സ്വര്‍ണ വിലയില്‍ വീണ്ടും താഴേക്കിറക്കം. വ്യാഴാഴ്ച പവന് കുറഞ്ഞത് 600 രൂപയാണ്. ഇതോടെ പവന് 91,720 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ 11,465 രൂപയിലെത്തി. ഒക്ടോബര്‍ 11 ശേഷം ആദ്യമായാണ് സ്വര്‍ണ വില ഇത്രയും താഴുന്നത്. ഇതോടെ രണ്ടു ദിവസത്തിനിടെ 5640 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു.
അതേസമയം, ഏറ്റവും ചെറിയ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാനുള്ള ചെലവ് 1 ലക്ഷം രൂപയ്ക്ക് താഴെയായി. 99,249 രൂപയോളം ചെലവാക്കിയാല്‍ അഞ്ചു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാം. 10 ശതമാനം പണിക്കൂലിയില്‍ 1,04,030 രൂപയോളം നല്‍കിയാല്‍ ഒരു പവന്‍റെ ആഭരണം വാങ്ങാം. സ്വര്‍ണ വില, പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്നു ശതമാനം ജിഎസ്ടി എന്നിവ ചേര്‍ന്ന നിരക്കാണിത്.
രാജ്യാന്തര വില തുടര്‍ച്ചയായ പിന്നോട്ടടിച്ചതാണ് കേരളത്തില്‍ ആശ്വാസ വിലയിലെത്താന്‍ കാരണം. നിലവില്‍ 4,086 ഡോളറിലാണ് സ്വര്‍ണ വില. തിങ്കളാഴ്ച 4381 ഡോളറിലെത്തിയ ശേഷമാണ് സ്വര്‍ണ വില ഇടിഞ്ഞത്. വെള്ളിയാഴ്ച പുറത്തുവരുന്ന യു.എസിലെ പണപ്പെരുപ്പ കണക്കിന് മുന്നോടിയായി ഡോളറിലുണ്ടായ വര്‍ധനവ് സ്വര്‍ണവിലയുടെ വര്‍ധനവിനെ തടയുന്നുണ്ട്. ഡോളര്‍ സൂചിക 0.10 ശതമാനം ഉയര്‍ന്നു. പണപ്പെരുപ്പ ഡാറ്റയിലെ സൂചനകള്‍ ഫെഡറല്‍ റിസര്‍വ് എത്രകണ്ട് പലിശ നിരക്ക് കുറയ്ക്കും എന്നതില്‍ വ്യക്തത നല്‍കും.
വില കുറയാന്‍ കാരണം
* റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷമുള്ള ലാഭമെടുപ്പാണ് തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും സ്വര്‍ണവിലയിലുണ്ടാകുന്ന ഇടിവിന് കാരണം.
* ഡോളര്‍ കരുത്താകുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാണ്. ഡോളര്‍ സൂചിക ഉയര്‍ന്നതോടെ മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമാകും. ഇത് ഡിമാന്‍റ് കുറയ്ക്കും.
* ട്രംപ്–ഷി കൂടിക്കാഴ്ചയും യു.എസ്– ചൈന വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് കുറയ്ക്കുന്നുണ്ട്.
വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അടുത്തയാഴ്ച ദക്ഷിണ കൊറിയയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ചൈന, റഷ്യൻ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കുമെന്നും ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. അതേസമയം, ലോകത്തെ ഏറ്റവും വലിയ ഗോള്‍ഡ് ഇടിഎഫ് ആയ എസ്ഡിപിആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ കണക്കു പ്രകാരം ഹോള്‍ഡിങില്‍ 0.59 ശതമാനത്തിന്‍റെ കുറവുണ്ട്. നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്നും ലാഭമെടുക്കുന്നു എന്നതിന്‍റെ സൂചനയാണിത്.
സ്വര്‍ണം എങ്ങോട്ട്?
സമീപ ആഴ്ചകളില്‍ സ്വര്‍ണ വില 4,000 ഡോളറിന് സമീപം ഏകീരകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിറ്റി ഗ്രൂപ്പ് റിസര്‍ച്ച് വിഭാഗം പറയുന്നത്. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ തുടരുന്നതിനാല്‍ ദീര്‍ഘകാലത്തില്‍ സ്വര്‍ണ വില മുന്നോട്ട് കയറാമെന്നും സിറ്റിഗ്രൂപ്പ് വിശകലനം ചെയ്യുന്നു. എന്നാല്‍ അടുത്താഴ്ച ഫെഡറല്‍ റിസര്‍വ് പണനയ യോഗം ചേരുന്നുണ്ട്. കാല്‍ ശതമാനം പലിശ കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. പലിശ കുറയുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില മുന്നേറ്റം നടത്തും.