gold-price

സ്വര്‍ണ വിലയില്‍ മൂന്നു ദിവസത്തെ ഇടിവ് തുടരുകയാണ്. ഇന്ന് 1600 രൂപ കുറഞ്ഞ് പവന് 102520 രൂപയിലേക്ക് എത്തി ഗ്രാമിന് 12815 രൂപയാണ് ഇന്നത്തെ വില. മൂന്നു ദിവസം കൊണ്ട് കുറഞ്ഞത് 3520 രൂപയാണ്. ഈ പോക്കാണെങ്കില്‍ ഇനി സ്വര്‍ണ വില ഒരു ലക്ഷത്തിനും താഴേക്ക് പോകുമോ എന്നാണ് ആഭരണ പ്രേമികളുടെ ചോദ്യം. സ്വര്‍ണം വാങ്ങാനുള്ളവര്‍ കാത്തിരിക്കണോ? എന്താണ് സ്വര്‍ണ വില ഇടിയാനുള്ള കാരണമെന്ന് നോക്കാം. 

രാജ്യാന്തര സ്വര്‍ണവില വീണ്ടും  ഔണ്‍സിന് 4000 ഡോളറിനു താഴേക്ക് പോയതാണ് വലിയ ഇടിവിന് കാരണം. 3,964 ഡോളര്‍ നിലവാരത്തിലാണ് രാജ്യാന്തര വിലയുള്ളത്. പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതോടെ  ഡിസംബറിലെ ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്ക് കൂട്ടിയേക്കാം എന്ന വിലയിരുത്തലില്‍ നിക്ഷേപകര്‍ പിന്നോട്ടുപോയത്  വില ഇടിച്ചു.  

ഒക്ടോബറിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നു. മാസാടിസ്ഥാനത്തിലുള്ള ഉപഭോക്തൃ വിലസൂചിക 0.4 ശതമാനം ഉയര്‍ന്നു. വിപണി പ്രതീക്ഷിച്ചിരുന്നത് 0.3 ശതമാനമായിരുന്നു. കോർ സിപിഐ 0.3 ശതമാനമായി ഉയർന്നു. ഇതും വിപണി പ്രതീക്ഷയ്ക്ക് മുകളിലായി. പണപ്പെരുപ്പം പ്രതീക്ഷയ്ക്ക് അപ്പുറം കടന്നത് ഡിസംബറിലെ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇത് ഡോളർ ശക്തിപ്പെടുത്തുകയും സ്വർണ വില ഇടിക്കുകയുമാണ്. യുഎസ് ഡോളര്‍ ഇന്‍ഡെസ്ക് 103 നിലവാരത്തിലെത്തി. ട്രഷറി ബോണ്ട് യീല്‍ഡ് അഞ്ചു ശതമാനത്തിനു മുകളിലേക്കും കയറി. 

ഇതിനൊപ്പം ഫെഡ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളിൽ പലിശ നിരക്ക് കൂട്ടുമെന്ന സൂചനയും വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പം പ്രധാന ആശങ്കയായി തുടരുന്നുവെന്നും പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്‍റെ 2 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് ഉദ്യോ​ഗസ്ഥരിൽ ചിലരുടെ ആവശ്യം. ഡിസംബബര്‍ ഫെഡ് യോഗത്തില്‍ കാല്‍ ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. അരശതമാനം വര്‍ധിപ്പിച്ചാലും അതിശയിക്കേണ്ടതില്ലെന്ന നിലപാടും ചില വിദഗ്ധര്‍ പങ്കുവെയ്ക്കുന്നു. 

ഇനി എങ്ങോട്ട്?

ഈ മാസത്തില്‍ ഇതുവരെ വലിയ ഇടിവിലാണ് സ്വര്‍ണ വില. മാസം തുടങ്ങിയത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയില്‍, 1,01,840 രൂപ. ഇവിടെ നിന്നും കയറി 1,07,080 രൂപ വരെ പോയെങ്കിലും പിന്നാലെ ഇടിയാന്‍ തുടങ്ങി. മൂന്നു ദിവസം കൊണ്ട് കുറഞ്ഞത് 3520 രൂപ. സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴേക്ക് പോകണമെങ്കില്‍ 2520 രൂപമാത്രമാണ് കുറയേണ്ടത്. ഈ ഇടിവ് തുടരുകയാണെങ്കില്‍ സമീപദിവസങ്ങളില്‍ വില ലക്ഷത്തിന് താഴേക്ക് എത്താം. 

4,000 ഡോളർ മറികടന്ന് താഴേക്ക് പോയാൽ സ്വര്‍ണ വില 3,970 ഡോളറിലേക്കും വില കുറയാനുള്ള സാധ്യതയുണ്ട്. ഇതും മറികടന്നാല്‍ സ്വര്‍ണത്തിന്‍റെ അടുത്ത പിന്തുണ 3800 ഡോളറിലാണ്. ഇവിടെ നിന്നും താഴേക്ക് പോയാല്‍ 3400-3350 ഡോളറിലേക്ക് ഇടിയാം. ഇങ്ങനെയെങ്കില്‍ കേരളത്തിലെ സ്വര്‍ണ വില 90,000 രൂപയ്ക്ക് താഴേ പോകും.  

ENGLISH SUMMARY:

Gold prices in Kerala continued their downward streak for the third consecutive day, dropping by ₹1,600 to reach ₹1,02,520 per sovereign. With a cumulative fall of ₹3,520 over three days, the yellow metal is now just ₹2,520 away from dipping below the ₹1 lakh mark. This sharp decline is driven by international gold prices slipping below $4,000 per ounce following higher-than-expected US inflation data for October. Growing anticipation of a Federal Reserve interest rate hike in December has strengthened the US dollar and pushed treasury yields higher, dampening investor demand for gold.