ട്രോളിങ് നിരോധനം ആരംഭിച്ചതോടെ സംസ്ഥാനത്ത് കടൽമീനുകളുടെ വില കുത്തനെ ഉയർന്നു. മത്സ്യപ്രേമികളുടെ പ്രിയവിഭവമായ മത്തി ഉൾപ്പെടെ വിവിധ ഇനം മീനുകൾക്ക് റെക്കോർഡ് വിലയാണ് ഇപ്പോള്‍. ലഭ്യത കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

ട്രോളിങ് നിരോധനത്തിന് മുന്‍പ് കിലോയ്ക്ക് ഏകദേശം 200 രൂപയായിരുന്നു മത്തിയുടെ വില. എന്നാൽ നിലവിൽ കൊച്ചി നഗരത്തിലെ വിപണികളിൽ മത്തി കിലോയ്ക്ക് 480 രൂപ വരെ ഉയർന്നു. വില വർധനവിനൊപ്പം ലഭ്യതയിലും വൻ കുറവാണ് അനുഭവപ്പെടുന്നത്.

മറ്റ് ഇനം മീനുകളുടെയും വില കുത്തനെ ഉയർന്നിട്ടുണ്ട്. കിളിമീന് കിലോയ്ക്ക് 580 രൂപയും നത്തോലി (കൊഴുവ)യ്ക്ക് 380 രൂപയുമാണ് നിലവിലെ വില. ആവോലി ചില വിപണികളിൽ കിലോയ്ക്ക് ആയിരം രൂപ വരെ എത്തിയതായും വ്യാപാരികൾ പറയുന്നു.

എറണാകുളം ജില്ലയിലെ വൈപ്പിനിലാണ് താരതമ്യേന കുറഞ്ഞ വിലയ്ക്ക് മീൻ ലഭിക്കുന്നത്. എന്നാൽ അവിടെ നിന്ന് നഗരമേഖലകളിലെ വിപണികളിലേയ്ക്ക് എത്തുമ്പോഴേയ്ക്കും വില ഇരട്ടിയോളമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

കൊച്ചി നഗരത്തിലെ നിലവിലെ മീൻവില (കിലോയ്ക്ക്):

മത്തി – 480 രൂപ

കേര – 580 മുതൽ 600 രൂപ വരെ

അയല – 580 രൂപ (വലുപ്പത്തിനനുസരിച്ച് വില വ്യത്യാസപ്പെടും)

ചെമ്മീൻ– 580 മുതൽ 660 രൂപ വരെ

കൊഴുവ (നത്തോലി)** – 380 രൂപ

പൂമീൻ– 480 രൂപ

കിളിമീൻ – 580 രൂപ

ട്രോളിങ് നിരോധനം അവസാനിക്കുന്നതുവരെ വിലയിൽ കാര്യമായ കുറവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് മത്സ്യവ്യാപാരികൾ പറയുന്നത്. വിലക്കയറ്റം സാധാരണ ഉപഭോക്താക്കളെയും മത്സ്യപ്രേമികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Fish prices in Kerala have sharply increased following the commencement of the trawling ban. This surge in prices, particularly for popular varieties like matthi, is attributed to reduced availability and increased demand.