ഇനി എഐ യുഗമാണ്, കൃത്രിമ ബുദ്ധി ഭരിക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ ഇത്രയും ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ലോകത്ത് സമ്പന്നരുടെ ആസ്തി പെരുപ്പിക്കുകയാണ് കൃത്രിമ ബുദ്ധി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഓഹരികളില്‍ ഒരു വര്‍ഷത്തിനിടെയുണ്ടായ മുന്നേറ്റം പുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചു എന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ ആസ്ഥാനമായ ടെക് കമ്പനി 'എന്‍വിഡിയ കോര്‍പ്പറേഷന്‍' മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആമസോണിനെ മറികടക്കുന്നതിലും വിവിധ ടെക് കമ്പനികളുടെ മൂല്യം മടങ്ങുകള്‍ വര്‍ധിക്കുന്നതിനും കാരണമായതും ഇതേ മുന്നേറ്റം തന്നെ.
ആമസോണിനെ കടത്തിവെട്ടിയ മുന്നേറ്റം
എന്‍വിഡിയ കോര്‍പ്പറേഷന്‍റെ സഹ സ്ഥാപകന്‍ ഹെന്‍സെന്‍ ഹുവാങ്ങ് ആണ് എഐയുടെ നേട്ടം കാര്യമായി ലഭിച്ചൊരു കോടീശ്വരന്‍. എഐ അടിസ്ഥാനമായുള്ള ഓഹരികളിലുണ്ടായ കനത്ത റാലിയില്‍ ചിപ്പ് മേക്കിങ് കമ്പനിയായ എന്‍വിഡിയയുടെ മൂല്യം ആമസോണിനെ മറികടന്നു. ഇതേ റാലിയില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിലേക്ക് മറ്റൊരു ശതകോടീശ്വരിയെ കൂടി നല്‍കി. എന്‍വിഡിയയുടെ എതിരാളിയായും സെമികണ്ടക്ടര്‍ നിര്‍മാതാവുമായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസിന്റെ (എഎംഡി) ഓഹരികള്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി. ഇതുവഴി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഹുവാങ്ങിന്‍റെ ബന്ധുവുമായ ലിസ സുവും ശതകോടീശ്വരിയാകുകയായിരുന്നു. ഒരു വര്‍ഷത്തിനിടെ ഓഹരി ഇരട്ടിയായപ്പോള്‍ ലിസയുടെ മൊത്ത ആസ്തി 1.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
പുതിയ ശതകോടീശ്വരന്‍മാര്‍
ശതകോടീശ്വരന്‍മാരുടെ പട്ടിക വര്‍ധിക്കുകയാണ്. സൂപ്പര്‍ മൈക്രോ കംപ്യൂട്ടറിന്‍റെ സഹ സ്ഥാപകന്‍ ചാള്‍സ് ലിങിന്‍റെ ആസ്തി മൂന്നിരട്ടിയായി വര്‍ധിച്ചതിന് പിന്നിലും എഐ ഓഹരികളുടെ ഈ തുടര്‍ച്ചയായ മുന്നേറ്റം തന്നെ. 6.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. 'പലാന്‍തിര്‍ ടെക്നോളജീസ്' സഹ സ്ഥാപനനായ അലക്സ് കാര്‍പിന്‍റെ ആസ്തി 2.8 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് എത്തി. മികച്ച പാദഫലത്തിന് പിന്നാലെ ഓഹരി ഒറ്റ ദിവസം കൊണ്ട് 31 ശതമാനമാണ് മുന്നേറിയത്.
വമ്പന്‍മാര്‍ക്കും നേട്ടം
നേരിട്ട് നിക്ഷേപമില്ലെങ്കിലും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സ്ഥാപകന്‍ മസയോഷി സണ്ണിന്‍റെ ആസ്തി മൂല്യത്തിലും എഐ സ്വാധീനമുണ്ട്. ഒരു വര്‍ഷത്തിനിടെ 3.7 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ് അദ്ദേഹത്തിന്‍റെ ആസ്തിയിലുണ്ടായത്. ചിപ്പ് മേക്കിങ് കമ്പനിയായ എആര്‍എം ഹോള്‍ഡിങ്സിന്‍റെ 90 ശതമാനം ഓഹരികളും സോഫ്റ്റ് ബാങ്കിന്‍റെ കയ്യിലാണ്. എഐ സാധ്യത പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ശുഭവാര്‍ത്ത കാരണം മൂന്ന് സെഷനുള്ളില്‍ ഓഹരി ഇരട്ടിയായി. എഐ വഴി വില്‍പ്പന വരുമാനത്തില്‍ വളര്‍ച്ച കാണുന്നു എന്ന സൂചനായണ് ഓഹരിക്ക് നേട്ടമായത്.
എസ് ആന്‍ഡ് പി സൂചികയില്‍ എന്‍വിഡിയ കഴിഞ്ഞാല്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മെറ്റ പ്ലാറ്റ്ഫോമ്സാണ്. ഇതിലൂടെ ഹുനാഗ്, മാര്‍ക് സുക്കര്‍ബെര്‍ഗ് എന്നിവരുടെ മൊത്ത ആസ്തിയും വര്‍ധിച്ചു. ഇതോടൊപ്പം നിരവധി കോടീശ്വരന്‍മാര്‍ക്ക് എഐ ഓഹരികളുടെ റാലിയില്‍ നേട്ടമുണ്ടായിട്ടുണ്ട്. സമ്പന്നരായ 500 പേരില്‍ 30 പേരുടെ കമ്പനികളെങ്കിലും ബ്ലൂംബര്‍ഗ് ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൂചിക ട്രാക്ക് ചെയ്യുന്നുണ്ടെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. ഈ നിക്ഷേപം മൊത്തം ആസ്തി മൂല്യത്തില്‍ 124 ബില്യണ്‍ ഡോളറിന്‍റെ വര്‍ധനവാണ് വരുത്തിയത്. ബ്ലുംബര്‍ഗ് ബില്യണയര്‍ സൂചിക ഈ വര്‍ഷം നേടിയ ആകെ ആസ്തിയുടെ 96 ശതമാനം വരുമിത്.
Artificial Intelligence makes new billionaire by rally in AI related stocks