ഇന്ത്യയില്‍ നിന്നും മടങ്ങിയ യു.എസ് വാഹന നിര്‍മാതാക്കളായ ഫോഡിന്‍റെ മടങ്ങിവരവിന് തിരിച്ചടിയായി ട്രംപിന്‍റെ നയങ്ങള്‍. ചെന്നൈ പ്ലാന്‍റില്‍ നിന്നും എന്‍ജിന്‍ നിര്‍മിച്ച കയറ്റിയയക്കാന്‍ കമ്പനിക്ക് താല്‍പര്യമുണ്ടെങ്കിലും ട്രംപിന്‍റെ നികുതിയോടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ചെലവ് ഉയര്‍ന്നതാണ് തിരിച്ചടിയാകുന്നത്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് യോഗം ഉടനെ ചേരുന്നുണ്ടെന്നാണ് വിവരം. ഈ യോഗത്തില്‍ ചെന്നൈ പ്ലാന്‍റിലെ നിക്ഷേപം എഴുതി തള്ളണോ അതോ പ്രവര്‍ത്തനം ആരംഭിക്കണമോ എന്ന് കമ്പനി തീരുമാനിക്കുമെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള വാഹന നിര്‍മാണം നിര്‍ത്തിയ ശേഷം മറൈമലൈ നഗറിലുള്ള ഫോഡ് പ്ലാന്‍റ് 2022 മുതല്‍ പ്രവര്‍ത്തനരഹിതമാണ്.
ഫാക്ടറിയില്‍ നിന്നും എന്‍ജിന്‍ നിര്‍മിക്കാന്‍ കമ്പനിക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്‍റെ നയം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ചെലവേറിയതാക്കി. ഇത് പല അമേരിക്കൻ കമ്പനികളുടെയും നിക്ഷേപ പദ്ധതികളെ അലങ്കോലപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മുന്‍ഗണന വിപണിയില്‍ നിന്നും ഒഴിവാക്കി ഫോഡ് യൂറോപ്യന്‍ വിപണിയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നാണ് വിവരം.
യൂറോപ്യന്‍ വിപണി വിപുലീകരിക്കാന്‍ 10,000 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപങ്ങള്‍ നടപ്പാക്കാന്‍ ഫോഡ് ഒരുങ്ങുകയാണ്. കൊളോണിനിലെ ഹൈ പ്രൊഫൈല്‍ ഇലക്ട്രിക് വാഹന പദ്ധതിയടക്കം ജര്‍മനിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 4.4 ബില്യണ്‍ രൂപയുടെ നിക്ഷേപവും യു.കെയില്‍ വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രവും കമ്പനിയുടെ പരിഗണനയിലുണ്ട്.
ചെന്നൈയിലെ പ്ലാന്‍റുമായി ബന്ധപ്പെട്ട് 2024 ലെ നിലപാടില്‍ മാറ്റമില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. കയറ്റുമതി ആവശ്യങ്ങൾക്ക് പ്ലാന്‍റ് ഉപയോഗിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചു. ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉചിതസമയത്ത് വെളിപ്പെടുത്തുമെന്നും വക്താവ് പറഞ്ഞു. 12,000 ലധികം ജീവനക്കാരുള്ള ഫോര്‍ഡ് ബിസിനസ് സര്‍വീസ് ടീം നിലവില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തമിഴ്‌നാട് സർക്കാരുമായി ചർച്ചകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.