Labourers load a truck with sacks of rice at a grain market in Karnal, in the northern state of Haryana, India, October 25, 2026. REUTERS/Bhawika Chhabra

ഹരിയാനയിലെ കര്‍ണാലില്‍ കയറ്റിറക്ക് തൊഴിലാളികള്‍ ജോലിയില്‍

  • 2024–25 വാർഷിക വ്യവസായ സർവേ (ASI) പ്രകാരം ഇന്ത്യയിലെ ഫാക്ടറി തൊഴിലാളികളുടെ യഥാർഥ വേതനവർധന 0.7% മാത്രം. കോർപറേറ്റ് കമ്പനികൾ റെക്കോർഡ് ലാഭം കൊയ്യുമ്പോൾ സാധാരണ തൊഴിലാളികളുടെ വാങ്ങൽശേഷി കുറയുന്നതിന്റെ കാരണങ്ങളും സാമ്പത്തിക വിശകലനവും വായിക്കാം.

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്. വ്യവസായ ഉൽപ്പാദനം വർധിക്കുന്നു, കമ്പനികളുടെ ലാഭം റെക്കോർഡുകൾ ഭേദിക്കുന്നു, ഓഹരി വിപണിയിൽ വലിയ കമ്പനികളുടെ മൂല്യം കുതിക്കുന്നു. സാമ്പത്തിക വളർച്ചയുടെ കണക്കുകൾ പ്രതീക്ഷ നൽകുന്നതുമാണ്. എന്നാൽ ഈ വളർച്ചയുടെ ഗുണം രാജ്യത്തെ സാധാരണ തൊഴിലാളിയുടെ ജീവിതത്തിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട്? ശമ്പളം കൂടുന്നുണ്ടെങ്കിലും ജീവിതച്ചെലവിന് ആനുപാതികമായി വരുമാനം വർധിക്കുന്നുണ്ടോ? കമ്പനികളുടെ ലാഭം ഉയരുമ്പോൾ ജീവനക്കാരുടെ വേതനവും അതിനനുസരിച്ച് ഉയരുന്നുണ്ടോ?

In this photograph taken on September 25, 2025, employees work at a garment factory in Tiruppur, in India's southern state of Tamil Nadu. Trump's 50 percent tariffs on Indian goods, imposed in August, have upset the country's $11 billion textile export industry and shaken confidence in the US market. (Photo by R. Satish BABU / AFP) / To go with 'India-US-Tariff-Trade-Textile' , FOCUS by Anuj SRIVAS

തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ടെക്സ്റ്റൈല്‍ മില്‍ ജീവനക്കാര്‍ ജോലിയില്‍

ഈ ചോദ്യങ്ങൾക്ക് വീണ്ടും പ്രസക്തി നൽകുകയാണ് പുറത്തുവന്ന പുതിയ കണക്കുകൾ. 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഫാക്ടറി തൊഴിലാളികളുടെ വേതനത്തിൽ ഉണ്ടായ യഥാർഥ വളർച്ച വെറും 0.7 ശതമാനം മാത്രമാണ്. അതേസമയം രാജ്യത്തെ പ്രമുഖ കമ്പനികൾ റെക്കോർഡ് ലാഭം നേടുന്നു. തൊഴിലാളികളുടെ വരുമാനവും കോർപറേറ്റ് ലാഭവും തമ്മിലുള്ള ഈ അന്തരം സാമ്പത്തിക വളർച്ചയുടെ സ്വഭാവത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

ശമ്പളം കൂടി, പക്ഷേ വാങ്ങൽശേഷി കൂടിയോ?

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ വാർഷിക വ്യവസായ സർവേ 2024–25 (Annual Survey of Industries) പ്രകാരം ഫാക്ടറി തൊഴിലാളികളുടെ വേതനത്തിൽ 5.3 ശതമാനം വർധനയുണ്ടായി. ശരാശരി വാർഷിക വേതനം 2.28 ലക്ഷം രൂപയായി ഉയർന്നു. കണക്കിൽ നോക്കുമ്പോൾ ഇത് ശമ്പളവർധന തന്നെയാണ്. എന്നാൽ ഇതേ കാലയളവിലെ കുടുംബ ഉപഭോക്തൃ വിലക്കയറ്റം 4.6 ശതമാനമായിരുന്നു. അതായത് വിലക്കയറ്റം കൂടി കണക്കിലെടുത്തുള്ള യഥാർഥ വേതനവർധന വെറും 0.7 ശതമാനം മാത്രം. ശമ്പളം കൂടിയിട്ടും തൊഴിലാളിയുടെ വാങ്ങൽശേഷിയിൽ പുരോഗതിയുണ്ടായില്ലെന്നർഥം.

