മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ക്രിയേറ്റര്‍മാര്‍ക്ക് യൂട്യൂബ് നല്‍കിയത് 21,000 കോടി രൂപ. മാധ്യമ കമ്പനികള്‍ക്കും ക്രിയേറ്റര്‍മാര്‍ക്കുമായാണ് ഈ തുക അനുവദിച്ചതെന്ന് യൂട്യൂബ് ഏഷ്യ പെസഫിക് വൈസ് പ്രസിഡന്‍റ് ഗൗതം ആനന്ദ് പറഞ്ഞു. ഇന്ത്യന്‍ ക്രിയേറ്റര്‍മാരുടെ വളര്‍ച്ചയ്ക്കായി അടുത്ത രണ്ട് വര്‍ഷത്തിനിടെ 850 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ കൂടുതല്‍ വരുമാനം നേടാനും ആഗോള തലത്തില്‍ സ്വീകാര്യത വര്‍ധിപ്പിക്കാനും പ്രാപ്തരാക്കുകയാണ് ഇന്ത്യയില്‍ നടത്താനിരിക്കുന്ന നിക്ഷേപം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്ന് 10 കോടിയിലധികം ചാനലുകള്‍ കണ്ടന്‍റ് അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇതില്‍ 10 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള 15,000 ത്തോളം ചാനലുകളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കണ്ടന്‍റിന് കഴിഞ്ഞ വര്‍ഷം ആഗോള പ്രേക്ഷകരില്‍ നിന്ന് 4500 കോടി മണിക്കൂര്‍ കാഴ്ച സമയം ലഭിച്ചുവെന്നും ഗൗതം ആനന്ദ് പറഞ്ഞു.
യൂട്യൂബിന്‍റെ പ്രധാനപ്പെട്ട വിപണികളിൽ ഒന്നാണ് ഇന്ത്യ എന്ന് ചൂണ്ടിക്കാട്ടിയ ആനന്ദ് പങ്കാളിത്ത പ്രോഗ്രാമിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ക്രിയേറ്ററുമായി പങ്കിടുന്നുവെന്നും പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിഡിയോ സ്ട്രീമിങ് സര്‍വീസാണ് യൂട്യൂബ്. കഴിഞ്ഞ വര്‍ഷം 14,300 കോടി രൂപയാണ് യൂട്യൂബ് ഇന്ത്യയില്‍ നിന്നും ഉണ്ടാക്കിയ വരുമാനം.
പരസ്യം തന്നെയാണ് ട്യൂബിന്‍റെ പ്രധാന വരുമാന സ്രോതസ്. യൂട്യൂബ് പ്രീമിയം പോലുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ബിസിനസുകളിൽ നിന്നും കമ്പനി പണമുണ്ടാക്കുന്നുണ്ട്. 2024 ൽ യൂട്യൂബ് പ്രീമിയം 100 മില്യൺ ഉപഭോക്താക്കളെ സ്വന്തമാക്കി. സൂപ്പർ ചാറ്റ്, ചാനൽ മെമ്പർഷിപ്പ്, മർച്ചൻഡൈസ് എന്നിവ പോലെ മറ്റ് പല വഴികളിലൂടെയും ക്രിയേറ്റർമാർക്ക് പണമുണ്ടാക്കാൻ സഹായിക്കുന്ന ടൂളുകളും യൂട്യൂബ് വികസിപ്പിച്ചിട്ടുണ്ട്. മിക്ക സന്ദർഭങ്ങളിലും ക്രിയേറ്റർമാരും യൂട്യൂബും ഈ ചാനലുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം പങ്കിടുന്നു.