hindenbur-bse

ഹിഡന്‍ബര്‍ഗിന്‍റെ ആരോപണങ്ങള്‍ക്കു പിന്നാലെ നഷ്ടത്തില്‍ ആരംഭിച്ച ഓഹരി വിപണി തിരിച്ചു കയറി. സെന്‍സെക്സ് മുന്നൂറ്റിയെഴുപതും നിഫ്റ്റി തൊണ്ണൂറും പോയിന്‍റ് നേട്ടത്തില്‍ വ്യാപാരം നടക്കുന്നു. അതേസമയം അദാനി കമ്പനികളുടെ ഓഹരികളില്‍ ഇടിവ് തുടരുകയാണ്. ഏഴര ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.‌

 

ഹിന്‍ഡന്‍ബര്‍ഗ് ഇഫക്ടില്‍ വന്‍ തകര്‍ച്ച ഭയന്ന നിക്ഷേപകര്‍ക്ക് നേരിയ ആശ്വാസമാണ്. കഴിഞ്ഞ ജനുവരിയില്‍ പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ട് ഉണ്ടാക്കിയ ഇടിവ് അദാനി ഗ്രൂപ്പിനും ഇത്തവണ ഉണ്ടായില്ല. എങ്കിലും അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ ഏഴര ശതമാനം വരെ നഷ്ടം നേരിട്ടു. അദാനി ടോട്ടല്‍ ഗ്യാസും അദാനി പവറുമാണ് കൂടുതല്‍ ഇടിഞ്ഞത്. ആകെ 53,000 കോടി രൂപയുടെ നഷ്ടം. എല്‍ഐസി, എസ്ബിഐ തുടങ്ങിയ ഓഹരികളെയും നഷ്ടം ബാധിച്ചു. തുടത്തില്‍ സെന്‍സെക്സ് 339ഉം നിഫ്റ്റി 106ഉം പോയിന്‍റ് താഴ്ന്ന് വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് രണ്ടര മണിക്കൂറിന് ശേഷം വിപണി നേട്ടത്തിലേക്ക് നീങ്ങിയത് ആശ്വസമായി. 

അതേസമയം, സെബി മേധാവിയെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ് രംഗത്തെത്തി. ബര്‍മുഡയിലും മൗറീഷ്യസിലും നിക്ഷേപമുണ്ടെന്ന് മാധബി ബുച്ച് സമ്മതിച്ചു. അദാനി ഗ്രൂപ്പില്‍ ഡയറക്ടറായിരുന്ന തന്‍റെ ഭര്‍ത്താവിന്‍റെ ബാല്യകാല സൃഹൃത്ത് അനില്‍ അഹൂജയാണ് നിക്ഷേപം നടത്തിയതെന്നും സ്ഥിരീകരിക്കുന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിക്ഷേപങ്ങളുടെ വിവരം പുറത്തുവിടാന്‍ ഇവര്‍ തയാറുണ്ടോ എന്നും ഹിന്‍ഡന്‍ബര്‍ഗ് ചോദ്യമുന്നയിച്ചു. ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും സെബി മേധാവിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ആരോപണങ്ങള്‍‌ എല്ലാം തള്ളുമ്പോളും സുതാര്യമായ അന്വേഷണത്തില്‍ നിന്ന് ഇനിയും മാറിനില്‍ക്കാന്‍ കേന്ദ്രത്തിനോ സെബിക്കോ ആവില്ലെന്ന് വ്യക്തം.   

ENGLISH SUMMARY:

After Hidenburg's allegations, the stock market started trading at a loss. Sensex fell by 330 points and Nifty by 106 points.