നിര്‍മിത ബുദ്ധിയുടെ കാലമായാലും ലാഭം കൂട്ടാന്‍ തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എ.വി. അനൂപ്. പല മേഖലകളിലും എഐ ബദല്‍ ഇന്ന് സാധ്യമാണ്. പലതിലും എഐ സഹായകമാകുന്നു എന്നാല്‍ എല്ലാറ്റിലും എപ്പോളും മനുഷ്യന്‍റെ ഒരു കയ്യൊപ്പ് വേണമെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ നിര്‍മ്മിത ബുദ്ധി vs ബിസിനസ് ബുദ്ധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ രംഗത്ത് മനുഷ്യന്‍റെ ഇടപെടലുകള്‍ക്ക് നിര്‍മ്മിത ബുദ്ധി ബദലാകുന്ന ഇക്കാലത്ത് ലാഭം കൂട്ടാന്‍ തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു അനൂപ്. ഈ സമാന അവസ്ഥ മുന്‍പും ഉണ്ടായിട്ടുണ്ട്. കംപ്യൂട്ടറൈസേഷന്‍ വന്ന സമയത്ത് പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. എന്നാല്‍ മനുഷ്യന്‍റെ ഇടപെടല്‍ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. എഐ കാലത്തും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാതിരിക്കാനും ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടാതിരിക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത പത്ത് വര്‍ഷത്തിനിടയ്ക്ക് ഒരാള്‍ക്ക് ഒറ്റയ്ക്ക് തന്നെ ഒരു കമ്പനിയാകാനും ലാഭമുണ്ടാക്കാനും കഴിയുമെന്ന് പറഞ്ഞ് കേള്‍ക്കുന്നു. എന്നാല്‍ ആ വഴി തിരഞ്ഞെടുക്കില്ല. ബിസിനസ് കാശുണ്ടാക്കാന്‍  മാത്രമല്ല, വിഷമകരമായ സന്ദര്‍ഭങ്ങള്‍ അതിജീവിക്കണം, അഭിമുഖീകരിക്കണം, സന്തോഷം ഉണ്ട‍ായാല്‍ പങ്കിടണം. അതിന് ചുറ്റും ആളുകള്‍ വേണം. ഉണ്ടാകുന്ന ലാഭം മറ്റുള്ളവര്‍ക്കും സഹായകമാകണമെന്നും അദ്ദേഹം പറയുന്നു. ഭാവി എഐ തന്നെയാണ് ഉറപ്പിക്കുമ്പോഴും എപ്പോളും ഒരു മാനുഷിക കയ്യൊപ്പ് വേണമെന്നും തലച്ചോറു കൂടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ‌

ENGLISH SUMMARY:

Even in the age of Artificial Intelligence (AI), workers will not be laid off just to increase profits, said A.V. Anoop, Managing Director of the AVA Group. While AI has become an alternative in many sectors and is helpful in several areas, he believes that there must always be a human touch. He was speaking at the Manorama News Conclave on the topic Artificial Intelligence vs Business Intelligence.