ബജാജ് ഹൗസിങ് ഫിനാന്‍സ് ഐപിഒയ്ക്ക് മികച്ച പ്രതികരണം. ഐപിഒയ്ക്ക് അപേക്ഷിക്കാവുന്ന അവസാന ദിവസം 63.54 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 3 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ അപേക്ഷകളാണ് ഐപിഒയ്ക്ക് ലഭിച്ചത്. 6,560 കോടി രൂപയുടെ പബ്ലിക്ക് ഇഷ്യുവിന് 3 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ അപേക്ഷകളെത്തി. ആദ്യമായാണ് ഒരു ഐപിഒയ്ക്ക് 3 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ അപേക്ഷകളെത്തുന്നത്.
മുന്‍പ് കോള്‍ ഇന്ത്യയുടെ ഐപിഒയ്ക്കും മുന്ദ്ര പോര്‍ട്ടിന്‍റെ ഐപിഒയ്ക്കുമാണ് 2 ലക്ഷം കോടിരൂപയ്ക്ക് മുകളില്‍ സബ്സ്ക്രിപ്ഷന്‍ ലഭിച്ചത്. 72.75 കോടി ഓഹരികള്‍ വിറ്റഴിക്കുന്നിടത്ത് 4,622 കോടി ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് എത്തിയത്. കേരളത്തില്‍ നിന്നുള്ള ടയര്‍ കമ്പനിയായ ടോളിന്‍സ് ടയേഴ്സിന്‍റെ ഐപിഒയ്ക്കും മികച്ച സ്വീകാര്യത ലഭിച്ചു. 23.61 മടങ്ങാണ് ഐപിഒ സബ്സ്ക്രബ് ചെയ്യപ്പെട്ടത്. 74 ലക്ഷം ഓഹരികള്‍ വിറ്റഴിക്കുന്ന ഐപിഒയ്ക്ക് 17 കോടി ഓഹരികള്‍ക്കുള്ള അപേക്ഷയാണ് ലഭിച്ചത്.
50.86 കോടി പുതിയ ഓഹരികള്‍ വിറ്റഴിച്ച് 3,560 കോടി രൂപ സമാഹരിക്കുന്നതാണ് ബജാജ് ഹൗസിങ് ഫിനാന്‍സിന്‍റെ ഐപിഒ. പ്രമോട്ടര്‍മാര്‍ 42.86 കോടി ഓഹരികള്‍ വിറ്റഴിക്കും. ഇതുവഴി 3,000 കോടി രൂപയാണ് സമാഹരിക്കുന്നത്. 66-70 രൂപയായിരുന്നു ഐപിഒ പ്രൈസ് ബാന്‍ഡ്. 214 ഓഹരികള്‍ അടങ്ങുന്ന മിനിമം ലോട്ടിന് അപേക്ഷിക്കാന്‍ 14,980 രൂപയായിരുന്നു ആവശ്യം. തിങ്കളാഴ്ച ആരംഭിച്ച ഐപിഒ സബ്സ്ക്രിപ്ഷന്‍ ഇന്നത്തോടെ അവസാനിച്ചു.
സെപ്റ്റംബര്‍ 16 ന് ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസിറ്റിങ് നേട്ടം ഉണ്ടാകുമോ എന്നതാണ് അപേക്ഷിച്ചവര്‍ ഉറ്റുനോക്കുന്നത്. ഗ്രേമാര്‍ക്കറ്റില്‍ 104.29 ശതമാനം പ്രീമിയത്തിലാണ് ബജാജ് ഹൗസിങ് ഫിനാന്‍സ് ഓഹരികള്‍ വ്യാപാരം ചെയ്യുന്നത് എന്നതിനാല്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷയുണ്ട്. അതായത്, അപ്പര്‍ പ്രൈസ് ബാന്‍ഡായ 70 രൂപയില്‍ നിന്ന് 104 ശതമാനം നേട്ടത്തോടെ ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം 145 രൂപയില്‍ ഓഹരി ലിസ്റ്റ് ചെയ്തേക്കാം.
പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് ഓഹരി ഇടപാടുകള്‍ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാര്‍ക്കറ്റ്.