ഓണം ആഘോഷമാക്കാൻ സപ്ലൈകോ മെഗാ ട്രേഡ് ഫെയറിന് തുടക്കം. ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചി കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലെ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. മൂന്ന് ജില്ലകളിലാണ് ഇത്തവണ മെഗാ ട്രേഡ് ഫെയർ നടത്തുന്നത്.

ഓണം മെഗാ ട്രേഡ് ഫെയറും വിവിധ സമ്മാന പദ്ധതികളുമായി ഇത്തവണ ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സപ്ലൈകോ. കോഴിക്കോട് ബീച്ച്, എറണാകുളം കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ട്‌, തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക്‌ എന്നിവിടങ്ങളിലാണ് ഓണം മെഗാ ട്രേഡ് ഫെയർ ഒരുക്കിയിരിക്കുന്നത്. സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്ത സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിൻ്റെ മുൻഗണനകളിലൊന്നാണെന്ന് ഓണം മെഗാ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

ഉപഭോക്താക്കൾക്കായി ഓണം ഗിഫ്റ്റ് കാർഡ്, സമ്മാനകൂപ്പണുകൾ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ സപ്ലൈകോ ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ വിഎം ജയകൃഷ്ണൻ പറഞ്ഞു. 4000 സ്ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും മെഗാ ട്രേഡ് ഫെയറുകളിലുണ്ട്. കൂടാതെ, 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പന ശാലകളിൽ ലഭിക്കും. രാവിലെ 10 മുതൽ വൈകീട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകൾ പ്രവർത്തിക്കുക. 

ENGLISH SUMMARY:

Onam mega trade fair organized by Supplyco has begun to celebrate the festive season across Kerala. Inaugurated by Chief Minister V.D. Satheesan, these fairs offer attractive discounts, gift cards, and a wide range of products.