ഓഹരി വിപണിക്ക് കനത്ത തിരിച്ചടിയായി സൂചികകൾ ഒരു ശതമാനത്തിന് മുകളിൽ ഇടിഞ്ഞു. സെൻസെക്സ് 1,272 പോയിന്റ് നഷ്ടത്തിൽ 84,299.78 ലും നിഫ്റ്റി 356 പോയിന്റ് ഇടിഞ്ഞ് 25,822.25 ലും ക്ലോസ് ചെയ്തു. ഐടി, ഫിനാൻഷ്യൽ ഓഹരികളിലുണ്ടായ ഇടിവാണ് വിപണിയെ ചുവപ്പിച്ചത്. ഇതോടെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 477.9 ലക്ഷം കോടി രൂപയിൽ നിന്ന് 3.5 ലക്ഷം കോടി രൂപ ഇടിഞ്ഞ് 474.4 ലക്ഷം കോടിയായി.
സെൻസെക്സ് വെയ്റ്റേജിൽ മുൻനിരയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയിലെ ഇടിവ് സെൻസെക്സിൽ 535 പോയിന്റിന്റെ നഷ്ടമുണ്ടാക്കി. ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ടാറ്റ കൺസൾട്ടൻസി സർവീസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ് എന്നിവയും ഇടിവിലാണ്.
സെക്ടർ സൂചികകളായ നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, ഐടി, മീഡിയ, റിലയിറ്റി, ഹെൽത്ത്കെയർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 1.60 ശതമാനം ഇടിഞ്ഞു. ചൈനയിലെ സാമ്പത്തിക പാക്കേജിന്റെ ഉത്തേജനത്തിൽ മെറ്റൽ ഓഹരികൾ കുതിക്കുകയാണ്. നിഫ്റ്റി മെറ്റൽ സൂചിക 1.50 ശതമാനം നേട്ടമുണ്ടാക്കി. എൻഎംഡിസി, ഹിൻഡാൽകോ, സെയിൽ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ.
ജെഎസ്ഡബ്ലു സ്റ്റീൽ, എൻടിപിസി, ബിപിസിഎൽ, സിപ്ല, സൺ ഫാർമ, വേദാന്ത തുടങ്ങിയ 300 ഓഹരികൾ ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി.
ഇടിവിന് കാരണം
ചൈനീസ് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക നടപടികളെ തുടർന്ന് വിദേശ നിക്ഷേപകർ ചൈനീസ് വിപണിയിലേക്ക് നീങ്ങുന്നതാണ് ഇന്ത്യൻ വിപണിയിലെ തകർച്ചയ്ക്ക് ഒരു കാരണം. ഷാങ്ഹായ് കോമ്പോസിറ്റ് 4.4 ശതമാനം ഉയർന്നു. കഴിഞ്ഞ ആഴ്ച 13 ശതമാനം മുന്നേറ്റമുണ്ടാക്കിയതിൻറെ തുടർച്ചയാണിത്. ഭവനവായ്പ നിരക്കുകൾ കുറയ്ക്കാനുള്ള ചൈനീസ് സെൻട്രൽ ബാങ്ക് തീരുമാനം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ഓഹരി വിറ്റഴിക്കുന്നു എന്നാണ് മറ്റൊരു കണക്ക്. സെപ്റ്റംബർ 27 ന് 1,209 കോടി രൂപയുടെ ഓഹരികളാണ് വിദേശികൾ വിറ്റഴിച്ചത്. എന്നാൽ സെപ്റ്റംബറിലെ ആകെ നിക്ഷേപമൂല്യം 57,000 കോടിക്ക് മുകളിലാണെന്നത് വിപണിക്ക് ആശ്വാസമാണ്. വിദേശ നിക്ഷേപകരുടെ വിൽപ്പന തുടർന്നാലും ഇന്ത്യൻ വിപണിയെ കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. മ്യൂച്വൽ ഫണ്ടുകളിലുള്ള വലിയ നിക്ഷേപം ഈ വിൽപ്പനയെ മറികടക്കുമെന്നാണ് വിലയിരുത്തൽ.
മധ്യേഷ്യയിൽ ഉടനീളമുള്ള ഇസ്രയേൽ ആക്രമണം വിപണികളിലും പ്രതിഫലിച്ചു. എണ്ണ വിതരണത്തിലും വില വർധനവിലുമുള്ള ആശങ്ക ഇന്ത്യൻ വിപണിയെ ബാധിച്ചു.