സ്വര്‍ണ വില തീപിടിച്ച പോക്കിലാണ്.. ഒരു ലക്ഷത്തിന് ഇനി ചില്ലറ രൂപയുടെ വ്യത്യാസമേയുള്ളൂ. വില കുത്തനെ ഉയരുമ്പോള്‍ നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ സ്വര്‍ണം കടത്തിയാല്‍ ലക്ഷങ്ങളാണ് കള്ളക്കടത്ത് സംഘത്തിന് ലാഭം. വില ഉയര്‍ന്നതോടെ സംഘങ്ങള്‍ക്ക് ലാഭം ഇരട്ടിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യയില്‍ സ്വര്‍ണ കള്ളക്കടത്ത് കൂടിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചതോടെ സ്വര്‍ണ കള്ളക്കടത്ത് കുറഞ്ഞിരുന്നു. വില കൂടിയതോടെ വിതരണത്തിലുണ്ടായ കുറവാണ് കള്ളക്കടത്തിന് സഹായകമായത്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചതായി കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സും വ്യക്തമാക്കി.
10 ഗ്രാം സ്വര്‍ണത്തിന് 1,32,780 രൂപയാണ് വെള്ളിയാഴ്ചയിലെ വില. ഈ വിലയിൽ ഒരു കിലോഗ്രാം സ്വർണം കടത്തുന്നത് കള്ളക്കടത്തുകാര്‍ക്ക് വലിയ ലാഭമാണ്. ആറു ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം പ്രാദേശിക വിൽപ്പന നികുതിയും ഒഴിവാക്കുന്നതിലൂടെ 11.50 ലക്ഷം രൂപയിലധികം ലാഭമുണ്ടാക്കാന്‍ സാധിക്കും.
രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് കടന്നതിനാല്‍ സ്വര്‍ണത്തിന് മികച്ച ഡിമാന്‍റുണ്ട്. ആഘോഷ സമയത്ത് സ്വര്‍ണം വാങ്ങുന്ന ശീലമാണ് ഇതിന് കാരണം. അതിനാല്‍ നികുതിവെട്ടിച്ചെത്തുന്ന സ്വർണം എളുപ്പത്തിൽ കൈമാറി ലാഭമുണ്ടാക്കാന്‍ കള്ളക്കടത്തുകാര്‍ക്ക് സാധിക്കുന്നുണ്ട്.
കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്നും ആറു ശതമാനമായി കുറച്ചിരുന്നു. ഇതോടെ സ്വര്‍ണകള്ളക്കടത്ത് കുറഞ്ഞിരുന്നു. ഈ സമയത്ത് ഒരു കിലോ സ്വര്‍ണം കടത്തിയാലുള്ള ലാഭം 6.30 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. ഇതാണ് നിലവില്‍ ഇരട്ടിയലധികമായി ഉയര്‍ന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 3005 സ്വര്‍ണ കടക്ക് കേസുകളാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തത്. 2.6 മെട്രിക് ടണ്‍ സ്വര്‍ണം പിടിച്ചെടുക്കുകയും ചെയ്തു.