ബജറ്റ് ദിവസം സ്വര്‍ണത്തിന് വലിയ ചാഞ്ചാട്ടം. ഇന്ത്യന്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ വലിയ ഇടിവ് നേരിട്ടു. സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ സംബന്ധിച്ച് ബജറ്റ് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തെ താഴേക്ക് എത്തിച്ചത്. അതേസമയം, ഇന്ത്യയിലെ സ്വര്‍ണ വിലയെ ട്രാക്ക് ചെയ്യുന്ന സ്വര്‍ണ ഇടിഎഫുകള്‍ വലിയ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാജ്യാന്തര വിലയിലുണ്ടായ ഇടിവാണിതിന് കാരണം. ഏഴു മുതല്‍ 16 ശതമാനം വരെയാണ് വിവിധ ഇടിഎഫുകളിലുണ്ടായ ഇടിവ്. ബറോഡ ബിഎൻപി പാരിബ ഗോൾഡ് ഇടിഎഫ് 16 ശതമാനവും എഡൽവീസ് ഗോൾഡ് ഇടിഎഫ് 15.9 ശതമാനവും ഇടിഞ്ഞു.

 

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഫെബ്രുവരിയില്‍ ഡെലിവറിയുള്ള ഗോള്‍ഡ് ഫ്യൂച്ചറുകൾ 8.8 ശതമാനം ഇടിഞ്ഞു. 10 ഗ്രാമിന് 1,38894 എന്ന നിലവാരത്തിലാണ് വ്യാപാരം. വെള്ളിയാഴ്ച 20,000 രൂപ ഇടിവില്‍ 1.49 ലക്ഷം രൂപയിലായിരുന്നു ഫെബ്രുവരി ഫ്യൂച്ചറുകള്‍. 

 

ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവയിലെ കുറയ്ക്കുമെന്ന് ഊഹാപോഹങ്ങള്‍ക്കു പിന്നാലെയാണ് എംസിഎക്സിലെ വലിയ ഇടിവുണ്ടാകുന്നത്. നിലവില്‍ ആറു ശതമാനമാണ് സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ. ഇത് കുറയ്ക്കണമെന്നാണ് ജുവലറി രംഗത്തുള്ളവര്‍ പറയുന്നത്. 

 

ഓഹരി വിപണി ഇങ്ങനെ

 

 

കേന്ദ്ര ബജറ്റ് ദിവസത്തെ പ്രത്യേക സെഷനില്‍ ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നേരിയ നേട്ടത്തില്‍. സെന്‍സെക്സ് 62.53 പോയിന്‍റ് നേട്ടത്തില്‍ 82,388.97 ലും നിഫ്റ്റി 4.30 പോയിന്‍റ് നേട്ടത്തില്‍ 25,333.75 ലുമാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 25,213.65 വരെയും സെന്‍സെക്സ് 81,941.03 വരെയും താഴെപോയി

 

നിഫ്റ്റിയില്‍ ബെല്‍, ടാറ്റമോട്ടോഴ്സ് പാസഞ്ചവര്‍ വെഹിക്കിള്‍, സണ്‍ഫാര്‍മ, പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നേട്ടമുണ്ടാക്കി. ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, നെസ്‍ലെ ഇന്ത്യ, കോള്‍ ഇന്ത്യ, ടൈറ്റാന്‍ എന്നിവയാണ് ഇടിവില്‍. 

 

സമീപകാലത്ത് ബജറ്റ് ദിവസം പച്ചതൊട്ട ചരിത്രം ഇന്ത്യന്‍ ഓഹരിവിപണിക്ക് കുറവാണ്. 2016 മുതൽ 10 വർഷം എടുത്താൽ ആകെ മൂന്നു വർഷം മാത്രമേ നിഫ്റ്റി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളൂ. 2017, 2021, 2022 എന്നീ മൂന്നു വർഷമാണ് സൂചിക മുന്നേറ്റം നടത്തിയത്.

 

സ്വര്‍ണ വില ഇടിയുന്നതിനിടെ സ്വര്‍ണ പണയ രംഗത്തുള്ള മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇടിവിലാണ്. മുത്തൂറ്റ് 7.6 ശതമാനം ഇടിഞ്ഞ് 3538 രൂപയിലേക്ക് വീണു. മണപ്പുറം ആറു ശതമാനം ഇടിഞ്ഞ് 267.40 രൂപ വരെ താഴ്ന്നു. 

ENGLISH SUMMARY:

Indian stock market experienced a cautious start on budget day, with Nifty and Sensex showing minor gains amidst fluctuating trade. Gold prices also saw a significant decline, influenced by speculation of reduced import duties in the upcoming budget.