റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാള്‍ട്ട് ഡിസ്നി കമ്പനിയും ഇന്ത്യയില്‍ ഇനി ഒന്നിച്ച് പ്രവര്‍ത്തിക്കും. റിലയൻസിന്‍റെ മാധ്യമവിഭാഗമായ വയാകോം 18 ഉം വാൾട്ട് ഡിസ്നിയുടെ ബിസിനസ് വിഭാഗമായ സ്റ്റാർ ഇന്ത്യയും തമ്മിൽ ലയനകരാറിൽ ഒപ്പുവച്ചു. ഇതോടെ വയാകോം 18 സ്റ്റാർ ഇന്ത്യയിൽ ലയിക്കും. ഡിസ്‌നി കണ്ടന്റുകളുടെ ലൈസന്‍സ് സംയുക്തസംരംഭത്തിനു കൈമാറും.
ഏകദേശം 70,353 കോടി രൂപയുടെ മൂല്യമാണ് സംയുക്തസംരംഭത്തിനുള്ളത്. റിലയന്‍സ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തില്‍ നിക്ഷേപിക്കുമെന്നാണ് വിവരം. റിലയന്‍സിന് 63.16 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക.
നിത അംബാനിയായിരിക്കും ചെയര്‍പേഴ്സണ്‍. മുന്‍പ് വാള്‍ട്ട് ഡിസ്‌നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കര്‍ വൈസ് ചെയര്‍പേഴ്സണായും സ്ഥാനമേല്‍ക്കുമെന്നാണ് കമ്പനി പ്രസ്ഥാവനയിലൂടെ അറിയിച്ചിരിക്കുന്നത്. നിലവില്‍ വയാകോം18 ബോര്‍ഡ് അംഗമാണ് ഉദയ് ശങ്കര്‍. വിനോദ ചാനലുകളായ കളേഴ്‌സ്, സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ് എന്നിവയും സ്‌പോര്‍ട്‌സ് ചാനലുകളായ സ്റ്റാര്‍ സ്പോർട്സ്, സ്‌പോര്‍ട്18 എന്നിവയും ജിയോ സിനിമയും ഹോട്‌സ്റ്റാറും പുതിയ സംയുക്തസംരംഭത്തിനു കീഴിലാവും.
Reliance and Disney announce merger; Nita Ambani to head merged entity