Ai Generated Image
ക്വിക് കൊമേഴ്സ് സംരംഭമായ സെപ്റ്റോ ഓഹരി വിപണിയിലേക്ക്. പ്രാരംഭ ഓഹരി വിൽപനയ്ക്കായി വിപണി നിയന്ത്രണ അതോറിറ്റിയായ സെബിക്ക് പുതുക്കിയ കരട് രേഖകൾ സമർപ്പിച്ചു. 8,010 കോടി രൂപയുടെ പുതിയ ഓഹരികൾ പുറത്തിറക്കാനാണ് സെപ്റ്റോയുടെ നീക്കം. കൂടാതെ നിലവിലെ ഓഹരിയുടമകൾ 11.35 കോടി ഓഹരികള്‍ ഓഫർ ഫോർ സെയിലിലൂടെ വിറ്റഴിക്കും.
ഐപിഒയിലൂടെ 11,000 കോടി രൂപ സമാഹരിക്കാനാണ് സെപ്റ്റോ ലക്ഷ്യമിടുന്നത്. വിപണി സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അടുത്തമാസം ഐപിഒ നടത്താനാണ് സെപ്റ്റോയുടെ ലക്ഷ്യം. അതോടെ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ കമ്പനികൾക്കൊപ്പം സെപ്റ്റോയും ഓഹരി വിപണിയിൽ ഇടംപിടിക്കും. സൊമാറ്റോയുടോയും സ്വിഗ്ഗിയുടേയും ക്വിക് കൊമേഴ്സ് വിഭാഗങ്ങളായ ബ്ലിൻകിറ്റ്, ഇൻസ്റ്റാമാർട്ട് എന്നിവയുമായി സെപ്റ്റോ നേരിട്ട് മത്സരിക്കും.
പുതിയ നഗരങ്ങളിലേക്ക് ഡാർക്ക് സ്റ്റോർ ശൃംഖല വ്യാപിപ്പിക്കുക, നിലവിലുള്ള നഗരങ്ങളിലെ ഡാര്‍ക്ക് സ്റ്റോറുകള്‍ വികസിപ്പിക്കുക, പരസ്യങ്ങളിലൂടെ കമ്പനിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പണം സമാഹരിക്കുന്നത്. നിലവില്‍ 1,139 ഡാര്‍ക് സ്റ്റോറുകള്‍ ആണ് കമ്പനിക്കുള്ളത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ 10 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്ന മാതൃക അതിവേഗം വികസിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു. അതിവേഗ ഡെലിവറികൾക്ക് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത വർധിക്കുന്നതിനനുസരിച്ച് ഇന്ത്യയിലെ ക്വിക് കൊമേഴ്സ് മേഖല അതിവേഗം വികസിക്കുന്ന സമയത്താണ് ഈ ഓഹരി വിൽപന.
ഐപിഒയ്ക്ക് തയാറെടുക്കുമ്പോഴും സെപ്റ്റോയുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം ഇരട്ടിയായിട്ടും നഷ്ടം കുമിഞ്ഞുകൂടുകയാണ്. 2025-26 സാമ്പത്തിക വർഷത്തിലെ സെപ്റ്റോയുടെ നഷ്ടം 5,905.19 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷം ഇത് 4,699.71 കോടി രൂപയായിരുന്നു. വാർഷിക നഷ്ടം വർധിച്ചെങ്കിലും, കമ്പനിയുടെ പ്രവർത്തന വരുമാനം ഇരട്ടിയിലേറെയായി. 2025-26 സാമ്പത്തിക വർഷത്തിൽ വരുമാനം 22,623.58 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 11,109.94 കോടി രൂപയായിരുന്നു.
64 കോടി ഓർഡറുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റോ കൈകാര്യം ചെയ്തത്. ഇത് പ്രതിദിനം ശരാശരി 17 ലക്ഷത്തിലധികം ഓർഡറുകൾക്ക് തുല്യമാണ്. 2026 മാർച്ച് 31ലെ കണക്കനുസരിച്ച്, കമ്പനിയുടെ വാർഷിക ഉപയോക്താക്കളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധിച്ച് 4.79 കോടിയായി. ഐപിഒയ്ക്ക് തയാറെടുക്കുന്നതിനിടെ സെപ്റ്റോയുടെ സ്ഥാപകരായ ആദിത് പാലിച്ചയ്ക്കും കൈവല്യ വോഹ്‌റയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത് സ്ഥാപനത്തിന് തിരിച്ചടിയായി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഈ വർഷം ഏപ്രിലിലാണ് ഇ.ഡി ഇരുവർക്കും സമൻസ് അയച്ചത്.
കമ്പനിയുടെ വിദേശനിക്ഷേപം, സാമ്പത്തിക ഇടപാടുകൾ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ഹാജരാക്കാനായിരുന്നു നിർദേശം. സമൻസിനെ തുടർന്ന് കൈവല്യ വോഹ്‌റ 2026 ഏപ്രിൽ 17, 22 തീയതികളിലും ആദിത് പാലിച്ച ഏപ്രിൽ 20, മേയ് 15 തീയതികളിലും ഇ.ഡിക്ക് മുൻപാകെ ഹാജരായതായി സെപ്റ്റോ വ്യക്തമാക്കി. വിവരങ്ങൾ സമർപ്പിച്ചതിന് ശേഷം ഇ.ഡിയിൽ നിന്ന് മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്പനി പറയുന്നു. എന്നാൽ, ഭാവിയിൽ കൂടുതൽ അന്വേഷണങ്ങളോ നിയമനടപടികളോ പിഴയോ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാനാവില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.