ഡോളറിനെതിരെ 86.65 നിലവാരത്തിലേക്ക് വീണ് രൂപ. ഈ മാസം നേരത്തെ രേഖപ്പെടുത്തിയ 86.6475 നെ മറിടന്നാണ് രൂപ സര്‍വകാല ഇടിവിലേക്ക് വീണത്. യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ തീരുവ ഭീഷണിക്ക് പിന്നാലെ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്ക് വിനയായത്.
ശനിയാഴ്ച മുതല്‍ കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനമാണ് ഡോളറിന് കരുത്തായത്. ഡോളര്‍ സൂചിക 108.2 നിലവാരത്തിലേക്ക് കയറി. ഇതിനൊപ്പം ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്മാറ്റം തുടരുന്നതും രൂപയുടെ ശക്തി ചോര്‍ത്തുന്നുണ്ട്. ജനുവരിയില്‍ ഇതുവരെ 9 ബില്യണ്‍ ഡോളറിന്‍റെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റത്.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന ആര്‍ബിഐയുടെ പണനയ യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയും രൂപയ്ക്ക് തിരിച്ചടിയാണ്. ജനുവരി മാസത്തില്‍ ഇതുവരെ 1.20 ശതമാനമാണ് ഇടിഞ്ഞത്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും ട്രംപിന്റെ താരിഫ് നയങ്ങളുടെ തുടര്‍ച്ചയായി ഡോളറിലുണ്ടാകുന്ന നേട്ടവുമാണ് രൂപയുടെ സമീപകാല ഭാവി തീരുമാനിക്കുക.