Image Credit: Meta AI
ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തിലായതോടെ വലിയ ആശ്വാസമാണ് കുടുംബ ബജറ്റിലുണ്ടാകുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാന്‍ അത്ര വകയില്ലെന്നാണ് റിപ്പോര്‍ട്ട്. നോട്ട്ബുക്കുകളുടെ വില വലിയതോതില്‍ കുറയുമെന്നും പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും ബിരുദ വിദ്യാഭ്യാസവും ജിഎസ്ടിക്ക് പുറത്തു തന്നെ തുടരുമെന്നുമാണ് പ്രഖ്യാപനം. ജിഎസ്ടി പരിഷ്‌കാര പ്രകാരം വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കാവുന്ന ഇളവുകള്‍ ഇങ്ങനെ:
ഔപചാരിക വിദ്യാഭ്യാസത്തിന് നികുതിയില്ല
സ്‌കൂള്‍, കോളജ് ഫീസുകള്‍ക്കുള്ള ജിഎസ്ടി ഒഴിവ് തുടരും. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, ദേശീയ നൈപുണ്യ വികസന കോര്‍പറേഷന് കീഴിലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇത് ബാധകമാണ്. സ്‌കൂള്‍ ബസ് സേവനം, ഉച്ചഭക്ഷണം എന്നിവയും നികുതിരഹിതമായി തുടരും.
പഠനോപകരണങ്ങള്‍ക്ക് വില കുറയും
നോട്ട്ബുക്കുകള്‍, എക്‌സര്‍സൈസ് ബുക്കുകള്‍, പെന്‍സിലുകള്‍, ഇറേസറുകള്‍, ഭൂപടങ്ങള്‍, ഗ്ലോബുകള്‍, ചാര്‍ട്ടുകള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് പൂജ്യമാക്കി. ഇവയുടെ വില ഗണ്യമായി കുറയും. ഇന്‍സ്ട്രുമെന്‍റ് ബോക്‌സുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായും കുറച്ചു.
സ്വകാര്യ ട്യൂഷന്‍ ഫീസ് നിരക്കില്‍ കുറവില്ല
മല്‍സര പരീക്ഷകള്‍ ഉള്‍പ്പടെയുള്ളവയ്ക്കുള്ള സ്വകാര്യ കോച്ചിങ് ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, എഡ്-ടെക് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവ 18 ശതമാനം ജിഎസ്ടി സ്ലാബിലാണ്. അതായത് ഔപചാരിക, അക്രഡിറ്റഡ് വിദ്യാഭ്യാസത്തെ നികുതിയില്‍ നിന്നൊഴിവാക്കുകയും സപ്ലിമെന്‍ററി വിദ്യാഭ്യാസത്തിന് മറ്റേത് സേവനമേഖലയിലെയും പോലെ നികുതി നല്‍കേണ്ടിയും വരും.
അതേസമയം പ്രഖ്യാപനത്തിലെ ജിഎസ്ടി ഇളവുകള്‍ എത്രകണ്ട് വിദ്യാര്‍ഥികളിലേക്ക് എത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നു. നോട്ട്ബുക്കുകളുടെ ജിഎസ്ടി 12 ശതമാനമുണ്ടായിരുന്നത് പൂര്‍ണമായും ഒഴിവാക്കി. എന്നാല്‍ നോട്ട്ബുക്ക് ഉല്‍പാദിപ്പിക്കാന്‍ വേണ്ട പേപ്പര്‍ ബോര്‍ഡിന്റെയും അണ്‍കോട്ടഡ് പേപ്പറിന്റെയും ജിഎസ്ടിയില്‍ മാറ്റമില്ല. ഇപ്പോള്‍ 18 ശതമാനമാണ് നിരക്ക്. പേപ്പര്‍ സപ്ലയര്‍മാര്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ നോട്ടുബുക്ക് എങ്ങനെ വില കുറച്ച് വില്‍ക്കാന്‍ കഴിയുമെന്നാണ് ഉല്‍പാദകര്‍ ചോദിക്കുന്നത്.
പരിഷ്‌കരിച്ച ജിഎസ്ടി ഘടന പ്രകാരം പേപ്പര്‍ വ്യവസായത്തെ 12 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനത്തിലേക്ക് മാറ്റി. ഇതോടെ ഉല്‍പാദനച്ചെലവ് വര്‍ധിക്കും. നോട്ട്ബുക്കുകളുടെ വിലയിലും ഇത് പ്രതിഫലിച്ചേക്കാം. ലാമിനേഷന്‍ ഫിലിം, പശ, മഷി, പ്രിന്റിങ് ലേബര്‍ എന്നിവയുടെ ജിഎസ്ടിയിലും അവ്യക്തത തുടരുകയാണ്. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നോട്ട്ബുക്ക് ഇറക്കുമതിക്ക് നികുതിയില്ല എന്നതും രാജ്യത്തെ ചെറുകിട നോട്ട്ബുക്ക് ഉല്‍പാദകര്‍ക്ക് വെല്ലുവിളിയാകും. അതിനാല്‍ നോട്ട്ബുക്കുകള്‍ വില കുറച്ച് വില്‍ക്കുന്നത് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയേക്കുമെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടാല്‍ മാത്രമേ പ്രഖ്യാപനത്തിന്റെ ഗുണം താഴേത്തട്ടില്‍ എത്തൂ എന്നും നോട്ട്ബുക്ക് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.