TOPICS COVERED

യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനങ്ങള്‍ക്കൊപ്പം സ്വര്‍ണ വില പടിപടിയായി മുന്നോട്ടേക്ക്. ഏറ്റവും പുതുതായി കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ 35 ശതമാനം തീരുവയ്ക്ക് പിന്നാലെ രാജ്യാന്തര സ്വര്‍ണ വില വര്‍ധിച്ചു. ഇതിന്‍റെ ചുവടുപിടിച്ച് കേരളത്തില്‍ പവന് 440 രൂപയാണ് വര്‍ധിച്ചത്. 72,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9075 രൂപയിലെത്തി. 72,000 രൂപ വരെ താഴ്ന്ന ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില വര്‍ധിക്കുന്നത്. ഇന്നത്തെ വിലയില്‍ പത്ത് പവന്‍റെ ആഭരണം വാങ്ങാന്‍ 82300 രൂപയോളം ചെലവാക്കണം. സ്വര്‍ണ വിലയോടൊപ്പം 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ജിഎസ്ടിയും ചേര്‍ന്ന തുകയാണിത്. 

ഡൊണള്‍ഡ് ട്രംപിന്‍റെ പുതിയ താരിഫ് പ്രഖ്യാപനങ്ങളിലാണ് രാജ്യാന്തര സ്വര്‍ണ വില മുന്നേറ്റമുണ്ടാക്കുന്നത്. കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35  ശതമാനം നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്വര്‍ണ വില ഉയര്‍ന്ന് 3,333 നിലവാരത്തിലെത്തി. ഇന്നലെ രാവിലെ 3,315 ഡോളറിലായിരുന്നു സ്വര്‍ണ വില. താരിഫില്‍ ഓഗസ്റ്റ് ഒന്നു വരെ ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയ ട്രംപിന്‍റെ നടപടിയും ഡോളറിന്‍റെ കരുത്തുമാണ് വലിയ മുന്നേറ്റത്തെ തടയിടുന്നത്. 

താരിഫ് നടപ്പാക്കുന്ന ഓഗസ്റ്റ് ഒന്നുവരെ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ട്രംപ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വ്യാപാര യുദ്ധ സാധ്യതയും സുരക്ഷിത നിക്ഷേപ ഖ്യാതിയും സ്വര്‍ണത്തിന് ഒഴിഞ്ഞ് നില്‍ക്കുകയാണ്. ഡോളര്‍ ശക്തമായി തുടരുന്നതാണ് സ്വര്‍ണ വിലയുടെ മുന്നേറ്റത്തിന് ഇടിവുണ്ടാക്കുന്ന കാരണം. നിലവില്‍ ആഴ്ച അടിസ്ഥാനത്തില്‍ ഒരു ശതമാനത്തിന് അടുത്ത് നേട്ടത്തിലാണ് ഡോളര്‍ സൂചിക.  അതേസമയം യുഎസിലെ പ്രതിവാര തൊഴിലില്ലായ്മ ക്ലെയിമുകൾ ഏഴ് ആഴ്ചയിലെ താഴ്ന്ന നിലയിലേക്ക് എത്തി. സ്ഥിരതയുള്ള തൊഴിൽ നിലവാരത്തെ സൂചിപ്പിക്കുന്നതിനാല്‍ ഫെഡറൽ റിസർവിന് നിരക്ക് വെട്ടിക്കുറയ്ക്കല്‍ തീരുമാനത്തിന് ബ്രേക്കെടുക്കാന്‍ ഇത് സഹായിക്കും. പലിശ കുറയ്ക്കുന്നത് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമാകും. 

ENGLISH SUMMARY:

Gold prices in Kerala are soaring, with one sovereign reaching ₹72,600 (₹9075/gram), driven by US President Donald Trump's new 35% tariff on Canadian imports. While the international price hit $3,333, a stronger dollar and ongoing tariff discussions are currently curbing a bigger surge.