മുന്‍പുള്ള വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാലും സ്ഥിതി ആശ്വാസകരമല്ല. 2022–23 സാമ്പത്തികവര്‍ഷം ഫാക്ടറി തൊഴിലാളികളുടെ യഥാർഥ വേതനത്തിൽ 1.1 ശതമാനം ഇടിവുണ്ടായി. 2023–24-ൽ വെറും 0.1 ശതമാനം വർധന. 2024–25-ൽ മാത്രമാണ് 0.7 ശതമാനം വളർച്ച രേഖപ്പെടുത്തിയത്. അതായത് തുടർച്ചയായ വർഷങ്ങളിൽ വിലക്കയറ്റത്തെ മറികടക്കുന്ന തരത്തിൽ വേതനം വർധിക്കുന്നില്ല.

A technician operates a reflow soldering oven during the inauguration ceremony of Heller Thermal Systems' manufacturing plant on the outskirts of Ahmedabad, India, November 20, 2026. REUTERS/Amit Dave

ഗുജറാത്തിലെ തെര്‍മല്‍ സിസ്റ്റംസ് കമ്പനിയിലെ ടെക്നീഷ്യന്‍

ഇവിടെ ശ്രദ്ധിക്കേണ്ടത് നാമമാത്ര വേതനവും യഥാർഥ വേതനവും തമ്മിലുള്ള വ്യത്യാസമാണ്. ശമ്പളത്തിൽ 5 ശതമാനം വർധനയുണ്ടായാലും ഭക്ഷണം, വീട്, യാത്ര, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ചെലവുകൾ അതിനേക്കാൾ വേഗത്തിൽ ഉയർന്നാൽ തൊഴിലാളിയുടെ ജീവിതനിലവാരം മെച്ചപ്പെടില്ല. വരുമാനത്തിലെ വർധനയേക്കാൾ വേഗത്തിൽ ചെലവുകൾ ഉയരുന്നതാണ് സാധാരണ കുടുംബങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധി.

കമ്പനികളുടെ ലാഭം റെക്കോർഡിൽ; തൊഴിലാളിക്ക് എന്ത് നേട്ടം?

തൊഴിലാളികളുടെ വേതനവർധന ദുർബലമാകുമ്പോൾ മറുവശത്ത് കമ്പനികളുടെ ലാഭം കുതിക്കുകയാണ്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ ബാങ്ക് ഓഫ് ബറോഡ നിരീക്ഷിച്ച ഏകദേശം 2,600 ലിസ്റ്റഡ് കമ്പനികളുടെ മൊത്തം അറ്റാദായം 4.5 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് നിലയിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനത്തിലേറെ വർധന.

റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി എന്നീ അഞ്ച് കമ്പനികൾക്ക് മാത്രം ഈ ലാഭത്തിൽ 1.12 ലക്ഷം കോടി രൂപയുടെ പങ്കുണ്ട്. അതായത് മൊത്തം ലാഭത്തിന്റെ നാലിലൊന്ന് ഈ അഞ്ച് കമ്പനികളുടേതാണ്. കൂടുതൽ വിശാലമായ കണക്കുകളും ഈ പ്രവണത വ്യക്തമാക്കുന്നു. നിഫ്റ്റി 500 കമ്പനികളുടെ ലാഭം 2025–26 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 5.2 ശതമാനമെന്ന റെക്കോർഡ് നിലയിലെത്തിയതായി മോത്തിലാൽ ഓസ്വാൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

FILE PHOTO: A guard stands at the gate of the National Stock Exchange (NSE) in Mumbai, India, September 6, 2024. REUTERS/Francis Mascarenhas//File Photo

മുംബൈയിലെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ആസ്ഥാനം

കമ്പനികൾ ലാഭമുണ്ടാക്കുന്നത് സ്വാഭാവികമായും സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണ്. നിക്ഷേപം വർധിപ്പിക്കാനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഉൽപ്പാദനം വിപുലീകരിക്കാനും ലാഭം സഹായിക്കും. എന്നാൽ ലാഭത്തിന്റെ വളർച്ചയ്ക്കൊപ്പം തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുന്നില്ലെങ്കിൽ വളർച്ചയുടെ ഗുണം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകും.

