ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെ ഈ മാസം 27ന് രാജ്യവ്യാപക പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) തീരുമാനിച്ചു. ആഴ്ചയിൽ അഞ്ച് ദിവസം പ്രവൃത്തി ദിവസം എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്. ഇതോടെ ശനിയും ഞായറും റിപ്പബ്ലിക് ദിന അവധിയും അടക്കം ഇന്നു മുതൽ ചൊവ്വാഴ്ച വരെ 4 ദിവസം ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭ്യമാകില്ല.
ആർബിഐ, എൽഐസി, ജിഐസി, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, സർക്കാർ ഓഫിസുകൾ എന്നിവ ഇതിനകം തന്നെ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച പിന്തുടരുന്നുണ്ടെന്ന് സംയുക്ത സംഘടനയായ യുഎഫ്‌ബിയു ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ പ്രവൃത്തിദിനത്തിന്‍റെ കാര്യത്തിലുള്ള ശുപാര്‍ശ രണ്ട് വര്‍ഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിന് ഒരു ന്യായീകരണവുമില്ലെന്നാണ് യുഎഫ്ബിയുവിന്‍റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ധനമന്ത്രാലയത്തിന്‍റെ വാദം. അതേസമയം എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ വലിയ സ്വകാര്യ ബാങ്കുകളുടെ ശാഖകളുടെ പ്രവർത്തനത്തെ യുഎഫ്‌ബിയു പണിമുടക്ക് ബാധിച്ചേക്കില്ല.