തായ്‍വാന്‍ പ്രസിഡന്റ് ലായ് ചിംഗ്-ടെ
എഐ, സെമികണ്ടക്ടറുകൾ, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ് എന്നിവയില്‍ നിന്നുള്ള നേട്ടത്തിന് പിന്നാലെ രാജ്യത്തെ പൗരന്മാര്‍ക്ക് 10,000 തായ്‍വാന്‍ ഡോളര്‍ (ഏകദേശം 30,000 രൂപ) നല്‍കാന്‍ നിര്‍ദ്ദേശിച്ച് പ്രസിഡന്റ് ലായ് ചിംഗ്-ടെ. 2027 ലെ കേന്ദ്ര ബജറ്റിലാണ് ഈ നിര്‍ദ്ദേശമുള്ളത്. പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ സമ്പദ്‍വ്യവസ്ഥ വളര്‍ന്നതിനാല്‍ നേട്ടങ്ങൾ പൗരന്മാരുമായി പങ്കിടും എന്നാണ് പ്രസിഡന്‍റ് പറഞ്ഞത്. ഇതിനായി 235.7 ബില്യണ്‍ തായ്‍വാന്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
തായ്‌വാന്റെ അടുത്ത വർഷത്തെ കേന്ദ്ര സർക്കാർ ബജറ്റ് നിർദ്ദേശം സ്വീകരിച്ചതിനു പിന്നാലെയാണ് പ്രസിഡന്റ് ലായ് ചിംഗ്-ടെയുടെ പ്രഖ്യാപനം. അടുത്ത ദിവസത്തോടെ കാബിനറ്റ് ബജറ്റിന് അന്തിമ രൂപം നൽകും. ബജറ്റിന് നിയമനിർമ്മാണസഭ അംഗീകാരം നല്‍കിയാല്‍ 2027 ഫെബ്രുവരിക്ക് മുന്‍പ് പണം വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണം നല്‍കുന്നതിനൊപ്പം ശമ്പള വർധനവ്, നികുതി ഇളവ്, ക്ഷേമ പരിപാടികളുടെ വിപുലീകരണം, പൊതു അടിസ്ഥാന സൗകര്യ നിക്ഷേപം എന്നിവയ്ക്കും പണം ചെലവഴിക്കാനാണ് തായ‍്‍വാന്‍റെ പദ്ധതി.
രാജ്യാന്തര തലത്തില്‍ എഐ, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ്, ക്ലൗഡ് സേവനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകത വർധിച്ചുവരുന്നതിനാൽ തായ്‌വാന്റെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് ലായ് ചിംഗ്-ടെ വ്യക്തമാക്കി. സെമികണ്ടക്ടറുകൾ, ഐടി എന്നിവയിലെ കരുത്ത് സാമ്പത്തിക വളർച്ചയുടെ പ്രവചനങ്ങളെ കൂടുതൽ ഉയർത്താൻ സഹായിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 11.05 ശതമാനം വളര്‍ച്ചയാണ് തായ്‍വാന്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ 9.64 ശതമാനമായിരുന്നു വളര്‍ച്ചാ പ്രവചനം. 2026 ന്‍റെ ആദ്യപകുതിയില്‍ 14.15 ശതമാനമാണ് തായ്‍വാന്‍ സമ്പദ്‍വ്യവസ്ഥ വളര്‍ന്നത്. 50 വര്‍ഷത്തിനിടെ ആദ്യപകുതിയിലുണ്ടാകുന്ന ഏറ്റവും മികച്ച നേട്ടമാണിത്.