തൊഴിലാളിയും മാനേജരും തമ്മിലുള്ള അന്തരം

പുതിയ കണക്കുകളിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം തൊഴിലാളികളും മേൽനോട്ട–മാനേജ്മെന്റ് വിഭാഗവും തമ്മിലുള്ള വേതനവ്യത്യാസമാണ്. 2008–09 സാമ്പത്തിക വർഷത്തിൽ ഒരു ഫാക്ടറി തൊഴിലാളിയുടെ ശരാശരി വാർഷിക വേതനം 68,103 രൂപയായിരുന്നപ്പോൾ സൂപ്പർവൈസർ അല്ലെങ്കിൽ മാനേജർ വിഭാഗത്തിൽപ്പെട്ടവരുടെ വേതനം നാല് ലക്ഷം രൂപയായിരുന്നു. അതായത് മാനേജ്മെന്റ് വിഭാഗത്തിന് തൊഴിലാളിയേക്കാൾ 5.87 മടങ്ങ് വേതനം ലഭിച്ചിരുന്നു. 2024–25-ൽ തൊഴിലാളിയുടെ ശരാശരി വാർഷിക വേതനം 2.28 ലക്ഷം രൂപയായപ്പോൾ സൂപ്പർവൈസർ–മാനേജർ വിഭാഗത്തിന്റെ വേതനം 14.5 ലക്ഷം രൂപയായി. അന്തരം 6.36 മടങ്ങായി ഉയർന്നു. 

People eat free meal at the historic Jamalpur Darwaja in the old city of Ahmedabad on November 20, 2026. (Photo by Shammi MEHRA / AFP)

അഹമ്മദാബാദിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉച്ചഭക്ഷണം കഴിക്കുന്ന തൊഴിലാളികള്‍

തൊഴിൽപരമായ ഉത്തരവാദിത്തം, യോഗ്യത, പരിചയം, പ്രവർത്തനമികവ് എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വേതനനിരക്കുകൾ സ്വാഭാവികമാണ്. എന്നാൽ കാലം കഴിയുന്തോറും ഈ അന്തരം വർധിക്കുന്നത് വരുമാന അസമത്വത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. സാമ്പത്തിക വളർച്ചയുടെ നേട്ടം ഉയർന്ന വരുമാനക്കാരിലേക്ക് കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്നുവെന്ന് ചുരുക്കം.

വളർച്ചയുടെ കണക്കുകൾക്കിടയിൽ തൊഴിലാളിയുടെ ജീവിതം

ഇന്ത്യയുടെ വ്യവസായ മേഖല തളർച്ചയിലാണെന്ന് പറയാനാകില്ല. കേന്ദ്ര സർക്കാർ പുറത്തുവിട്ട ASI കണക്കുകള്‍ പ്രകാരം 2024–25ൽ റജിസ്ട്രേഡ് നിർമാണ മേഖലയിലെ മൊത്തം മൂല്യവർധന 9.59 ശതമാനം ഉയർന്നു. തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 7.19 ശതമാനം വർധിച്ച് 2.10 കോടിയിലെത്തി. തൊഴിലാളികൾക്കുള്ള മൊത്തം പ്രതിഫലത്തിലും 12.08 ശതമാനം വർധന രേഖപ്പെടുത്തി. ഇത് വ്യവസായ മേഖലയിൽ ഉൽപ്പാദനവും തൊഴിലും വർധിക്കുന്നതിന്റെ സൂചനയാണ്. എന്നാൽ മൊത്തം പ്രതിഫലത്തിലെ വർധനയും ഒരു തൊഴിലാളിയുടെ ശരാശരി യഥാർഥ വേതനത്തിലെ വർധനയും രണ്ടാണ്. കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുകയും മൊത്തം വേതനച്ചെലവ് ഉയരുകയും ചെയ്യുമ്പോഴും വ്യക്തിഗത തൊഴിലാളിയുടെ വാങ്ങൽശേഷിയിൽ പുരോഗതിയുണ്ടാകണമെന്നില്ല.

ഇവിടെ മറ്റൊരു പ്രധാന വസ്തുത കൂടി വിസ്മരിക്കരുത്. ASI കണക്കുകൾ രജിസ്ട്രേഷനുള്ള ഫാക്ടറി മേഖലയിലേതാണ്. രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും അവസ്ഥ ഇതിലൂടെ പൂർണമായി മനസ്സിലാക്കാനാവില്ല. കാർഷിക മേഖല, അസംഘടിത മേഖല, സേവന മേഖല, ചെറുകിട സ്ഥാപനങ്ങൾ എന്നിവയിലെ തൊഴിലാളികളുടെ വരുമാന സാഹചര്യം വ്യത്യസ്തമായിരിക്കാം. എങ്കിലും രാജ്യത്തെ വ്യവസായ തൊഴിലാളികളുടെ യഥാർഥ വേതനവർധന തുടർച്ചയായി ദുർബലമാകുന്നത് തൊഴിൽരംഗത്ത് വലിയ വെല്ലുവിളി തന്നെയാണ്.

