Chinese J 10 Fighter Jet

Chinese J 10 Fighter Jet

ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ നേട്ടമുണ്ടായത് ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരം ചൈന എന്നാകും. അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരികള്‍ വലിയ കുതിപ്പാണുണ്ടാക്കിയത്. വ്യാഴാഴ്ച 20 ശതമാനം വരെ കുതിച്ച ഓഹരികള്‍ രണ്ട് ദിവസം കൊണ്ട് 36 ശതമാനം വരെ നേട്ടമുണ്ടാക്കി.  എന്താണ് ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ ചൈന കാണുന്ന കച്ചവടം. 

ചൈനീസ് ആയുധങ്ങളുടെ പരീക്ഷണം 

പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് ചൈന. കഴിഞ്ഞ അഞ്ചു വര്‍ഷം പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്ത ആയുധങ്ങളില്‍ 81 ശതമാനവും വിതരണം ചെയ്തത് ചൈനയാണ്. അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സേനയെ ആധുനികവൽക്കരിക്കുകയാണ് ഷി ജിൻപിങ്. അതിന്‍റെ ഗുണഭോക്താക്കളും പാക്കിസ്ഥാനാണ്. 

ആയുധ വിതരണക്കാരനാണെങ്കിലും ചൈനാ നിര്‍മിത ആയുധങ്ങള്‍ യഥാര്‍ഥ യുദ്ധത്തില്‍ എങ്ങനെ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചൈന ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വലിയ സൈനിക ശക്തിയായി വളര്‍ന്നുവരുന്നുണ്ടെങ്കിലും നാല് പതിറ്റാണ്ടിലേറെയായി ഒരു വലിയ യുദ്ധത്തിലും ചൈന പങ്കെടുത്തിട്ടുമില്ല. അതിനാല്‍ തങ്ങളുടെ ആയുധങ്ങളുടെ ശേഷി പരീക്ഷിക്കാനുള്ള ശ്രമമായാണ് ഇന്ത്യ–പാക് സംഘര്‍ഷത്തെ ചൈന കാണുന്നത്. 

ചൈന–പാക് ഭായ് ഭായ് 

ചൈനയുമായി പാക്കിസ്ഥാന്‍ കൂടുതല്‍ അടുക്കുന്നതാണ് സമീപകാലത്ത് കണ്ടത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലെ പ്രധാന പങ്കാളിയാണിന്ന് പാക്കിസ്ഥാന്‍. എസ്ഐപിആര്‍ഐ ഡാറ്റ അനുസരിച്ച്, 2000 കളുടെ അവസാനത്തിൽ പാക്കിസ്ഥാന്റെ ഇറക്കുമതി ചെയ്ത ആയുധങ്ങളുടെ മൂന്നിലൊന്ന് യുഎസ്, ചൈന എന്നിവിടങ്ങളില്‍ നിന്നാണ്. സമീപ വർഷങ്ങളിൽ പാക്കിസ്ഥാൻ അമേരിക്കൻ ആയുധങ്ങൾ കുറച്ചു. 

ചൈനയില്‍ നിന്ന് യുദ്ധ വിമാനങ്ങള്‍, മിസൈലുകള്‍, റഡാര്‍, എയര്‍ ഡിഫന്‍സ് സിറ്റം എന്നിവയാണ് ഇന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. പാക്കിസ്ഥാനില്‍ നിര്‍മിക്കുന്ന ആയുധങ്ങളാണെങ്കില്‍ ചൈനീസ് കമ്പനികളുമായി സഹകരിച്ചോ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചവയോ ആണ്. 

മുന്നില്‍ വലിയ വിപണി, ലാഭത്തില്‍ കണ്ണെറി‍ഞ്ഞ് ചൈന

ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍ യുഎസ് ആണ്. 2020 നും 2024 നും ഇടയില്‍ നടന്ന രാജ്യാന്തര ആയുധ കയറ്റുമതിയുടെ 43 ശതമാനവും യുഎസില്‍ നിന്നാണെന്ന് എസ്ഐപിആര്‍ഐ ഡാറ്റ പറയുന്നു. രണ്ടാമതുള്ള ഫ്രാന്‍സിനേക്കാള്‍ നാല് മടങ്ങ് അധികമാണ് യുഎസിന്‍റെ വിപണി. മൂന്നാമത് റഷ്യയും പിന്നീട് ചൈനയും. ചൈനയുടെ ആയുധ കയറ്റുമതിയില്‍ മൂന്നില്‍ രണ്ടും പാക്കിസ്ഥാനിലേക്ക് മാത്രമാണ്.  

പുതിയ ലോകസാഹചര്യത്തില്‍ റഷ്യയുടെ പരമ്പരാഗത വിപണി പിടിക്കാന്‍ ചൈനയ്ക്ക് സാധിക്കുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. അൾജീരിയ, ഈജിപ്ത്, ഇറാഖ്, സുഡാൻ എന്നി വിപണികള്‍ ചൈനയ്ക്ക് എളുപ്പം കടന്നു കയറാന്‍ സാധിക്കും. അതേസമയം, പാക്കിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ തടയാന്‍ ചൈനീസ് നിര്‍മിത പാക്ക് വ്യോമ പ്രതിരോധ സംവിധാനമായ HQ-9B വിന്  സാധിച്ചിരുന്നില്ല. ഇത് ചൈനയുടെ ആയുധ കയറ്റുമതിക്കുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. 

കുതിച്ചു കയറി ഓഹരികള്‍ 

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ചൈനീസ് യുദ്ധവിമാനങ്ങളായ ജെഎഫ്-17, ജെ-10സി എന്നിവ നിർമിക്കുന്ന ചൈനീസ് പ്രതിരോധ കമ്പനിയുടെ ഓഹരി മൂല്യം വലിയതോതില്‍ വർധിച്ചിട്ടുണ്ട്. ഇവ നിര്‍മിക്കുന്ന ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള എവിഐസിയുടെ അനുബന്ധ സ്ഥാപനമായ എവിഐസി ചെങ്ഡു എയർക്രാഫ്റ്റ് ഈ ആഴ്ച 40 ശതമാനം നേട്ടമുണ്ടാക്കി. ഷെന്‍സ്‌ഹെന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഓഹരി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഉണ്ടാക്കിയ നേട്ടം 36 ശതമാനമാണ്. 

ചൈനയുടെ പ്രതിരോധ മേഖലയിലെ മറ്റ് ഓഹരികളായ ചെങ്ഡു ടിയാൻജിയാൻ ടെക്നോളജി, സൺ-ക്രിയേറ്റ് ഇലക്ട്രോണിക്സ്, ചെങ്ഡു എഎൽഡി ഏവിയേഷൻ എന്നിവയും ഏകദേശം 10 ശതമാനം ഉയർന്നു.

ENGLISH SUMMARY:

While India and Pakistan face off, China appears to benefit economically. Chinese defence company stocks surged up to 36% within two days, following a 20% rise on Thursday alone. The geopolitical conflict has turned into a trade opportunity for China, raising concerns among neighbouring nations.