ജിഎസ്ടി പരിഷ്കാരം വന്നതോടെ പൊറോട്ടയ്ക്ക് വില കുറയുമോ എന്നാണ് ഭക്ഷണപ്രേമികളുടെ ചോദ്യം. 18 ശതമാനമായിരുന്ന പൊറോട്ടയുടെ ജിഎസ്ടി ഒഴിവാക്കിയെങ്കിലും ഹോട്ടലില്‍ സാധാരണ വില തന്നെ നല്‍കേണ്ടി വരും. പാക്കറ്റുകളില്‍ വില്‍ക്കുന്ന പൊറോട്ടയ്ക്കും ചപ്പാത്തിക്കുമാണ് ജിഎസ്ടി ഒഴിവാക്കിയത്.
പറാത്ത, പൊറോട്ട, റൊട്ടി അടക്കമുള്ള ഇന്ത്യന്‍ ബ്രെഡ് എന്ന വിഭാഗത്തില്‍ വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കുന്നതാണ് പുതിയ പരിഷ്കാരം. നേരത്തെ സാധാരണ ബ്രെഡുകള്‍ക്ക് മാത്രമാണ് ജിഎസ്ടി ഇല്ലാതിരുന്നത്. ഇതിന്‍റെ പേരില്‍ കോടതി കയറിയ പൊറോട്ട യുദ്ധമാണ് ഇതോടെ അവസാനമാകുന്നത്. പഴയ നികുതി ഘടന പ്രകാരം പറാത്ത, പൊറോട്ട, പിസ്സ ബ്രെഡ് എന്നിവയ്ക്ക് 5-18 ശതമാനം വരെ നികുതി ഈടാക്കിയിരുന്നു.
വില്‍ക്കുന്ന പേര് പരിഗണിക്കാതെ എല്ലാ ഇന്ത്യന്‍ ബ്രെഡിന്‍റെയും ജിഎസ്ടി പൂജ്യമാക്കുന്നു എന്നാണ് ജിഎസ്ടി കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം. ഇതോടെ നേരത്തെ ഈടാക്കിയിരുന്ന ജിഎസ്ടി പ്രകാരം പൊറോട്ട, ചപ്പാത്തി എന്നിവയ്ക്ക് 5-12 ശതമാനം വരെ വിലയില്‍ കുറവ് വരും. പ്ലെയിന്‍ ചപ്പാത്തി, റൊട്ടി എന്നിവയ്ക്ക് നേരത്തെ അഞ്ച് ശതമാനമായിരുന്നു ജിഎസ്ടി. പൊറോട്ട, പറാത്ത മറ്റു ഇന്ത്യന്‍ ബ്രെഡ് എന്നിവയുടെ ജിഎസ്ടി 18 ല്‍ നിന്നാണ് പൂജ്യത്തിലേക്ക് എത്തുന്നത്.
കടകളില്‍ പാക്കറ്റിലായി വില്‍ക്കുന്നവയ്ക്കാണ് വില കുറയുക. അതേസമയം, റെസ്റ്റോറന്‍റുകളിലെ എല്ലാ ഇനങ്ങളും ഭക്ഷണമായി കണക്കാക്കുകയും റസ്റ്റോറന്‍റിന്‍റെ തരം അനുസരിച്ച് 5-18 ശതമാനം ജിഎസ്ടി ഈടാക്കുകയും ചെയ്തു. എസി, നോണ്‍ എസി റസ്റ്റോറന്‍റുകള്‍ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി. അതേസമയം ഹോട്ടലിലെ അസംസ്കൃത വസ്തുക്കള്‍ക്ക് വിലകുറയുന്നത് പരോക്ഷമായി ഭക്ഷണ വിലയെ സ്വാധീനിക്കാവും.
ഹോട്ടല്‍ മുറികളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചു. 7,500 രൂപയും അതിന് താഴെയുമുള്ള ഹോട്ടല്‍ മുറികള്‍ക്കാണ് ജിഎസ്ടി കുറച്ചത്. ഇതോടെ ബില്‍ തുകയില്‍ 525 രൂപയോളം കുറയും.