസ ഇടിഞ്ഞ് 95.96ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച 11 പൈസ ഇടിഞ്ഞ് 95.73 എന്ന നിരക്കിലായിരുന്നു രൂപ. ഡോളര്‍ നിരക്ക് വീണ്ടും 96 രൂപയ്ക്ക് അരികിലെത്തിയത് സാമ്പത്തികരംഗത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ന്യൂയോർക്കിൽ യുഎൻ പൊതുസഭ യോഗത്തിനിടെ നടന്ന യുഎസ്–ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് എണ്ണവില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഏതാനും ആഴ്ചകളായി സ്ഥിരത കൈവരിച്ചുതുടങ്ങിയ ബ്രെന്‍റ് ക്രൂഡോയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നു. ഇറാൻ യുദ്ധത്തിന് മുന്‍പ് 72 ഡോളർ ആയിരുന്ന ബ്രെന്‍റ് ഫ്യൂച്ചേഴ്സിന്റെ വില 2.74 ശതമാനം ഉയർന്ന് ബാരലിന് 105.90 യുഎസ് ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
എണ്ണവില വര്‍ധനവിനൊപ്പം ആഗോളവിപണിയില്‍ ഡോളര്‍ ശക്തിപ്പെട്ടതും രൂപയ്ക്ക് തിരിച്ചടിയായി. യുഎസ് ബോണ്ട് യീൽഡ് വർധിച്ചതും പണപ്പെരുപ്പ ആശങ്കകളെ തുടർന്ന് യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് ഡോളറിന് കരുത്തുപകർന്നത്. ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെയുള്ള ഡോളർ ഇൻഡക്സ് 100.99 ലേക്ക് ഉയർന്നു.
ഡോളറിനെതിരെ രൂപ 96 എന്ന നില മറികടന്നാൽ ഇടിവിന്റെ വേഗത ഇനിയും വർധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. ബിഎസ്ഇ സെൻസെക്സ് 1,247.71 പോയിന്റ് (1.67%) ഇടിഞ്ഞ് 73,580.54ൽ എത്തി. നിഫ്റ്റി 383.70 പോയിന്റ് (1.64%) താഴ്ന്ന് 23,063.10–ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം, ബുധനാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,617.45 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
സാധാരണക്കാരെയും പ്രവാസികളെയും എങ്ങനെ ബാധിക്കും?
രൂപയുടെ മൂല്യം ഇടിയുകയും എണ്ണവില 105 ഡോളർ കടക്കുകയും ചെയ്തതോടെ പെട്രോൾ, ഡീസൽ നിരക്കുകൾ ഉയരാൻ സാധ്യതയേറും. ഇത് ചരക്കുകൂലി വർധിപ്പിക്കുകയും നിത്യോപയോഗ സാധനങ്ങൾ, പലചരക്ക്, പച്ചക്കറി എന്നിവയ്ക്ക് കടുത്ത വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.
പ്രവാസികൾക്ക് നേട്ടം: ഡോളര്‍ അടിസ്ഥാനത്തില്‍ മൂല്യം നിശ്ചയിച്ചിട്ടുള്ള ഗൾഫ് കറൻസികൾക്ക് (യുഎഇ ദിർഹം, ഖത്തർ റിയാൽ, സൗദി റിയാൽ തുടങ്ങിയവ) രൂപയ്ക്കെതിരെ ഉയർന്ന മൂല്യം ലഭിക്കും. ഇത് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുമ്പോൾ കൂടുതൽ തുക ലഭിക്കാൻ സഹായിക്കും.
വിദേശപഠനവും യാത്രാച്ചെലവും കുത്തനെ കൂടും. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസും താമസച്ചെലവും നൽകാൻ കൂടുതൽ തുക കണ്ടെത്തേണ്ടി വരും. അതോടൊപ്പം വിദേശ വിമാന ടിക്കറ്റ് നിരക്കുകൾ, വിദേശ ചികിത്സാച്ചെലവുകൾ, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് സാധനങ്ങളുടെ വില എന്നിവ ഗണ്യമായി വർധിക്കും.