ratan-tatas-final-journey-an-emotional-shantanu-naidu-leads-his-hearse-on-a-bike

ഉപ്പ് തൊട്ട് വിമാനം വരെ നീളുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിട്ടാണ് രത്തന്‍ ടാറ്റ എന്ന ഇതിഹാസം വിടവാങ്ങിയത്. രത്തൻ ടാറ്റയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിക്കുകയാണ് രാജ്യം. പക്ഷെ ഇതിനിടെയിലും സോഷ്യല്‍ ലോകം തിരയുന്നത് ശാന്തനു എന്ന ചെറുപ്പക്കാരനെയാണ്. 

ടാറ്റ ട്രസ്റ്റിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ മാനേജര്‍ രത്തന്‍ ടാറ്റയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റായിരുന്നു മുപ്പതുകാരനായ ശാന്തനു നായിഡു. പ്രായത്തിന്‍റെ അതിർവരമ്പുകൾ കടന്നുള്ള സൗഹൃദമായിരുന്നു ഇരുവരം തമ്മില്‍.

'ഈ സൗഹൃദം എന്നില്‍ അവശേഷിപ്പിച്ച വിടവ് നികത്താന്‍ എന്‍റെ ജീവിതകാലം മുഴുവന്‍ വേണ്ടിവരും. സ്‌നേഹത്തിന് നല്‍കുന്ന വിലയാണ് ദുഃഖം. എന്‍റെ പ്രിയപ്പെട്ട വഴി വിളക്കിന് വിട.' രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ശാന്തനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

രത്തൻ ടാറ്റയ്ക്ക് ആദരം ആര്‍പ്പിച്ച് നിരവധി ആളുകള്‍ എത്തുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെയിലാണ് വെള്ള രത്തന്‍ ടാറ്റയുടെ മൃതദേഹം വഹിച്ചുവരുന്ന ആംബുലൻസിന് പിന്നില്‍ ബൈക്കില്‍ പോകുന്ന ശന്തനുവിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

പുണെയില്‍ ജനിച്ചുവളര്‍ന്ന ശാന്തനു നായിഡു പുനെയിലെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദവും കോര്‍ണല്‍ ജോണ്‍സണന്‍ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്നും എംബിഎയും നേടിയിട്ടുണ്ട്.

ടാറ്റ എല്‍ക്‌സിയില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറായാണ് ശാന്തനു നായിഡുവിന്‍റെ  തുടക്കം. അക്കാലത്ത് ഒരു എന്‍.ജി.ഒയുടെ ഭാഗമായി ശാന്തനു പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടയിൽ റോഡിൽ വാഹനങ്ങളുടെ അമിതവേഗത കാരണം നായകൾ അപകടത്തിൽപ്പെടുന്നത് കാണാൻ ഇടയായി. വെളിച്ചമില്ലാത്ത കാരണം റോഡിൽ നായകളെ ഡ്രൈവർമാർ കാണാൻ ബുദ്ധിമുട്ട് നേരിടുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഡ്രൈവർമാർക്ക് ദൂരെ നിന്ന് നായ്ക്കളെ കാണാൻ സഹായിക്കുന്ന റിഫ്ളക്റ്റീവ് കോളര്‍ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു. 

ഇത് വിശദമാക്കി രത്തന്‍ ടാറ്റയ്ക്ക് കത്തെഴുതുകയും ചെയ്തു. ഇത് വലിയൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു. അദ്ദേഹം നായിഡുവിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ആ കൂടിക്കാഴ്ചയാണ് ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തുടക്കമിട്ടത്. തന്‍റെ ജനറല്‍ മാനേജരായി ശാന്തനുവിനെ നിയമിച്ചതിനൊപ്പം തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള ശാന്തനുവിന്‍റെ പദ്ധതിയില്‍ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ഈ സൗഹൃദം വളര്‍ന്നു. വിവാഹം കഴിച്ചിട്ടില്ലെങ്കിലും രത്തൻ ടാറ്റ ശന്തനുവിനെ തന്റെ മകനെ പോലെ പരിഗണിച്ചു.

ENGLISH SUMMARY:

Ratan Tata's final journey: An emotional Shantanu Naidu leads his hearse on a bike