gogu

എൻട്രൻസ് കോച്ചിങ് മേഖലയിലേയ്ക്ക് ചുവടുവെച്ച് ഗോകുലം ഗ്രൂപ്പ്. വിദ്യാർഥികൾക്ക് മത്സര പരീക്ഷകൾക്കായുള്ള പരിശീലനം നൽകുന്ന ‘ഫ്യൂച്ചർ’ എന്ന സ്ഥാപനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.

നീറ്റ്, ജെ ഇ ഇ ഉൾപ്പെടെയുള്ള ദേശീയതല മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് മികച്ച നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുകയെന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും കുറഞ്ഞ ഫീസിൽ രാജ്യത്തെ മികച്ച അധ്യാപകരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഗോകുലം ഗോപാലൻ പറഞ്ഞു. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ കൂടുതൽ വിദ്യാർഥികളെ മത്സര പരീക്ഷകളിൽ വിജയത്തിലെത്തിക്കാൻ സ്ഥാപനത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഓറിയന്റേഷൻ പരിപാടിയും സംഘടിപ്പിച്ചു. മത്സര പരീക്ഷകളുടെ സാധ്യതകൾ, പഠനരീതികൾ, വിജയത്തിനാവശ്യമായ തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു.

നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു. വിദ്യാർഥികളുടെ അക്കാദമിക് മികവും മത്സര പരീക്ഷകളിലെ വിജയവും ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്ന് സ്ഥാപന അധികൃതർ അറിയിച്ചു.

ENGLISH SUMMARY:

Gokulam Group has stepped into the entrance coaching sector with the inauguration of 'Future', a new institution dedicated to preparing students for competitive exams. This venture aims to provide high-quality training for national-level tests like NEET and JEE at affordable fees, leveraging the expertise of top educators.