E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

സംഘപരിവാരത്തിന്റെ കേരള സ്വപ്‌നങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒടുവില്‍ ആര്‍.എസ്.എസിനു ക്ഷമ നശിച്ചു കഴിഞ്ഞിരിക്കുന്നു, ബി.ജെ.പിക്കും. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യത്തിലൂടെ യഥാര്‍ഥ അജന്‍ഡയുടെ ദംഷ്ട്രകള്‍ പുറത്തു കാണിച്ചു കഴിഞ്ഞു. കേരളത്തില്‍ എന്തിന് രാഷ്ട്രപതി ഭരണമെന്നോര്‍ത്ത് നമ്മള്‍ കേരളീയര്‍ ചിരിച്ചേക്കാം. പക്ഷേ ഇത് നേര്‍ക്കുനേര്‍ പോരാട്ടമല്ലെന്ന്, ഒളിയുദ്ധത്തില്‍ ഇനിയും കാത്തിരിക്കുന്ന തന്ത്രങ്ങളെന്തെന്ന് നമുക്ക് ഊഹിക്കാന്‍ പോലുമാകില്ലെന്ന് തിരിച്ചറിയുക തന്നെ വേണം. അടിമുടി സത്യസന്ധതയില്ലാത്ത, മനുഷ്യത്വമില്ലാത്ത ഒരു രാഷ്ട്രീയം നാലുപാടും വളഞ്ഞു പിടിക്കാന്‍ തുടങ്ങുമ്പോള്‍ കേരളം ഭരണമേല്‍പിച്ചവര്‍ എന്തു ചെയ്യുകയാണെന്ന ചോദ്യത്തിനും നമുക്ക് ഉത്തരം വേണം. ആജ്ഞാപിക്കാവുന്നതിലും അപ്പുറത്തേക്കു വളര്‍ന്ന എതിര്‍പക്ഷരാഷ്ട്രീയത്തിനു മുന്നില്‍ ഓച്ഛാനിച്ചിരിക്കേണ്ടി വന്ന മുഖ്യമന്ത്രി മാധ്യമങ്ങളെ പുറത്താക്കുന്ന തിരക്കിലാണ്. ആദ്യത്തെ ചോദ്യം, മുഖ്യമന്ത്രി പിണറായി വിജയനോടു തന്നെയാണ്. ആരാണ് കേരളത്തിന്റെ ശത്രുപക്ഷത്തു നില്‍ക്കുന്നതെന്ന് താങ്കള്‍ക്കു മനസിലാകുന്നില്ലേ? അതോ വ്യക്തിപരമായ വിക്ഷോഭങ്ങള്‍ക്കപ്പുറം താങ്കള്‍ക്കിനിയും കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വളരാനാകുന്നില്ലേ ബഹുമാനപ്പെട്ട മുഖ്യമന്ത്രി. 

സംഭവങ്ങളുടെ ക്രമം ഇതാണ്. മാറിപ്പോകരുത്. ജീവന്‍ നഷ്ടപ്പെട്ടത് ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. അത് സി.പി.എം-ബി.ജെ.പി. സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണെങ്കിലും അല്ലെങ്കിലും ആ ജീവന്‍ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റേതാണ്. പക്ഷേ അതിന്റെ പേരില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവയ്ക്കാന്‍ സാമാന്യബോധമുള്ള ആര്‍ക്കാണ് കഴിയുക? കേരളത്തിലാകെ അക്രമരാഷ്ട്രീയം അരങ്ങുവാഴുകയാണെന്ന് വിധിയെഴുതാന്‍, നമ്മള്‍ മലയാളികളെ ആകെ അപമാനിക്കാന്‍ ബോധമുള്ള ആര്‍ക്കാണ് കഴിയുക. അങ്ങനെ അമ്പരക്കുന്നതില്‍ ഇനി അര്‍ഥമേയില്ല. കാരണം അജന്‍ഡ നടപ്പാക്കലാണ്, അതു മാത്രമാണ് നടക്കുന്നതെന്ന് തിരിച്ചറിയുന്നിടത്ത് ഇനി സാമാന്യബോധത്തിനും വസ്തുതകള്‍ക്കും പ്രസക്തിയില്ല. 

