ബ്രിക്സ് രാജ്യങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സികള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക്. അതിര്‍ത്തി കടന്നുള്ള രാജ്യങ്ങളുടെ വ്യാപാരവും ടൂറിസം ഇടപാടുകളും എളുപ്പമാക്കുന്നതിനായാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. ഇത് 2026 ലെ ബ്രിക്സ് ഉച്ചകോടിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍ബിഐ കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. .
ഈ വര്‍ഷം ഇന്ത്യയിലാണ് ബ്രിക്സ് ഉച്ചോടി നടക്കുന്നത്. നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ബ്രിക്സ് കൂട്ടായ്മയുടെ പ്രധാന ചുവടുവെയ്പ്പാകുമിത്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, യുഎസ് ഡോളറിനോടുള്ള ആശ്രിതത്വം കുറയ്ക്കാൻ ഈ നീക്കം സഹായിക്കും.
അതേസമയം ബ്രിക്സ് രാജ്യങ്ങളുടെ സഹകരണത്തിനെതിരെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിലപാടെടുത്തിട്ടുണ്ട്. ബ്രിക്സ് സഖ്യം അമേരിക്കന്‍ വിരുദ്ധമെന്നാണ് ട്രംപിന്‍റെ നിലപാട്. അംഗ രാജ്യങ്ങള്‍ക്കെതിരെ താരിഫ് ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി.
ബ്രിക്സും ബ്രിക്സ് കറന്‍സിയും
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി 2009 ലാണ് ബ്രിക്സ് നിലവിൽവന്നത്. പിന്നീട് ദക്ഷിണാഫ്രിക്ക കൂടി കൂട്ടായ്മയുടെ ഭാഗമായി. അർജന്റീന, ഈജിപ്റ്റ്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, യുഎഇ എന്നി രാജ്യങ്ങള്‍ക്ക് പിന്നീട് അംഗത്വം നല്‍കുകയും ചെയ്തു.
നേരത്തെ ബ്രിക്സ് കറന്‍സി എന്നൊരു ആശയമുണ്ടായിരുന്നു. 2022 ലെ 14മത് ബ്രിക്സ് സമ്മിറ്റിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിന്‍, ബ്രിക്സ് പുതിയ കരുതൽ കറൻസി അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു എന്ന് പറഞ്ഞിരുന്നു. 2023 ഓഗസ്റ്റ് 23 ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ നടന്ന ബ്രിക്സ് യോഗത്തില്‍ ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാൻസിയോ ലുല ഡി സിൽവ ബ്രിക്സ് രാജ്യങ്ങളുടെ കോമൺ കറൻസിക്കായി ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചു. റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് സബ്മിറ്റിൽ റഷ്യന്‍ പ്രസിഡന്‍റ് സിംമ്പോളിക് ബ്രിക്സ് നോട്ട് അവതരിപ്പിച്ചിരുന്നു. ബ്രിക്സ് രാജ്യങ്ങളുടെ പതാകയുള്ളതായിരുന്നു കറന്‍സി.