സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. എങ്കിലും ഉപഭോക്താക്കൾക്ക് ഇത് യാതൊരു ആശ്വാസവും നല്‍കിയിട്ടില്ല. റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്നും 79000 ത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 79,480 രൂപയാണ് വില. ഗ്രാമിന് 9935 രൂപയിലാണ് വ്യാപാരം. എങ്കിലും ജിഎസ്ടിയും പണിക്കൂലിയും കൂടിയാകുമ്പോള്‍ ഒരു പവൻ ആഭരണത്തിന് 82,400 രൂപയെങ്കിലും നല്‍കേണ്ടി വരും. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്.
സെപ്റ്റംബര്‍ ആറിനായിരുന്നു ഇതിന് മുന്‍പ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 640 രൂപ കൂടി 79,560 രൂപയിലായിരുന്നു അന്ന് വ്യാപാരം. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 78,000 ത്തിന് മുകളില്‍ തുടരുകയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇതോടെ 79,000 കടക്കുകയായിരുന്നു. ഈ മാസത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സെപ്റ്റംബര്‍ ആറിലേത്. സർവകാല റെക്കോർഡുമാണ്. പിന്നീട് സെപ്റ്റംബര്‍ അഞ്ചിന് (ഇന്നലെ) സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശേഷം ഇന്നാണ് നേരിയ കുറവ് രേഖപ്പെടുത്തുന്നത്. സെപ്തംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
രാജ്യാന്തര സ്വര്‍ണവില എക്കാലത്തെയും ഉയർന്ന നിരക്കായ 3,600 ഡോളറിലാണ്. വർദ്ധിച്ചുവരുന്ന ഭൗമ–രാഷ്ട്രീയ സംഘർഷങ്ങളും യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണവില റോക്കോര്‍ഡില്‍ തുടരാന്‍ കാരണമാകുന്നുണ്ട്. ഇവയെല്ലാം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും ഡോളറിൽ നിന്ന് സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് മറ്റൊരു കാരണം. ദുർബലമായ യുഎസ് തൊഴിൽ ഡാറ്റയും നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുന്ന യുഎസ് തൊഴിലില്ലായ്മ നിരക്കും സ്വര്‍ണത്തിന്‍റെ വിലയെ സ്വാധീനിക്കുന്നുണ്ട്. ഉത്സവ സീസണായതിനാല്‍ ഉയർന്ന ആഭ്യന്തര ഡിമാൻഡാണ് ഇന്ത്യന്‍ വിപണിയിലെ വില റെക്കോര്‍ഡില്‍ തുടരാനുള്ള കാരണങ്ങളിലൊന്ന്.