modi-putin-india-visit

30 ദിവസത്തേക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യു.എസ് അനുമതി നല്‍കിയെങ്കിലും ഇന്ത്യയ്ക്ക് തിരിച്ചടിയായി എണ്ണ വില. നേരത്തെ ഡിസ്ക്കൗണ്ടില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന റഷ്യന്‍ എണ്ണ, ബ്രെന്‍ഡ് ക്രൂഡിനേക്കാള്‍ 4-5 ഡോളര്‍ പ്രീമിയത്തിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഫെബ്രുവരി മാസത്തില്‍ ബാരലിന് 13 ഡോളര്‍ വരെ ഇളവില്‍ എണ്ണ ലഭിച്ചിരുന്നിടത്താണിത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 92.69 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതുപ്രകാരം ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണ ലഭിക്കുന്നത് 96-97 ഡോളറിലാണ്. 

വിവിധ ഉപരോധങ്ങളുടെ ഭാഗമായി തടഞ്ഞുവെച്ച കപ്പലുകളിൽ നിന്നുള്ള ഇടപാടുകൾ ഉൾപ്പെടെ ഏപ്രിൽ 3 വരെ റഷ്യന്‍ എണ്ണവാങ്ങാനാണ് ഇന്ത്യയ്ക്ക് അനുമതിയുള്ളത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ ദശലക്ഷകണക്കിന് ബാരല്‍ റഷ്യന്‍ എണ്ണയാണ് സംഭരിക്കുന്നത്. പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, മംഗളൂരു റിഫൈനറി എന്നിവ വിതരണ വേഗത്തിലാക്കാന്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തുകയാണെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ ഇതുവരെ 20 മില്യണ‍് ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം 13 ഡോളര്‍ ഡിസ്ക്കൗണ്ടിലാണ് രണ്ട് കാര്‍ഗോ റഷ്യന്‍ എണ്ണ വാങ്ങിയത്. 

2023 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ് റഷ്യ. യുക്രൈന്‍ യുദ്ധം കാരണം ഉപരോധത്തിലായ റഷ്യ മികച്ച ഡിസ്ക്കൗണ്ടില്‍ ഇന്ത്യയ്ക്ക് എണ്ണ വിതരണം നല്‍കിയിരുന്നു. നിലവില്‍ ഹോര്‍മുസ് വഴി മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടതോടെയാണ് റഷ്യന്‍ വിതരണക്കാര്‍ ഡിസ്ക്കൗണ്ട് പിന്‍വലിച്ചത്. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ബാരലിന് 62 ഡോളറിലായിരുന്നു ബ്രെന്‍ഡ് ക്രൂഡിന്‍റെ വില. വിതരണം തടസപ്പെടുമെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് എണ്ണ വില 92.69 ഡോളറിലേക്ക് എത്തിയത്. 

2025 സാമ്പത്തിക വര്‍ഷത്തില്‍ റഷ്യന്‍ എണ്ണയുടെ 35 ശതമാനവും ഇന്ത്യയാണ് വാങ്ങിയിരുന്നത്. എന്നാല്‍ റഷ്യയിലെ മുന്‍നിര എണ്ണ വിതരണ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. എങ്കിലും ജനുവരിയില്‍ പ്രതിദിനം ഇന്ത്യ 1.16 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു എന്നാണ് കണക്ക്.

ക്രൂഡ് ഓയിലായും പെട്രോള്‍, ഡീസലായും ഇന്ത്യയുടെ കയ്യില്‍ നിലവില്‍ 250 ദശലക്ഷം ബാരല്‍ എണ്ണയുണ്ടെന്നാണ് കണക്ക്.  7-8 ആഴ്ചയിലേക്കുള്ള ഉപയോഗത്തിനുള്ള എണ്ണയാണിത്. രാജ്യത്തിന്‍റെ തന്ത്രപ്രധാനമായ റിസര്‍വുകളിലും സ്റ്റോറേജ് ടാങ്കുകളിലും പൈപ്പ് ലൈനികളിലും ഇന്ത്യന്‍ തീരത്തെത്തിയ കപ്പലുകളിലുമുള്ള എണ്ണയാണിത്. നിലവില്‍ ഇന്ത്യ 40 രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്നുണ്ട്. 

ENGLISH SUMMARY:

India Russian oil prices are rising despite US approval for purchases, as discounts previously offered by Russia have been withdrawn due to Middle East supply disruptions and ongoing conflicts. Previously receiving oil at a discount of up to $13 per barrel, India is now facing a premium of $4-5 above Brent crude.