rift-deepens-in-tata-group-noel-chandrasekharan
  • മുന്‍നിശ്ചയിച്ച കാലാവധി 2027 ഫെബ്രുവരി 20ന് പൂര്‍ത്തിയാകുമെന്നും താന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണെന്നും കഴിഞ്ഞ 12നാണ് ചന്ദ്ര എന്നറിയപ്പെടുന്ന എന്‍.ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചത്. വലിയ ഇടിവ് അന്ന് ടാറ്റയുടെ ഓഹരികള്‍ക്കുണ്ടായി

ടാറ്റ ഗ്രൂപ്പിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തി ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരനും വിശദീകരിച്ചെന്ന് റിപ്പോര്‍ട്ട്. ട്രസ്റ്റിന്‍റെ ഭരണകാര്യങ്ങളും നയരൂപീകരണവും സംബന്ധിച്ച് ചന്ദ്രശേഖരനും നോയല്‍ ടാറ്റയും തമ്മില്‍ ഭിന്നത രൂക്ഷമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ചന്ദ്രശേഖരന്‍റെ പുനര്‍നിയമനം ഉണ്ടാകാനുള്ള സാധ്യത തുലോം തുച്ഛമാണെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വെവ്വേറെ യോഗം ഇരുവര്‍ക്കും ക്രമീകരിച്ചത് സര്‍ക്കാര്‍വൃത്തങ്ങള്‍ തന്നെയാണെന്നും ഇതില്‍ ടാറ്റയിലെ ചില നിയമനങ്ങളും എയര്‍ ഇന്ത്യയ്ക്കും ടാറ്റയുടെ ഡിജിറ്റല്‍ പ്ലാറ്റ്​ഫോമുകള്‍ക്കും സംഭവിച്ച നഷ്ടവും ചര്‍ച്ചയായെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

സ്വാതന്ത്ര്യദിനാഘോഷ സമയവും പാര്‍സി പുതുവര്‍ഷാരംഭവും കണക്കിലെടുത്തുള്ള ദിവസങ്ങളിലാണ് നോയല്‍ ടാറ്റ ഡല്‍ഹിയിലെത്തിയെങ്കിലും കൂടിക്കാഴ്ച ഈ ദിവസങ്ങളിലായിരുന്നുവെന്ന വാദം ടാറ്റ ഗ്രൂപ്പിനോട് അടുത്ത ഉന്നതര്‍ തള്ളി. നോയല്‍ ഡല്‍ഹിയിലെത്തിയത്  റീടെയില്‍ ശൃംഖലയായ ട്രെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരുന്നുവെന്നും അല്ലാതെ അധികാരക്കൈമാറ്റം ചര്‍ച്ച ചെയ്യുന്നതിനല്ലെന്നും ടാറ്റയിലെ ഉന്നതന്‍ വ്യക്തമാക്കി. ട്രെന്‍റിന്‍റെ നോണ്‍ എക്സിക്യുട്ടിവ് ചെയര്‍മാനാണ് നോയല്‍. 70 വയസ് പൂര്‍ത്തിയാകുന്നതിനാല്‍ ഈ നവംബറില്‍ അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്യും.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചോ? സാധാരണഗതിയില്‍ രാജ്യത്തെ സ്വകാര്യ കോര്‍പററ്റ് ഭീമന്‍മാരുടെ ആഭ്യന്തര വിഷയങ്ങളില്‍ രാജ്യത്തെ ഭരണ നേതൃത്വം ഇടപെടാറില്ല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ഇരുപക്ഷത്തെയും കേട്ടുവെന്നും നിഷ്പക്ഷമായാണ് വിഷയത്തില്‍ ഇടപെട്ടതെന്നുമാണ് പുറത്തുവരുന്ന വിവരം. അതേസമയം, ഗ്രൂപ്പിലെ അധികാരത്തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടിയത് നോയലാണോ അതോ ചന്ദ്രശേഖരനാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. 

രത്തന്‍ ടാറ്റയുടെ മരണ ശേഷം ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ തന്നെ ചന്ദ്രശേഖരനും വേണു ശ്രീനിവാസനുമടക്കമുള്ളവരുമായുള്ള വിയോജിപ്പുകള്‍ പ്രകടമായിരുന്നു. പിന്നാലെ ട്രസ്റ്റിലെ വിവിധ വിഭാഗങ്ങളും അവയ്ക്ക് മേല്‍ ട്രസ്റ്റിനുള്ള നിയന്ത്രണവും സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചന്ദ്രശേഖരന്‍ പക്ഷം മുന്നോട്ട് വയ്ക്കുന്ന പുതിയ ബിസിനസുകളിലും അതിനായി ചെലവഴിക്കുന്ന പണത്തിലും നോയലിന് അതൃപ്തിയുള്ളതായും അക്കാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ടാറ്റ സണ്‍സിലെ ഐപിഒ നീക്കത്തില്‍ ആശങ്ക അറിയിച്ച് നോയല്‍ ടാറ്റ ആര്‍ബിഐ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി. ഐപിഒ നീക്കം കമ്പനിക്ക് മേലുള്ള ട്രസ്റ്റിന്റെ അധികാരം ദുര്‍ബലപ്പെടുത്തുമെന്ന വാദമാണ് നോയല്‍ മുന്നോട്ട് വച്ചത്.

സാധാരണ ജീവനക്കാരനില്‍ നിന്നും ടാറ്റയുടെ നേതൃത്വത്തിലേക്ക് അതിവേഗമാണ് ചന്ദ്രശേഖരന്‍ വളര്‍ന്നത്. 2016 ഒക്ടോബറിലാണ് ടാറ്റ സണ്‍സ് ബോര്‍ഡില്‍ അദ്ദേഹം ജോയിന്‍ ചെയ്തത്. സൈറസ് മിസ്ത്രിക്ക് ശേഷം 2017 ഫെബ്രുവരി മുതല്‍ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. കൃത്യമായ അധികാരത്തുടര്‍ച്ചയ്ക്ക് തീരുമാനമെടുക്കാന്‍ ബോര്‍ഡിനെ അറിയിച്ചുവെന്നും 40 വര്‍ഷത്തെ സേവനത്തില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ചന്ദ്രശേഖരന്‍ തന്റെ വിടവാങ്ങല്‍ പ്രഖ്യാപനത്തില്‍ വിശദീകരിച്ചിരുന്നു. മുന്‍നിശ്ചയിച്ച കാലാവധി 2027 ഫെബ്രുവരി 20ന് പൂര്‍ത്തിയാകുമെന്നും താന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണെന്നും കഴിഞ്ഞ 12നാണ് ചന്ദ്ര എന്നറിയപ്പെടുന്ന എന്‍.ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചത്. വലിയ ഇടിവ് അന്ന് ടാറ്റയുടെ ഓഹരികള്‍ക്കുണ്ടായി. പുനര്‍നിയമനം താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചന്ദ്ര വ്യക്തമാക്കിയിരുന്നു. അതേസമയം, ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനായി രത്തന്‍ ടാറ്റ ട്രസ്റ്റും ദെറാബ്ജി ടാറ്റ ട്രസ്റ്റും ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും നോയലിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യ പ്രമേയം തള്ളി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

ENGLISH SUMMARY:

Reports of a deepening boardroom rift within the Tata Group have emerged, with Tata Trusts Chairman Noel Tata and Tata Sons Chairman N. Chandrasekhar separately briefing central government authorities on corporate governance and leadership strategies. The discussions underscore ongoing disagreements regarding expansion policies, financial performance, and future leadership continuity following the departure of key figures. Industry observers are closely tracking these developments as the conglomerate navigates potential administrative shifts.