സത്യത്തില്‍ എന്താണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. സി.പി.എം കൊല്ലുന്നുണ്ട്. അത് സത്യമാണ്. പക്ഷേ ആര്‍.എസ്.എസും കൊല്ലുന്നുണ്ട് എന്നത് രണ്ടാമത്തെ വാചകത്തില്‍ പറഞ്ഞാല്‍ പോര. ഇങ്ങനെ തന്നെ പറയണം, കേരളത്തില്‍ സി.പി.എമ്മും ആര്‍.എസ്.എസും അന്യോന്യം കൊല്ലുന്നു. പരസ്പരാക്രമണം തുടരുകയുമാണ്. അതേസമയം രാഷ്ട്രീയകൊലപാതകങ്ങള്‍ മാത്രമല്ല, വര്‍ഗീയകൊലപാതകങ്ങളും നടത്തുന്നവരാണ് കേരളത്തില്‍ ആര്‍.എസ്.എസ് എന്നതും എടുത്തു പറയേണ്ടതാണ്. സ്വന്തം സഹപ്രവര‍്ത്തകനെ കൊന്ന കേസിലും പ്രതിയാണ് കേരളത്തില്‍ ആര്‍.എസ്.എസ്ുകാര്‍. സി.പി.എം കൊലപാതകരാഷ്ട്രീയത്തിനു മറുപടി പറയേണ്ടവര്‍ തന്നെയാണ്. പക്ഷേ തുല്യ ഉത്തരവാദിത്തം ആര്‍.എസ്.എസിനുമുണ്ട്. ബി.ജെ.പിയും ബി.ജെ.പിയെ അനുകൂലിക്കുന്ന മാധ്യമങ്ങളും കണ്ണടച്ചാല്‍ കേരളത്തില്‍ ഇരുട്ടാകില്ല. പക്ഷേ അസത്യങ്ങള്‍ വിളിച്ചു പറയാനും അര്‍ധസത്യങ്ങളില്‍ ഇരവാദം ഉന്നയിക്കാനും ബി.ജെ.പി കാണിക്കുന്ന തൊലിക്കട്ടി വിലയിരുത്തപ്പെടേണ്ടതുതന്നെയാണ്. 

പക്ഷേ ആ അസത്യപ്രചാരണത്തിലും അംഗീകരിക്കേണ്ട ഒരു അര്‍ധസത്യം കേരളത്തെ പ്രതിരോധത്തിലാക്കുന്നതു തന്നെയാണ്. കേരളത്തില്‍ മനുഷ്യര്‍ ഇപ്പോഴും രാഷ്ട്രീയത്തിന്‍റെ പേരില്‍ കൊല്ലപെടുന്നുണ്ട്. അതില്‍ ഒരു പക്ഷത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മാണ്. അതുകൊണ്ടാണ് സി.പി.എമ്മിന്റെ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ മുന്നില്‍ തലകുനിച്ചിരുന്നുകൊടുക്കേണ്ടി വന്നത്. അതുകൊണ്ടാണ് ആര്‍.എസ്.എസ്. നേതാവിനെക്കൂടി ഇരുത്തി സമാധാനചര്‍ച്ചയ്ക്ക് അതേ മുഖ്യമന്ത്രിക്ക് മുന്‍കൈയെടുക്കേണ്ടി വന്നത്. ആ ചര്‍ച്ചയുടെ ദൃശ്യം തന്നെ അകപ്പെടുത്തുന്ന രാഷ്ട്രീയപ്രതിരോധം മനസിലാക്കിത്തന്നെയാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് ആക്രോശിച്ചത്. അധികാരം കൈയിലുള്ള താങ്കള്‍ക്ക് ഒരു അധികാരത്തിന്റെയും പ്രതിരോധമില്ലാത്തവരോടും ഇങ്ങനെയേ പെരുമാറാനാകൂവെന്നത് കഷ്ടമാണ് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു കഴിഞ്ഞെങ്കിലും ആരെയാണ് നേരിടുന്നതെന്ന് താങ്കള്‍ക്കു മനസിലായില്ലെങ്കില്‍ അത് കേരളത്തിന്‍റെ രാഷ്ട്രീയപരാജയമാണ്. സംശയമില്ല. 

