cusat

TOPICS COVERED

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തിയ ബിടെക്, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷകളിൽ ചരിത്രവിജയം കുറിച്ച് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ. ബിടെക് പ്രവേശന പരീക്ഷയിലെ ആദ്യ 10 റാങ്കുകളും വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ ഒന്നാം റാങ്കുകളും ബ്രില്ല്യന്റിലെ വിദ്യാർഥികൾ സ്വന്തമാക്കി.

കുസാറ്റ് ബിടെക് പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടിയത് ആലപ്പുഴ ആര്യനാട് സ്വദേശി അഭിനവ് അരുണാണ്. സെയിൽസ് മാനേജരായ അരുൺ ഗോപിനാഥിന്റെയും സരിത സതീഷിന്റെയും മകനായ അഭിനവ് മികച്ച പ്രകടനത്തിലൂടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

രണ്ടാം റാങ്ക് നേടിയ നിവേദ് വേണുഗോപാൽ പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിയ വിദ്യാർഥിയാണ്. മൂന്നാം റാങ്ക് നേടിയ ആൽഫ്രഡ് ജെൻസൺ മാന്നാനം കെ.ഇ. സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനം നടത്തി. ഗോവിന്ദ് വിനോദ് നാലാം റാങ്കും ഗണേഷ് കുമാർ അഞ്ചാം റാങ്കും നേടി.

ജോസഫ് ജൂഡ് നോബിൾ, ഫെലിക്സ് പി. മനോജ്, എൽജിൻ തമ്പി, ഫായിസ് നഫ്സൽ, ഫാദി ഇഷാൻ എന്നിവർ യഥാക്രമം ആറു മുതൽ പത്ത് വരെയുള്ള റാങ്കുകൾ നേടി. ആദ്യ 20 റാങ്കുകളിൽ 19 എണ്ണവും, ആദ്യ 50 റാങ്കുകളിൽ 41 എണ്ണവും, ആദ്യ 100 റാങ്കുകളിൽ 85 എണ്ണവും ബ്രില്ല്യന്റ് വിദ്യാർഥികൾ സ്വന്തമാക്കിയതും ശ്രദ്ധേയമായി.

ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷകളിലും ബ്രില്ല്യന്റ് വിദ്യാർഥികൾ മികവ് തെളിയിച്ചു. ഇന്റഗ്രേറ്റഡ് ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നിവേദ് വേണുഗോപാലും, ഇന്റഗ്രേറ്റഡ് കെമിസ്ട്രി പരീക്ഷയിൽ എസ്. നിരഞ്ജനും ഒന്നാം റാങ്ക് നേടി.

ഇന്റഗ്രേറ്റഡ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോട്ടോണിക്സ് പരീക്ഷകളിൽ ലിസാ മരിയ മനോജും, ബയോളജിക്കൽ സയൻസ് പരീക്ഷയിൽ ആർ.എസ്. ശ്രേയ രാജും ഒന്നാം റാങ്ക് കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർഥികളെ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാർ അനുമോദിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആത്മാർഥമായ സഹകരണമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും ഡയറക്ടർമാർ പറഞ്ഞു.

ENGLISH SUMMARY:

Brilliant Study Center students achieved historic success in the KUSAT B.Tech and Integrated PG entrance exams, securing all top 10 ranks in B.Tech and first ranks in various integrated PG courses. This remarkable achievement highlights the dedication of the students and the effective coaching provided by Brilliant Study Center.