gold

കുത്തനെയുള്ള കയറ്റത്തിന് ശേഷം തുടർച്ചയായ ഇടിവിലേക്ക് വീണ് സ്വർണ വില. ശനിയാഴ്ച തുടങ്ങിയ വില ഇടിവ് തിങ്കളാഴ്ചയും തുടർന്നു. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് സ്വർണ വില. ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില. സെപ്റ്റംബർ 28 ന് 56,800 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും വലിയ വില കുറിച്ച ശേഷമാണ് സ്വർണ വില താഴുന്നത്. രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 160 രൂപ. 

Also Read: ഗാന്ധി ജയന്തി മുതൽ ദീപാവലി വരെ; ഒക്ടോബറിൽ കേരളത്തിൽ ഈ ദിവസങ്ങളിൽ ബാങ്ക് അവധി

സ്വർണത്തിന് ഇതിനെന്തുപറ്റിയെന്ന് ചോദിച്ചാൽ രാജ്യാന്തര വിലയിലെ ഇടിവെന്നാണ് ഉത്തരം. കഴിഞ്ഞ വ്യാഴാഴ്ച 2,686 ഡോളറിലെത്തി റെക്കോർഡ് കുറിച്ച സ്വർണ വില നിലവിൽ 2,653.3 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരുവേള 2646 ഡോളറിലേക്ക് സ്വർണ വില താഴ്ന്നിരുന്നു.    രാജ്യാന്തര വില ഇടിയുന്നതാണ് കേരളത്തിലും വിലയിൽ കാണുന്ന മാറ്റത്തിന് കാരണം. സ്വർണ വിലയുടെ അടുത്ത കുതിപ്പിന് മുന്നോടിയായി നിക്ഷേപകർ ലാഭമെടുത്തതാണ് സർവാകല ഉയരത്തിൽ നിന്ന് സ്വർണ വിലയെ താഴോട്ടേക്ക് എത്തിച്ചത്. 

പവൻ വാങ്ങാൻ എന്ത് ചെലവാകും?

സ്വർണ വിലയിൽ നേരിയ കുറവ് വന്നെങ്കിലും ഇത് സ്വർണം വാങ്ങുന്നൊരാൾക്ക് കാര്യമായ നേട്ടമൊന്നും നൽകില്ലെന്ന് കാണാം. 10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാക്കേണ്ട തുക 64,100 രൂപയോളമാണ്. കഴിഞ്ഞ ദിവസം സർവകാല ഉയരത്തിലെത്തിയ സമയത്ത് ഇത് 64,400 രൂപയ്ക്ക് അടുത്തായിരുന്നു. 

ഇനി വില കൂടുമോ?

സ്വർണ വില ഇനിയും ഉയരുമെന്ന സൂചനയാണ് വിപണിയിലുള്ളത്. അമേരിക്കയിൽ നവംബറിലെ ഫെഡ് യോ​ഗത്തിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനയും മധ്യേഷയിലെ സംഘർഷങ്ങളും സ്വർണവിലയ്ക്ക് ഇന്ധനമാകുന്നുണ്ട്. ഈ ആഴ്ച ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയും വിപണി പ്രതീക്ഷിക്കുന്നു.

Also Read: 20 രൂപയുടെ കുഞ്ഞൻ ഐപിഒ മുതൽ അവസരം; ലിസ്റ്റിങ് നേട്ടത്തിന് സാധ്യത ഏതൊക്കെ?

വെള്ളിയാഴ്ച പുറത്തുവന്ന യു.എസ് ഉപഭോക്തൃ ചെലവ് സൂചിക പ്രകാരം മൂന്നാം പാദത്തിലും സമ്പദ്‌വ്യവസ്ഥ ഉയരുകയാണ്. ഒപ്പം പണപ്പെരുപ്പത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നുമുണ്ട്. ഇത് വീണ്ടും അരശതമാനം പലിശ കുറയ്ക്കുമെന്ന സാധ്യത വർധിപ്പിക്കുന്നു. ഇതിനൊപ്പമാണ് മധ്യേഷയിലെ സംഘർഷം. ഹിസ്ബുല്ല തലവനെ വധിച്ച ഇസ്രയേൽ നടപടി മേഖലയിൽ സംഘർഷം രൂക്ഷമാകും എന്ന സൂചന നൽകുന്നു. ഇത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിക്കും. 

ENGLISH SUMMARY:

Kerala Gold price falls Rs 120 per pavan trading at Rs 56,640