gst-council-footwear-gst-cut

2500 രൂപ വരെ വിലയുള്ള ചെരുപ്പുകളുടെ ജി.എസ്.ടി കുറയ്ക്കാൻ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധാരണയായി. നിലവിലെ 12 ശതമാനം ജി.എസ്.ടി അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ധാരണ. നിലവിൽ 1000 രൂപ വരെയുള്ള ചെരുപ്പുകൾക്ക് അഞ്ച് ശതമാനമാണ് ജി.എസ്.ടി.

ജി.എസ്.ടി കൗൺസിലിന്റെ നിർണായക യോഗം ഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ പുരോഗമിക്കുകയാണ്. യോഗത്തിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ആവശ്യം

ജി.എസ്.ടി സ്ലാബുകളിൽ മാറ്റം വരുത്തുമ്പോൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തണമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കുമ്പോൾ വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്ന് ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെങ്കിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അത് സാരമായി ബാധിക്കും. കേരളത്തിന് ഏകദേശം 8000 കോടിയുടെ കുറവുണ്ടാകുമെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു. ലോട്ടറിക്ക് നിലവിലുള്ള 28 ശതമാനം ജി.എസ്.ടി 40 ശതമാനമായി ഉയർത്താനുള്ള സാധ്യതയും കേരളത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

നഷ്ടപരിഹാര നിധിയിൽ ശേഷിക്കുന്ന 40,000 കോടി സംസ്ഥാനങ്ങൾക്ക് നൽകാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെങ്കിലും അത് പര്യാപ്തമാവില്ലെന്നാണ് വിലയിരുത്തൽ. എം.എസ്.എം.ഇകളുടെ രജിസ്‌ട്രേഷൻ സമയം കുറയ്ക്കുക, കയറ്റുമതിക്ക് ഓട്ടോമേറ്റഡ് ജി.എസ്.ടി റീഫണ്ട് നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും കൗൺസിൽ യോഗം അംഗീകരിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ യോഗത്തിന് ശേഷം നാളെ വൈകിട്ടോടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ENGLISH SUMMARY:

GST rate on footwear is reduced as decided in the GST council meeting. The council agreed to reduce the existing 12 percent GST to five percent for footwear priced up to ₹2500.