• സെപ്റ്റംബർ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിലൂടെ രണ്ട് ഹർജികളാണ് കോടതി റദ്ദാക്കിയത്.

വിവാദമായ ക്രെഡിറ്റ് സ്വിസ് അഡീഷണൽ ടയർ 1 (CS AT1) ബോണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് എച്ച്.ഡി.എഫ്.സി ബാങ്കിനെതിരെ നിക്ഷേപകർ നൽകിയ ഹർജികൾ ബഹ്‌റൈൻ ഹൈ സിവിൽ കോടതി തള്ളി. സെപ്റ്റംബർ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിലൂടെ രണ്ട് ഹർജികളാണ് കോടതി റദ്ദാക്കിയത്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഇതേ വിഷയത്തിൽ സമർപ്പിക്കപ്പെട്ട മറ്റ് അഞ്ച് ഹർജികളും കോടതി നേരത്തെ തള്ളിയിരുന്നു. ഇതോടെ ഈ വിഷയത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന് അനുകൂലമായി ബഹ്‌റൈൻ കോടതി പുറപ്പെടുവിക്കുന്ന വിധികളുടെ എണ്ണം ഏഴായി ഉയർന്നു. ഹർജികൾ തള്ളിയതിനൊപ്പം നിയമനടപടികൾക്ക് വന്ന ചെലവ് ഹർജിക്കാർ തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

എച്ച്.ഡി.എഫ്.സി ബാങ്ക് വഴി നടത്തിയ ബോണ്ട് നിക്ഷേപങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നായിരുന്നു നിക്ഷേപകരുടെ പ്രധാന ആരോപണം. ബോണ്ടിന്റെ യഥാർത്ഥ സവിശേഷതകൾ മറച്ചുവെച്ചു, തെറ്റായ ഉപഭോക്തൃ വർഗ്ഗീകരണം നടത്തി, അനുയോജ്യമല്ലാത്ത ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു തുടങ്ങിയ പരാതികളും അവര്‍ ഉന്നയിച്ചു. ബാങ്കിന്റെ ഭാഗത്തുണ്ടായ അശ്രദ്ധയും ഫിനാൻഷ്യൽ ലിവറേജിന്റെ ദുരുപയോഗവും വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയെന്നും നിക്ഷേപകര്‍ ആരോപിച്ചിരുന്നു.

എന്നാൽ ഈ വാദങ്ങള്‍ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ബാങ്ക് കാരണം നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചെന്ന് തെളിയിക്കുന്നതിലും ഹര്‍ജിക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.

മാർച്ചിൽ ഇന്ത്യയിലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും (NCDRC) സമാനമായ പരാതികൾ തള്ളിക്കളഞ്ഞിരുന്നു. ബാങ്ക് ഇടനിലക്കാരൻ മാത്രമാണെന്നും നിക്ഷേപം നടത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യവും തീരുമാനവും ഉപഭോക്താക്കൾക്കായിരുന്നുവെന്നും എൻ.ഡി.ആർ.സി ചൂണ്ടിക്കാട്ടിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം നിക്ഷേപം നടത്തുകയും പിന്നീട് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നപ്പോൾ ബാങ്കിനെതിരെ തിരിയുകയുമാണ് നിക്ഷേപകർ ചെയ്തതെന്നും കമ്മിഷന്‍ നിലപാടെടുത്തു.

ഉപഭോക്താക്കൾ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് നടത്തുന്ന നിക്ഷേപങ്ങൾക്ക് പരിരക്ഷ നല്‍കേണ്ടത് ബാങ്കിന്റെ ചുമതലയല്ലെന്നും, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടം തുടരുമെന്നും എച്ച്.ഡി.എഫ്.സി ബാങ്ക് വ്യക്തമാക്കി.

ENGLISH SUMMARY:

Credit Suisse AT1 Bonds: Bahrain Court Rejects Investor Claims Against HDFC Bank A Bahrain High Civil Court has dismissed two fresh investor claims against HDFC Bank regarding Credit Suisse Additional Tier 1 (CS AT1) bond losses. This decision brings the total number of rulings in the bank's favor in Bahrain to seven, with the court also directing the claimants to bear all legal costs. Investors had alleged misrepresentation, negligence, and suitability violations, but the court found insufficient admissible evidence to prove any direct wrongdoing or loss caused by the lender. The verdict follows a March 2026 ruling by India's NCDRC, which similarly affirmed that HDFC Bank served merely as a facilitator for self-directed investor decisions.