A labourer sifts a pile of rice at a grain market in Karnal, in the northern state of Haryana, India, October 25, 2026. REUTERS/Bhawika Chhabra

ഹരിയാനയിലെ കര്‍ണാലിലെ ധാന്യച്ചന്തയില്‍ നിന്നുള്ള ദൃശ്യം

പ്രധാനമന്ത്രിയുടെ വിമർശനം; വ്യവസായ ലോകത്തോട് ചോദിച്ച ചോദ്യമെന്ത്?

ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിലും മനുഷ്യവിഭവശേഷിയിൽ നിക്ഷേപിക്കുന്നതിലും സ്വകാര്യ വ്യവസായ മേഖല കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന ചർച്ചയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പരാമര്‍ശങ്ങള്‍ വഴിയൊരുക്കിയത്. വ്യവസായ സൗഹൃദ നയങ്ങൾ, ബിസിനസ് ചെയ്യാനുള്ള എളുപ്പം, നികുതിയിളവുകൾ എന്നിവയിലൂടെ സർക്കാർ സൃഷ്ടിക്കുന്ന അനുകൂല സാഹചര്യങ്ങളുടെ നേട്ടം ജീവനക്കാരിലേക്കും എത്തണം എന്നതാണ് അതിന്‍റെ സന്ദേശം.

2019-ൽ കേന്ദ്ര സർക്കാർ കോർപറേറ്റ് നികുതി നിരക്കുകൾ കുറച്ചത് സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും വ്യവസായ മേഖലയുടെ വളർച്ച വേഗത്തിലാക്കാനുമുള്ള നീക്കമായിരുന്നു. എന്നാൽ അതിന്റെ നേട്ടം കൂടുതൽ നിക്ഷേപത്തിലും തൊഴിൽസൃഷ്ടിയിലും ജീവനക്കാരുടെ വേതനത്തിലും എത്രത്തോളം പ്രതിഫലിച്ചു എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

Vendors wait for customers at a wholesale flower market in Kolkata, India, November 21, 2026. REUTERS/Sahiba Chawdhary

കൊല്‍ക്കത്തയിലെ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍

അതേസമയം നികുതിയിളവുകൾ ലഭിച്ചാൽ കമ്പനികൾ നിർബന്ധമായും വേതനം വർധിപ്പിക്കണമെന്നില്ല. ഉൽപ്പാദനക്ഷമത, വിപണിയിലെ മത്സരം, നിക്ഷേപച്ചെലവ്, അസംസ്കൃത വസ്തുക്കളുടെ വില, കമ്പനികളുടെ സാമ്പത്തിക സാഹചര്യം തുടങ്ങിയ നിരവധി ഘടകങ്ങൾ വേതനനിർണയത്തെ സ്വാധീനിക്കുന്നുണ്ട്. എങ്കിലും കമ്പനികളുടെ ലാഭം കുതിക്കുമ്പോൾ ജീവനക്കാരുടെ വരുമാനം മന്ദഗതിയിലാകുന്നത് നയപരമായ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യം തന്നെയാണ്.

സാമ്പത്തിക വളർച്ച സാധാരണക്കാരന് അനുഭവപ്പെടാത്തതെന്തുകൊണ്ട്?

രാജ്യത്തിന്റെ ജിഡിപി വളർച്ച ഉയരുന്നതും സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ മെച്ചപ്പെടുന്നതും ഒരേ കാര്യമല്ല. സാമ്പത്തിക വളർച്ചയുടെ കണക്കുകൾ മികച്ചതായിരിക്കുമ്പോഴും കുടുംബങ്ങളുടെ വാങ്ങൽശേഷി, സമ്പാദ്യം, കടബാധ്യത, ഉപഭോഗം തുടങ്ങിയ ഘടകങ്ങൾ വ്യത്യസ്തമായ ചിത്രം നൽകാം. 

വാടകയും വീട്ടുവായ്പയും, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും, ചികിത്സയും, യാത്രയും, ഭക്ഷണച്ചെലവും വർധിക്കുമ്പോൾ ശമ്പളത്തിലെ ചെറിയ വർധന കൊണ്ട് കുടുംബത്തിന് വലിയ ആശ്വാസമുണ്ടാകില്ല. പ്രത്യേകിച്ച് സ്ഥിരവരുമാനക്കാരും സ്വകാര്യ മേഖലയിലെ ജീവനക്കാരും വിലക്കയറ്റത്തിന്റെ സമ്മർദം നേരിടുന്നുണ്ട്.

