തുടര്‍ച്ചയായ കുതിപ്പിന് പിന്നാലെ കിതപ്പ്. സ്വര്‍ണ വില ഒരാഴ്ചകാലമായി താഴേക്കാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 6,080 രൂപയാണ്. ഇന്നും കേരളത്തില്‍ സ്വര്‍ണ വില താഴേക്കാണ്. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 840 രൂപയാണ് കുറഞ്ഞത്. പവന് 91,280 രൂപ. ഗ്രാമിന് 105 രൂപയുടെ കുറവോടെ 11,410 രൂപയിലെത്തി. സ്വര്‍ണ വില കാര്യമായി കുറഞ്ഞതോടെ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ ഇന്നു വാങ്ങണോ കാത്തിരിക്കണമോ എന്ന ആശയകുഴപ്പത്തിലാണ്.
ഡോളര്‍ ശക്തമായതിന് പിന്നാലെയാണ് രാജ്യാന്തര വിലയില്‍ ഇടിവുണ്ടായത്. രണ്ടു ശതമാനത്തിന് മുകളില്‍ സ്വര്‍ണ വില കുറഞ്ഞ് 4,019 ഡോളറിലേക്ക് താഴ്ന്നു. യു.എസ്– ചൈന വ്യാപാര തര്‍ക്കങ്ങള്‍ കുറയുന്നു എന്ന സൂചനയ്ക്ക് പിന്നാലെ സ്വര്‍ണ വിലയുടെ സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍റ് കുറഞ്ഞു. ലാഭമെടുക്കല്‍ തുടര്‍ന്നതും സ്വര്‍ണ വിലയ്ക്ക് തിരിച്ചടിയായി.
ഡോളര്‍ സൂചിക രണ്ടാഴ്ചയ്ക്ക് മുകളിലെത്തി. ഡോളര്‍ ഉയരുന്നത് മറ്റു കറന്‍സിയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചെലവേറുന്ന കാര്യമാണ്. ഇത് ഡിമാന്‍റ് കുറച്ചു. യു.എസ്–ചൈന വ്യാപാര സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ അടുത്തയാഴ്ച ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തയാണ് സ്വര്‍ണത്തിന്‍റെ തിരിച്ചിറക്കത്തിന് കാരണം. ഈ ആഴ്ചയില്‍ നടക്കുന്ന യു.എസ് ഫെഡറല്‍ റിസര്‍വ് യോഗത്തിനായാണ് നിക്ഷേപകര്‍ കാത്തിരിക്കുന്നത്. കാല്‍ ശതമാനം പലിശ കുറയ്ക്കുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.
സ്വര്‍ണ വില ഇനി എങ്ങോട്ട്
ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ആഴ്ച അടിസ്ഥാനത്തില്‍ സ്വര്‍ണ വില ഇടിയുന്നത്. കഴിഞ്ഞവാരത്തില്‍ 3.30 ശതമാനത്തിന്‍റെ കുറവാണ് സ്വര്‍ണ വിലയിലുണ്ടായത്. 4380 ഡോളര്‍ എന്ന സര്‍വകാല ഉയരത്തിലെത്തിയ ശേഷമായിരുന്നു സ്വര്‍ണത്തിന്‍റെ തിരിച്ചിറക്കം. ഇടിവിനിടയിലും 2025 ല്‍ ഇതുവരെ 55 ശതമാനം നേട്ടമാണ് സ്വര്‍ണ വിലയിലുണ്ടായത്. നിക്ഷേപകര്‍ ലാഭമെടുക്കുന്നതിന്‍റെ സൂചനയായി, കഴിഞ്ഞ ബുധനാഴ്ച സ്വര്‍ണ ഇടിഎഫുകളില്‍ നിന്നും അഞ്ചു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിദിന പിന്മാറ്റമാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 4,000 ഡോളറിന് സമീപമാണ് സ്വര്‍ണ വില വ്യാപാരം നടക്കുന്നത്. സാങ്കേതിക വിശകലനം പ്രകാരം സ്വര്‍ണത്തിന് പിന്തുണയുള്ളത് 4,000 ഡോളറിലാണ്. സ്വര്‍ണ വില ഈ നിലവാരത്തില്‍ നിന്നും താഴേക്ക് പോയാല്‍ 3945 ഡോളറിലേക്ക് എത്താം എന്നാണ് വിലയിരുത്തല്‍.