പ്രതീകാത്മക ചിത്രം.

പ്രതീകാത്മക ചിത്രം.

TOPICS COVERED

കോടീശ്വരൻമാരായ ഇന്ത്യക്കാർ രാജ്യം വിടുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര നിക്ഷേപ മൈഗ്രേഷൻ അഡ്വൈസറിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിൻറെ വൈൽത്ത് മൈ​ഗ്രേഷൻ റിപ്പോർട്ട് പ്രകാരം, 2024 ൽ ഇന്ത്യയിൽ നിന്ന് 4,300 കോടീശ്വരൻമാർ രാജ്യം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ വിടുന്ന കോടീശ്വരൻമാരുടെ പ്രധാന ലക്ഷ്യകേന്ദ്രം യുഎഇ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 ൽ ഏകദേശം 5,100 സമ്പന്നരാണ് ഇന്ത്യ വിട്ടതെന്നും റിപ്പോർട്ടിലുണ്ട്.

8.34 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഓരോ വർഷവും രാജ്യം വിടുന്ന സമ്പന്നരേക്കാൾ കൂടുതൽ സമ്പന്നർ ഇന്ത്യയിൽ വർഷത്തിലുണ്ടാകുന്നു. സമ്പന്നർ രാജ്യം വിടുമ്പോഴും ബിസിനസ് താൽപര്യങ്ങൾ നിലനിർത്താൻ താൽപര്യപ്പെടുന്നതും സെക്കൻഡ് ഹോമായി ഇന്ത്യയെ പരി​ഗണിക്കുന്നതും രാജ്യത്തിന് അനുകൂലമാണ്. അതിനാൽ ഈ ഒഴുക്ക് ആശങ്കജനകമല്ലെന്ന് റിപ്പോർട്ട് പറയുന്നു. 

സമ്പന്നർ കൊഴിഞ്ഞു പോകുന്നതിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ചൈനയ്ക്കും യുകെയ്ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. മെച്ചപ്പെട്ട ജീവിതശൈലി, സുരക്ഷിതമായ അന്തരീക്ഷം, പ്രീമിയം ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളാണ് ഇന്ത്യയിൽ നിന്ന് കോടീശ്വരന്മാരുടെ പുറത്തേക്കുള്ള ഒഴുക്കിന് കാരണമാകുന്നത്. കോടീശ്വരൻമാരുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. 3,26,400 അതി സമ്പന്നരാണ് ഇന്ത്യയിലുള്ളത്. അതേസമയം 862,400 കോടീശ്വരൻമാരുടെ ചൈന രണ്ടാമതാണ്.

കൊഴിഞ്ഞു പോകുന്ന സമ്പന്നർ ചേക്കേറുന്നത് യുഎഇയിലേക്കാണ്. 2024 ൽ 6,800 സമ്പന്നര്‍ യുഎഇയിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2013 മുതൽ 2023 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തിയ കോടീശ്വരൻമാരുടെ എണ്ണത്തിൽ 85 ശതമാനം വർധനവുണ്ടായി. സീറോ ഇൻകം ടാക്സ് പോളിസി, ഗോൾഡൻ വിസ പ്രോഗ്രാമുകൾ, ആഡംബര ജീവിതശൈലി, യുഎഇയുടെ തന്ത്രപ്രധാനമായ സ്ഥാനം എന്നിവയാണ് ​ഗൾഫ് രാജ്യത്തോടുള്ള താൽപര്യം കൂടാൻ കാരണം. യു.എ.ഇ. കൂടാതെ യുഎസ്, സിംഗപ്പൂർ‌ എന്നിവിടങ്ങളിലേക്കും സമ്പന്നർ എത്തുന്നുണ്ട്.   

ENGLISH SUMMARY:

Wealth Migration Report Identify Indian Millionaires Leaving Own Country And Shifting To This Country; Know Reason