AI Generated Image
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കര്‍ശന നടപടിയെടുത്തതിന് മറുപടിയായാണ് പാക് വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങളെ വിലക്കിയത്. എന്നാല്‍ വ്യോമപാത അടച്ചത് പാക്കിസ്ഥാന് കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്. പാക് വ്യോമപാത ഉപയോഗിച്ച് ഇന്ത്യന്‍ കമ്പനികള്‍ ആഴ്ചയില്‍ എണ്ണൂറിലധികം വിദേശ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇവ വഴിമാറിയതോടെ പ്രതിദിനം 1.20 ലക്ഷം ഡോളറാണ് (3.35 കോടി പാക്കിസ്ഥാനി രൂപ) ഏവിയേഷന്‍ വരുമാനത്തിലെ നഷ്ടം.
സ്വന്തം രാജ്യത്തിന്‍റെ അതിര്‍ത്തിവിട്ട് പറക്കുമ്പോള്‍ വിമാനക്കമ്പനികൾ ഏത് രാജ്യത്തിന് മുകളിലൂടെയാണോ പോകുന്നത് അവര്‍ക്ക് പലതരം ഫീസുകൾ നൽകണം. എല്ലാ വിമാനങ്ങളും ഓവർഫ്ലൈറ്റ് ഫീസും നാവിഗേഷൻ ഫീസുകളും നല്‍കണം. രാജ്യത്ത് ഇറങ്ങുന്ന വിമാനങ്ങളാണെങ്കില്‍ ടെർമിനൽ നാവിഗേഷൻ, ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളും നല്‍കേണ്ടി വരും. ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലെങ്കിലും, പാക്കിസ്ഥാന് മുകളിലൂടെ ഇന്ത്യയില്‍ നിന്ന് ദിവസവും നൂറോളം വിമാനങ്ങൾ കടന്നുപോകുന്നുണ്ട്. നിരോധനത്തിന് മുന്‍പ് എല്ലാ ആഴ്ചയും എണ്ണൂറിലേറെ രാജ്യാന്തര വിമാനങ്ങള്‍ പാക്ക് വ്യോമാതിർത്തി ഉപയോഗിച്ചിരുന്നു.
ബോയിങ് 717 വിമാനങ്ങള്‍ക്ക് 580 ഡോളറാണ് പാക്കിസ്ഥാന്‍ ഓവര്‍ഫ്ലൈറ്റ് ഫീസായി ഈടാക്കുന്നത്. വലിയ വിമാനങ്ങളാണെങ്കില്‍ നിരക്ക് കൂടും. ഇതനുസരിച്ച് പ്രതിദിനം കുറഞ്ഞത് 58,000 ഡോളറിന്‍റെ നഷ്ടമാണ് പാക്കിസ്ഥാന്‍ നേരിടേണ്ടി വരുന്നത്. പരമാവധി ടേക്ക് ഓഫ് ഭാരവും പറക്കുന്ന ദൂരവും അടിസ്ഥാനമാക്കി വലിയ വിമാനങ്ങളുടെ നിരക്കുകൾ വര്‍ധിക്കും. ഇന്ത്യന്‍ കമ്പനികളുടെ ബോയിങ് 777 അടക്കമുള്ള വലിയ വിമാനങ്ങള്‍ പാക്കിസ്ഥാന് മുകളിലൂടെ പറന്നിരുന്നു. ബോയിങ് 737 നേക്കാള്‍ രണ്ടര മടങ്ങ് ടേക്ക് ഓഫ് ഭാരം വരുന്നവയാണിവ.
വിമാനത്തിന്റെ ഭാരത്തിന് ആനുപാതികമായി ഫീസ് കണക്കാക്കിയാൽ ഓരോ വിമാനത്തിനും 1,200 മുതൽ 1,700 ഡോളർ വരെ ഫീസ് ഈടാക്കാം. ഇതുപ്രകാരമുള്ള പ്രതിദിന നഷ്ടം ഏകദേശം 1.20 ലക്ഷം ഡോളറാണ്. 2019 ല്‍ പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് ആക്രമണത്തിനും പിന്നാലെ നാല് മാസത്തേക്ക് പാക്കിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചിരുന്നു. ഈ സമയത്ത് പാക്കിസ്ഥാന്‍ നേരിട്ട നഷ്ടം 100 മില്യണ്‍ ഡോളറിന് അടുത്താണ്. അന്ന് പ്രതിദിനം 400 വിമാനങ്ങളെയാണ് വിലക്ക് ബാധിച്ചത്.