പത്തനംതിട്ട: പെട്രോൾ അടിച്ച് വാഹനം ഓടിക്കണമെങ്കിൽ ‘വലിയ വില’കൊടുക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. വിലവർധന കണ്ട് തലയിൽ കൈവച്ചു ചോദിച്ചുപോവുകയാണ്...‘എങ്ങോട്ടാണീ പോക്ക്’.കീശയിലെ കാശ് ലാഭിക്കാനുള്ള വഴികൾ ആലോചിക്കുന്നവർ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ്. മുൻപ് കാറെടുത്ത് ടൗണിൽ പോയിരുന്നവർ പിന്നീട് സ്കൂട്ടർ മതിയെന്നാക്കി. ഇപ്പോളവർ ഇലക്ട്രിക് സ്കൂട്ടർ എന്ന ആശയത്തിലേക്കാണ് എത്തിയിരിക്കുന്നത്.
പെട്രോൾ - ഡീസൽ വാഹനങ്ങളിൽ നിന്നു മാറി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് കുടുംബ ബജറ്റിനെ എങ്ങനെ ബാലൻസ് ചെയ്യാമെന്നാണ് പലരും ആലോചിക്കുന്നത്. രാജ്യത്തും ഇപ്പോൾ പ്രചാരമേറുന്നത് ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ്. ധാരാളം പേർ ഈ മാറ്റത്തിലേക്ക് എത്തിക്കഴിഞ്ഞു. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം പോകാവുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ജില്ലയിലും ആവശ്യക്കാർ ഏറെയാണ്.
രാജ്യത്ത് ഇപ്പോൾ 400ൽ അധികം കമ്പനികളാണ് ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുന്നത്. കേരളത്തിൽതന്നെ അഞ്ചിൽ അധികം കമ്പനികളുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 54000 മുതൽ 1.2 ലക്ഷം രൂപ വരെയാണ് ശരാശരി വില. കഴിഞ്ഞ ജൂൺ മാസം മുതൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഗവൺമെന്റ് സബ്സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. 25 മുതൽ 47 ശതമാനം വരെയാണ് സബ്സിഡി.
ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് 60 മുതൽ 70 കിലോ മീറ്റർവരെ യാത്ര ചെയ്യാം. വീട്ടിൽ തന്നെ ബാറ്ററിയും ചാർജ് ചെയ്യാം. ലൈസൻസ്, റജിസ്ട്രേഷൻ, ടാക്സ് എന്നിവ ആവശ്യമുള്ള ഹൈ സ്പീഡ് മോഡലുകളും ഇവ വേണ്ടാത്ത ലോ സ്പീഡ് മോഡലുകളുമുണ്ട്. 25 കിലോമീറ്റർ മുതൽ വേഗത്തിൽ സഞ്ചരിക്കാനാവും. മറ്റുമുള്ള ചെലവുകളും കുറവാണ്.
സ്കൂൾ കുട്ടികൾ മുതൽ പ്രായമായവർ വരെ
16 മുതൽ 20 വയസ്സുവരെയുള്ളവരായിരുന്നു നേരത്തെ ഇലക്ട്രിക് സ്കൂട്ടറുകൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവരുടെ ഗണത്തിലേക്ക് 60ന് മുകളിലുള്ളവർ കൂടി എത്തിയിട്ടുണ്ട്. അമിത വേഗമില്ലാത്തതും എളുപ്പത്തിൽ ഉപയോഗിക്കാമെന്നതുമാണ് ഇതിലേക്കാകർഷിക്കുന്ന മറ്റ് കാരണങ്ങൾ. ഓൺലൈൻ ഡെലിവറി നടത്തുന്നവർ, പത്രം ഏജന്റുമാർ, ചെറുകിട വ്യവസായികൾ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ഇലക്ട്രിക് സ്കൂട്ടറുകൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആവശ്യമായ തുക ഒരു വർഷംകൊണ്ട് മുതലാകുന്നതായാണ് ഇവർ അഭിപ്രായപ്പെടുന്നത്. ചെറിയ സംരംഭങ്ങളിൽ മുതൽമുടക്കിയിട്ടുള്ളവർക്ക് ലാഭകരമായ നടത്തിപ്പിന് ഇന്നത്തെ പെട്രോൾ വില വിലങ്ങുതടിയാകുമ്പോഴും ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് മാറിയതോടെ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്നാണ് അടൂരിൽ ഇലക്ട്രിക് സ്കൂട്ടർ ഡീലറായി പ്രവർത്തിക്കുന്ന ജോർജ് കെ.ജോർജ് പറയുന്നത്.
ഓൺലൈൻ ഡെലിവറി കൂടി നടത്തുന്ന ജോർജിന്റെ സ്ഥാപനത്തിലുള്ളവരിൽ 6 പേരും സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് ഇലക്ട്രിക് സ്കൂട്ടറുകളാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകൾ ഓൺലൈൻ ഡെലിവറിക്കായി ഉപയോഗിച്ചു തുടങ്ങിയതോടെ ചെലവു കുറയ്ക്കാൻ സാധിച്ചതായാണ് ഓൺലൈൻ ഡെലിവറി നടത്തുന്ന വിനീത് ചന്ദ്രൻ പറയുന്നത്.
ഒരു ദിവസം പെട്രോൾ ഇനത്തിൽ മാത്രം 200 രൂപയാണ് ചെലവായിരുന്നത്. ഇപ്പോഴിത് 8 രൂപയാണ്. അതോടെ ആളുകൾക്ക് കുറഞ്ഞ ഡെലിവറി ചാർജിൽ സാധനങ്ങൾ എത്തിക്കാനും സാധിക്കുന്നു. ഒന്നര വർഷമായി ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചുവരികയാണെന്നും വിനീത് പറയുന്നു.