കേരളത്തിലെ ജ്വല്ലറികളിൽ നാളെ മുതൽ 18 കാരറ്റ് സ്വർണത്തിനും ഏകീകൃത വില ഈടാക്കാൻ സ്വർണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കേരളത്തിൽ വ്യത്യസ്തമായ വിലകളാണ് പല ജ്വല്ലറികളും ഈടാക്കി വന്നിരുന്നത്. വിലനിലവാരം ഏകീകരിക്കുന്നതിന് വളരെക്കാലമായി ചർച്ചകൾ നടന്നുവരികയായിരുന്നു. യോഗത്തിൽ ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു.ഡോ.ബി.ഗോവിന്ദൻ, (എകെജിഎസ്എംഎ) കെ.സുരേന്ദ്രൻ അഡ്വ.എസ്. അബ്ദുൽ നാസർ, (കെജിഎസ്എംഎ) എം.പി.അഹമ്മദ്, എ.കെ.നിഷാദ്, ഓ.അഷർ, (കെജെഎഫ്), ഷാജു ചിറയത്ത് (കെജിഎസ്ഡിഎ) എന്നിവർ പ്രസംഗിച്ചു.
ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരമാകും എന്നും,സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വിൽപ്പനയിൽ കുതിപ്പ് ഉണ്ടാകുമെന്നും സ്വർണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ അറിയിച്ചു.