lpg-cylinders

പുതിയ എൽപിജി പാചകവാതക കണക്ഷൻ എടുക്കണമെങ്കിൽ ഇനി ചിലവേറും. പുതിയ ഗ്യാസ് കണക്ഷനുള്ള ഡിപ്പോസിറ്റ് നിരക്കിൽ 750 രൂപയുടെ വർധനയാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. പുതിയ ഗാർഹിക സിലിണ്ടർ (14.2കി.ഗ്രാം) കണക്ഷനെടുക്കുമ്പോൾ 1450 രൂപയുണ്ടായിരുന്ന ഡിപ്പോസിറ്റ് നിരക്ക് 2200 രൂപയായി ഉയർത്തി.

51.7 ശതമാനമാണ് നിരക്കു വർധന. ഇതോടെ രണ്ടു ഗാർഹിക സിലിണ്ടറിന് ഡിപ്പോസിറ്റ് നിരക്കായി 4400 രൂപ ഉപഭോക്താവ് നൽകണം. മൊത്തം 1500 രൂപയുടെ വർധന. ഇതിനു പുറമെ, റെഗുലേറ്ററിന് 150 രൂപയുണ്ടായിരുന്നത് 250 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. 5 കി.ഗ്രാം സിലിണ്ടറിന്റെ ഡിപ്പോസിറ്റ് നിരക്കും കൂട്ടി. 

നേരത്തെ 800 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 1150 രൂപ. എന്നാൽ വാണിജ്യ സിലിണ്ടറിന്റെ ഡിപ്പോസിറ്റ് നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ അത് 1700 രൂപയാണ്. സിലിണ്ടർ നഷ്ടപ്പെട്ടാൽ നൽകുന്ന പിഴത്തുകയിലും വർധനയുണ്ട്. നേരത്തെ 2300 രൂപയും ജിഎസ്ടിയും ഉൾപ്പെടെയാണ് നൽകേണ്ടതെങ്കിൽ ഇപ്പോൾ അത് 3300 രൂപയാക്കി ഉയർത്തി. കൂടാതെ ജിഎസ്ടിയും നൽകണം. വ്യാഴാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.