സെപ്റ്റംബര്‍ മാസത്തിലെ ചില്ലറ വിലകയറ്റം 5.54 ശതമാനം. പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനവാണ് വിലക്കയറ്റം ഉയരാന്‍ കാരണം. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. ഓഗസ്റ്റിൽ 4.83 ശതമാനമായിരുന്നു രാജ്യത്തെ ചില്ലറ വിലകയറ്റം.
സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതിനുമുന്‍പ് 2024 ഒക്ടോബറിലാണ് ഇതിലും ഉയര്‍ന്ന ഘട്ടത്തിലേക്ക് പണപ്പെരുപ്പമെത്തിയത്. അന്ന് 6.21 ശതമാനമായിരുന്നു പണപ്പെരുപ്പം. ഈ വര്‍ഷമാദ്യം അടിസ്ഥാന വര്‍ഷം 2012 ല്‍ നിന്നും 2024-ലേക്ക് മാറ്റുകയും മാറിയ ചെലവഴിക്കൽ രീതികൾക്കനുസരിച്ച് ഉപഭോഗ ഘടന പുതുക്കുകയും ചെയ്തിരുന്നു. പുതുക്കിയ ഈ സീരീസ് പ്രകാരം 2026-ൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കുമാണിത്. ജൂലൈയിൽ 4.45 ശതമാനവും ഓഗസ്റ്റിൽ 4.83 ശതമാനവുമായിരുന്നു ചില്ലറ വിലക്കയറ്റം.
പണപ്പെരുപ്പം ഉയരത്തിലെത്തിയതോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ഷമതാപരിധിയായ നാലു ശതമാനത്തിനും മുകളിലാണ്. മെയ് മാസത്തിലെ 3.93 ശതമാനത്തിൽ നിന്ന് ജൂണിൽ 4.38 ശതമാനമായി ഉയർന്നതോടെയാണ് ചില്ലറ വിലക്കയറ്റം ആദ്യമായി ഈ പരിധി മറികടന്നത്. ഇതോടെ വരുന്ന മാസങ്ങളിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ വര്‍ധനവ് വരുത്തുമോ എന്നതാണ് ആശങ്ക.
പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും വിലയിലുണ്ടായ വർധനവാണ് പണപ്പെരുപ്പത്തിന് കാരണം. റീട്ടെയിൽ ഭക്ഷ്യ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.97 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 7.74 ശതമാനമായി ഉയർന്നു. സവാളയുടെ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 48.78 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 108.09 ശതമാനമായി ഉയർന്നു. വെളുത്തുള്ളിയുടെ പണപ്പെരുപ്പം മുൻമാസത്തെ 43.60 ശതമാനത്തിൽ നിന്ന് 54.62 ശതമാനമായി ഉയർന്നു. അതേസമയം ഇഞ്ചിയുടെ പണപ്പെരുപ്പ നിരക്ക് 73.82 ശതമാനത്തിൽ നിന്ന് 62.85 ശതമാനമായി നേരിയ കുറവ് രേഖപ്പെടുത്തി.