തൊഴിലാളികളുടെ വരുമാനം ഉയരുന്നത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയ്ക്കും ആവശ്യമാണ്. ജനങ്ങളുടെ കൈയിൽ ചെലവഴിക്കാനുള്ള പണം വർധിക്കുമ്പോൾ ഉപഭോഗം ഉയരും. അത് വിപണിയിലും ഉൽപ്പാദനത്തിലും കൂടുതൽ ചലനമുണ്ടാക്കും. അതുകൊണ്ടുതന്നെ വേതനവർധന തൊഴിലാളികളുടെ മാത്രം ആവശ്യമല്ല, ദീർഘകാല സാമ്പത്തിക വളർച്ചയുടെ കൂടി ഘടകമാണ്.

This photograph taken on October 23, 2026 shows engineers assembling electric vehicles at the Mahindra Last Mile Mobility EV manufacturing facility at Zaheerabad in Sangareddy district of India's Telangana state. Every 90 seconds, an electric three-wheeler rolls off the production line at an Indian factory, underscoring a transformation that has made the country the largest market for battery-powered auto rickshaws. At a bustling plant run by Mahindra Last Mile Mobility, workers and robots fit cells into battery packs, attach body panels to metal frames and fix wheels into place, racing to meet demand for vehicles known for navigating the chaotic streets of the world's most populous country. (Photo by Noah SEELAM / AFP)

ഇ–റിക്ഷ നിര്‍മാണക്കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍

വളർച്ചയുടെ നേട്ടം പങ്കുവയ്ക്കപ്പെടണം

കമ്പനികൾ ലാഭമുണ്ടാക്കുന്നത് തെറ്റല്ല. ലാഭം തന്നെയാണ് നിക്ഷേപത്തിന്റെയും വ്യവസായ വികസനത്തിന്റെയും അടിസ്ഥാനം. എന്നാൽ വളർച്ചയുടെ നേട്ടം ഓഹരി ഉടമകളിലും ഉന്നത മാനേജ്മെന്റിലും മാത്രം കേന്ദ്രീകരിക്കാതെ ഉൽപ്പാദനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന തൊഴിലാളികളിലേക്കും എത്തേണ്ടതുണ്ട്.

തൊഴിലാളികളുടെ നൈപുണ്യം വർധിപ്പിക്കുക, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക, ന്യായമായ വേതനവർധന ഉറപ്പാക്കുക, തൊഴിൽസുരക്ഷയും സാമൂഹിക സുരക്ഷയും ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ വ്യവസായ വളർച്ചയുടെ അവിഭാജ്യ ഘടകങ്ങളാകണം.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ വേഗം എത്രയാണെന്നതിലുപരി ആ വളർച്ച സാധാരണക്കാരന്റെ ജീവിതത്തിൽ എത്രത്തോളം മാറ്റമുണ്ടാക്കുന്നു എന്നതും പ്രധാനമാണ്. കമ്പനികളുടെ ലാഭം റെക്കോർഡ് ഉയരത്തിലെത്തുമ്പോൾ തൊഴിലാളിയുടെ യഥാർഥ വേതനം ഒരു ശതമാനം പോലും ഉയരാത്ത സാഹചര്യം സ്വാഭാവികമായി അവഗണിക്കാനാവില്ല.

രാജ്യം വളരുന്നു എന്നത് കണക്കുകൾകൊണ്ട് തെളിയിക്കാം. എന്നാൽ ആ വളർച്ചയുടെ ഗുണം തൊഴിലാളിയുടെ അടുക്കളയിലും കുടുംബത്തിന്റെ ജീവിതനിലവാരത്തിലും എത്തുന്നുണ്ടോ എന്നതാണ് യഥാർഥ വികസനത്തിന്റെ പരീക്ഷണം.

India’s economic growth vs worker wages: Why real salaries stagnate amid record corporate profits:

Despite India’s rapid economic expansion and record-breaking corporate profits, the real wages of factory workers grew by a mere 0.7% in 2024–25 after adjusting for inflation, according to the Annual Survey of Industries (ASI). While listed companies saw net profits surge over 26% to ₹4.5 lakh crore in Q2 2026, rising living costs have eroded the actual purchasing power of ordinary workers. Furthermore, the wage gap between factory workers and supervisory/managerial staff has widened significantly to 6.36 times, highlighting growing income inequality. For economic growth to be truly sustainable and inclusive, corporate gains must translate into fair wage growth and improved living standards for the workforce.