ഇറാന്‍ എണ്ണയ്ക്ക് യു.എസ് ഉപരോധം പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കടലില്‍ കുടുങ്ങി കിടക്കുന്ന എണ്ണയ്ക്കാണ് ഇളവ് അനുവദിക്കുക. നേരത്തെ ടാങ്കറുകളില്‍ ലോഡ് ചെയ്തതും എന്നാല്‍ ഉപരോധം കാരണം വില്‍ക്കാന്‍ സാധിക്കാത്തതുമായ എണ്ണയ്ക്കാണ് ഇളവ് വരിക. വരും ദിവസങ്ങളില്‍ ഇങ്ങനെയൊരു നടപടി ഉണ്ടാകുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി.
നിലവില്‍ 140 മില്യണ്‍ ബാരല്‍ (14 കോടി) ഇറാനിയന്‍ എണ്ണ നിലവില്‍ കുടുങ്ങി കിടക്കുന്നുണ്ട്. പത്ത് ദിവസം മുതല്‍ രണ്ടാഴ്ച വരെ ലോകത്ത് ആവശ്യമായ വിതരണത്തിനുള്ള എണ്ണയാണിത്. എണ്ണ വിതരണം വർധിപ്പിക്കുകയും വില കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
എണ്ണ വില നിലവില്‍ ബാരലിന് 100 ഡോളറിന് മുകളിലാണ്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതും ടാങ്കറുകള്‍ക്ക് നേരെയുള്ള ആക്രമണവുമാണ് ഇതിന് കാരണം. ഹോര്‍മുസ് അടച്ചതോടെ 10-14 മില്യണ്‍ ബാരല്‍ വിതരണത്തില്‍ കുറവുണ്ടായി. ഇറാനിയന്‍ ഓയില്‍ വിപണിയിലെത്തിയാല്‍ 10-14 ദിവസത്തിനുള്ളില്‍ വില കുറയാന്‍ കാരണമാകുമെന്നും ബെസെന്‍റ് പറഞ്ഞു.
സമാന രീതിയില്‍ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വിൽക്കാൻ നേരത്തെ യുഎസ് അനുമതി നല്‍കിയിരുന്നു. ഇത് ഏകദേശം 130 ദശലക്ഷം ബാരൽ എണ്ണയാണ് വിപണിയിലെത്തിച്ചത്. സ്ട്രാറ്റജിക് പെട്രോളിയം റിസർവില്‍ നിന്നും അധിക എണ്ണ റിലീസ് ചെയ്യാന്‍ യു.എസ് പദ്ധതിയിടുന്നുണ്ട്. നേരത്തെ ജി7 രാജ്യങ്ങള്‍ 400 ദശലക്ഷം ബാരലുകള്‍ വിപണിയിലെത്തിച്ചിരുന്നു.
അതേസമയം, യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമായി കൂടിക്കാഴ്ച നടത്തും. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തും. ജപ്പാന് ആവശ്യമായ എണ്ണയുടെ ഭൂരിഭാഗവും വരുന്നത് ഈ മേഖലയില്‍ നിന്നാണ്.
അതേസമയം, രാജ്യാന്തര എണ്ണ വില 110 ഡോളറിന് മുകളിലെത്തി. ബ്രെന്‍ഡ് ക്രൂഡ് 111 ഡോളരും ഡബ്ലുടിഐ ക്രൂഡ് 99 ഡോളറിലുമാണ്. ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെയാണ് വില കുതിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി പ്ലാന്റായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ നടന്ന ഇറാന്റെ മിസൈലാക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്.