Modi-stocks

മോദി സർക്കാർ മൂന്നാവട്ടവും അധികാരത്തിലേറാൻ ഒരുങ്ങവെ ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ട് മോദി സ്റ്റോക്സ്. അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ പട്ടികപ്പെടുത്തിയ 54 മോദി ഓഹരികളിൽ എട്ടെണ്ണം മാത്രമാണ് എക്സിറ്റ് പോളിന് മുൻപുള്ള വില നിലവാരത്തിലേക്ക് എത്തിയത്. വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിയും നഷ്ടം തിരിച്ചുപിടിച്ചതിനിടെയാണ് മോദി ഓഹരികൾ ഇഴയുന്നത്. സെൻസെക്സ് 76,693 ലും നിഫ്റ്റി 23,290 ലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പച്ചത്. എക്സിറ്റ് പോളിന് മുൻപ് 73,961, 22,530 എന്നിങ്ങനെയായിരുന്നു സൂചികകളുടെ ക്ലോസിങ്. ഇതോടെ ജൂൺ നാലിന് നേരിട്ട നഷ്ടവും വിപണി തിരിച്ചു പിടിച്ചു.

എക്സിറ്റ് പോളുകൾ ബിജെപിക്കും എൻഡിഎയ്ക്കും വലിയ വിജയം പ്രവചിച്ചതിന് പിന്നാലെ ശരാശരി 6 ശതമാനമാണ് മോദി ഓഹരികൾ കുതിച്ചത്. എന്നാൽ നാലാം തീയതി, വിപണി വലിയ തകർച്ച നേരിട്ട സമയത്ത് ശരാശരി 13 ശതമാനമാണ് മോദി ഓഹരികളുടെ ഇടിവ്. ഇതിൽ എട്ടെണ്ണം മാത്രമാണ് തിരിച്ചുവരവ് നടത്തിയത്. ഏഴെണ്ണം മേയ് 31 നുള്ള വിലയേക്കാൾ 10 ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. പൊതുമേഖലാ ഓഹരികളായ ആർഇസി, പവർ ഫിനാൻസ് കോർപ്പറേഷൻ എന്നിവയും അദാനി പോർട്സ്, അദാനി എന്റർപ്രൈസ് എന്നിവയാണ് വലിയ നഷ്ടത്തിൽ തുടരുന്നത്.  

എന്താണ് മോദി ഓഹരികൾ 

നരേന്ദ്രമോദി സർക്കാറിന്റെ നയങ്ങൾ വഴി മികച്ച നേട്ടമുണ്ടാക്കുന്ന കമ്പനികളുടെ ഓഹരികൾക്കാണ് 'മോദി സ്റ്റോക്സ്' എന്ന ബ്രാൻഡിങ് ലഭിച്ചത്. ആ​ഗോള നിക്ഷേപ സ്ഥാപനമായ സിഎൽഎസ്എ 54 പൊതുമേഖലാ, സ്വകാര്യ കമ്പനി ഓഹരികളെ മോ​ദി സ്റ്റോക്കുകളായി പട്ടികപ്പെടുത്തി. പവർ ഫിനാൻസ് കോർപ്പറേഷൻ, ആർഇസി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് ലിമിറ്റഡ്, സെയിൽ, ബിപിസിഎൽ, എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി എന്റർപ്രൈസ്, അദാനി പോർട്Dസ് ആൻ സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിങ്ങനെ 54 ഓഹരികൾക്കാണ് ഈ വിശേഷണം. 

നിഫ്റ്റിയുടെ തിരിച്ചു വരവ്

തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ഇന്ത്യൻ ഓഹരിവിപണി സൂചികകൾ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം 6.6 ശതമാനം ഇടിഞ്ഞ സൂചികകൾ മൂന്ന് ദിവസം കൊണ്ട് 6.4 ശതമാനം മുന്നേറി. സെൻസെക്സിലെ 30 ഓഹരികളിൽ 23 എണ്ണവും നിലവിൽ എക്സിറ്റ് പോളിനേക്കാൾ ഉയർന്ന നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ 50 ഓഹരികളിൽ 36 എണ്ണവും നഷ്ടം നികത്തി. 

ENGLISH SUMMARY:

Only Eight Modi Stocks Recoverd From Pre Exit Poll Level From June 4 th Crash; Sensex And Nifty Recovered