cess-budget-31

ബജറ്റടുക്കുമ്പോള്‍ നിരന്തരം കേള്‍ക്കുന്ന വാക്കാണ് സെസ്. എന്താണ് സെസ്? എന്തൊക്കെ സെസാണ് രാജ്യത്ത് നിലവിലുള്ളത്? ചില പ്രത്യേക ലക്ഷ്യങ്ങള്‍ അല്ലെങ്കില്‍ ചെലവുകള്‍ നിറവേറ്റുന്നതിനുള്ള പണം സമാഹരിക്കാന്‍ നികുതിക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നികുതിയാണ് സെസ്. 

 

നിലവിലുള്ള പ്രധാന സെസുകള്‍

 

വിദ്യാഭ്യാസ സെസ്: എല്ലാ പൗരന്‍മാര്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സെസാണിത്. 2004-2005 ബജറ്റിലാണ് വിദ്യാഭ്യാസ സെസ് അവതരിപ്പിച്ചത്. ഇപ്പോഴും നാലുശതമാനം വിദ്യാഭ്യാസ സെസ് പിരിക്കുന്നുണ്ട്. എല്ലാ സ്ലാബുകള്‍ക്കും ഇത് ബാധകമാണ്.

ആരോഗ്യ സെസ്:  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസേവനം ഉറപ്പാക്കാനാണ് ആരോഗ്യ സെസ് ഏര്‍പ്പെടുത്തിയത്. 2018 ല്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയാണ് സെസ് പ്രഖ്യാപിച്ചത്. നാലുശതമാനമാണ് ആരോഗ്യ സെസ്.

റോഡ് സെസ് / ഇന്ധന സെസ്: 2018 ലെ ധനകാര്യ നിയമത്തിലെ 109, 110 വകുപ്പുകള്‍ അനുസരിച്ച് ഇറക്കുമതി ചെയ്യുന്ന കാര്യക്ഷമത കൂടിയ ഡീസലിനും, പെട്രോളിനും ഏര്‍പ്പെടുത്തിയ സെസാണിത്. കാറും മറ്റ് ഭാരവാഹനങ്ങളും ഇത് നിര്‍ബന്ധമായും നല്‍കണം. ഇരുചക്ര, മുച്ചക്ര, ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഹൈ സ്പീഡ് ഡീസലിനും പെട്രോളിനും ലീറ്ററിന് ഒരു രൂപ നിരക്കിലാണ് സെസ്. കേരളത്തില്‍ സാമൂഹ്യ സുരക്ഷാ സെസ് എന്നപേരില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സെസ് ഈടാക്കുന്നുണ്ട്.

ജിഎസ്ടി കോംപന്‍സേഷന്‍ സെസ്: ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ നികുതി നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതാണ് ജിഎസ്ടി കോംപന്‍സേഷന്‍ സെസ്. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട മറ്റുചില ഉല്‍പ്പന്നങ്ങള്‍ക്കും മേലാണ് ഈ സെസ് ഈടാക്കുന്നത്.

നിര്‍മാണത്തൊഴിലാളി ക്ഷേമ സെസ്: 1996 ലെ ബില്‍ഡിങ് ആന്‍റ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയല്‍ സെസ് ആക്ടനുസരിച്ചാണ് ഈ സെസ് പിരിക്കുന്നത്. നിര്‍മാണച്ചെലവിന്‍റെ ഒരു ശതമാനം തൊഴില്‍ദാതാവ് സര്‍ക്കാരിലേക്ക് സെസായി നല്‍കണം.

ക്രൂഡ് ഓയില്‍ സെസ്: ആഭ്യന്തരമായി പ്രകൃതി വാതകവും ക്രൂഡ് ഓയിലും ഉല്‍പാദിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സെസാണിത്. ഇന്ധന വ്യവസായത്തിന്‍റെ വികസനത്തിനായി 20 ശതമാനം സെസാണ് നല്‍കേണ്ടത്.

ദേശീയ ദുരന്ത നിവാരണ സെസ്:  പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനുള്ള ഫണ്ടിലേക്കായി സിഗരറ്റ്, പുകയില, പാന്‍ മസാല എന്നിവയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സെസാണിത്. നിരക്ക് 28 ശതമാനം.

 

ജിഎസ്ടി വന്നതോടെ നിര്‍ത്തലാക്കിയ സെസുകള്‍

 

ക്ലീന്‍ എനര്‍ജി സെസ്:  കല്‍ക്കരി, ലിഗ്നൈറ്റ്, പിറ്റ് എന്നിവ ഉല്‍പാദിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയത് 2010ലാണ്. മലിനമാക്കുന്നവര്‍ അതിന്റെ ഉത്തരവാദികളാകണം എന്ന തത്വത്തിലാണ് ഈ സെസ് കൊണ്ടുവന്നത്.

കൃഷി കല്യാണ്‍ സെസ്:  കാര്‍ഷികവൃത്തിയില്‍ കര്‍ഷകന് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. 2016ലാണ് കൃഷി കല്യാണ്‍ സെസ് പ്രാബല്യത്തില്‍ വന്നത്. സേവന നികുതിക്ക് കീഴില്‍ വരുന്ന എല്ലാ സേവനദാതാക്കളും 0.5 ശതമാനം കൃഷി കല്യാണ്‍ സെസ് നല്‍കുന്നുണ്ട്.

സ്വച്ഛ ഭാരത് സെസ്:  ശുചിത്വ ഇന്ത്യയെന്ന ലക്ഷ്യത്തോടെ 2014 ലാണ് സ്വച്ഛ് ഭാരത് സെസ് കൊണ്ടുവന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ധനം സമാഹരിക്കാന്‍ 0.5 ശതമാനം സെസാണ് ഏര്‍പ്പെടുത്തിയത്. ഇതിന് പുറമെ സിമന്റിനേര്‍പ്പെടുത്തിയ സെസും ചിലയിനം ധാതുക്കള്‍ക്കുമേലുള്ള സെസും പുകയില സെസ്, ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമ സെസ്, റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെസ് തുടങ്ങിയവ ഇപ്പോള്‍ പിരിക്കുന്നില്ല.

 

 

What is cess, types of cess and  how it is calculated