ഒരാഴ്ചയോളം നീണ്ട ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ തിരിച്ചുകയറ്റം. ബുധനാഴ്ച രണ്ടു തവണയായി 1,100 രൂപയാണ് പവന് വര്‍ധിച്ചത്.  രാവിലെ 560 രൂപ വര്‍ധിച്ച് 89,160 രൂപയിലായിരുന്നു സ്വര്‍ണ വില. ഉച്ചയ്ക്ക് 600 രൂപ വര്‍ധിച്ച് 89,760 രൂപയിലെത്തി. ഗ്രാമിന് 145 രൂപ വര്‍ധിച്ച് 11,220 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ വിലകുറവില്‍ വാങ്ങാതിരുന്നവര്‍ക്ക് തിരിച്ചടിയെന്നോളം വില കുത്തനെ മുന്നേറ്റത്തിലാണ്. 

യു.എസ് ഫെഡറല്‍ റിസര്‍വ് യോഗ തീരുമാനത്തിന് മുന്നോടിയായി സ്വര്‍ണ വിലയില്‍ മുന്നേറ്റം കാണാനുണ്ട്. ഇന്നലെ മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയ രാജ്യാന്തര വില ഇന്ന് ഒരു ശതമാനത്തിലധികം മുന്നേറി. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,026 ഡോളറിന് മുകളിലാണ്. 3,928 ഡോളര്‍ വരെ താഴ്ന്ന ശേഷമാണ് തിരിച്ചുവരവ്. 

4381 ഡോളര്‍ വരെ കുതിച്ച ശേഷം സ്വര്‍ണവില 10 ശതമാനത്തോളം ഇടിഞ്ഞതോടെ താഴ്ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാന്‍‍ കാരണമെന്ന നിക്ഷേപകര്‍ വിലയിരുത്തുന്നു. ഫെഡ് യോഗത്തില്‍ കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കും എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. യോഗശേഷമുള്ള ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ പ്രസ്താവന വിപണിക്ക് പുതിയ വഴി നല്‍കും. 

പലിശ കുറയുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില മുന്നേറും. കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചാല്‍ യു.എസിലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശയും യു.എസ് കടപത്രങ്ങളുടെ ആദായ നിരക്കും കുറയ്ക്കും. ഇതോടെ നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് മാറും. ഡോളര്‍ ഇടിയുന്നതും സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാക്കും. പവലിന്‍റെ പ്രസ്താവനയില്‍ വരുന്ന യോഗങ്ങളിലും പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന ലഭിച്ചാല്‍ സ്വര്‍ണ വില വീണ്ടും മുന്നേറും. നേരെ മറിച്ചായാല്‍ വില താഴേക്കുവരും. 

യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയാണ് സ്വര്‍ണത്തിന്‍റെ ചലനത്തെ നിര്‍ണയിക്കുന്നത്. വ്യാപാര ചര്‍ച്ച സമവായത്തിലെത്തുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണത്തിന് സമീപകാലത്ത് ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച ദക്ഷിണകൊറിയയില്‍ ഇരുരാജ്യ തലവന്മാരും തലവന്മാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ സ്വര്‍ണ വില വീണ്ടും കുതിക്കാനാണ് സാധ്യത. 

ENGLISH SUMMARY:

Gold price surges after a week-long decline. Investors are watching US Federal Reserve meeting outcomes as a key factor influencing future gold price movements.