നേരാണ് ഈ കൊലവിളി കണ്ട് കേരളം പേടിക്കേണ്ടതില്ല, തല്‍ക്കാലത്തേക്കെങ്കിലും കുലുങ്ങേണ്ടതുമില്ല. അതു പക്ഷേ ഇപ്പോള്‍ ഭരിക്കുന്ന ഇടതുപക്ഷത്തിന്‍റെ കരുത്തിലല്ല. രാജ്യമാകെ ഉലഞ്ഞപ്പോഴും പ്രലോഭനങ്ങളില്‍ വീണു പോകാതെ, മതേതരത്വ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു ജനതയുടെ കരുത്താണത്. മലയാളികളുടെ നിശ്ചയദാര്‍ഢ്യമാണത്. ഇതുവരെയും സംഘപരിവാറിന്റെ ഗൂഢരാഷ്ട്രീയത്തെ നേരിട്ടത് ഈ ജനതയാണ്. ആ ജനതയെ ഇനിയും പരീക്ഷിക്കരുത്. നയിക്കാന്‍ അവരേല്‍പിച്ച ചുമതലയില്‍ ഏറ്റവും പ്രധാനം ഈ രാഷ്ട്രീയചെറുത്തുനില്‍പു കൂടിയായിരുന്നുവെന്നു തിരിച്ചറിയണം. ഞങ്ങളെ കൊന്നപ്പോള്‍ ഞങ്ങളും കൊന്നു എന്ന ന്യായം അന്നും ഇന്നും കേരളം സ്വീകരിച്ചിട്ടില്ല. ഇനിയും സ്വീകാര്യമല്ലെന്നു മാത്രമല്ല, പ്രത്യാക്രമണത്തിലൂടെ നിങ്ങള്‍ നടത്തുന്നുവെന്നവകാശപ്പെടുന്ന പ്രതിരോധത്തിന്റെ വില ഇന്ന് കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഞങ്ങള്‍ കൂടി വാര്‍ത്തെടുത്ത കേരളം എന്ന് അഭിമാനിക്കാന്‍ ഈ ജനതയുടെ ആത്മവിശ്വാസം നിലനിര്‍ത്താനുള്ള ബാധ്യത നിങ്ങള്‍ക്കുമുണ്ടെന്ന് സി.പി.എമ്മിനെയും ഇടതുസര്‍ക്കാരിനെയും ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു. ഇനി അതിന് ഏറെ അവസരങ്ങള്‍ കിട്ടിയേക്കില്ലെന്ന ആശങ്കയോടെ തന്നെ. 

∙∙∙∙

മോദിയുടെ ഇന്ത്യയിൽ ജനാധിപത്യത്തിന് എന്തു പ്രസക്തി ?

പലവട്ടം ചോദിച്ചതാണ്, പറ‍ഞ്ഞതാണ്. എങ്കിലും ആ ചോദ്യം വീണ്ടും വീണ്ടും ചോദിക്കേണ്ട സന്ദര്‍ഭങ്ങള്‍ പിറവികൊണ്ടേയിരിക്കുന്നു. നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ ജനാധിപത്യത്തിന് എന്താണ് പ്രസക്തി.? അമിതാധികാരത്തിന്റെ ശിലകളില്‍ കെട്ടിപ്പൊക്കിയ മോദി ഭരണകൂടത്തില്‍ ജനാധിപത്യമെന്ന ആ വാക്കിന് എന്താണ് സാംഗത്യം.? രാജ്യഘടന ഏറ്റവും അപകടകരമായ അവസ്ഥാവിശേഷങ്ങളിലേക്ക് കടക്കുന്നുവെന്ന് വലിയൊരു വിഭാഗം ജനത ന്യായമായും ആശങ്കപ്പെടുന്നു. രാഷ്ട്രീയ ഭരണ സംവിധനങ്ങള്‍ ഒറ്റ അച്ചുതണ്ടിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍, ആശങ്കപ്പെടാനല്ലാതെ ആശ്വസിക്കാന്‍ എന്തുണ്ട് വാര്‍ത്തകള്‍.? 

തികഞ്ഞ ലാഘവബോധത്തോടെ, അത്രയെളുപ്പം ചര്‍ച്ചചെയ്യാവുന്ന അധികാരമേറ്റമല്ല ഇവരുടേതുമെന്ന് പറയാതെ വയ്യ. ഒന്നുകൂടി പറയാം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളോ ബാഹ്യമായ ഭീഷണികളോ അല്ല ഇന്ത്യയെ ആശങ്കയിലാക്കുന്നത്. ഉള്ളില്‍നിന്നുതന്നെ ഉയരുന്ന ഭീതികളിലാണ് ഈ രാജ്യത്തെ ദലിതരും ന്യൂനപക്ഷങ്ങളും അടങ്ങുന്ന ജനകോടികള്‍ ആശങ്കാകുലരാകുന്നത് എന്നതാണ രസം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിനാണ് ഈ ദുര്‍ഗതിയെന്നത് വലി വിരോധാഭാസമല്ലാതെ മറ്റെന്താണ്.? 

ജനാധിപത്യനിഷേധങ്ങള്‍ക്ക് ഇനിയും ഉദാഹരണങ്ങള്‍ വേറെവേണോ.? ജനവിധി എതിരായിട്ടും ബിജെപി അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തിലേക്ക് ബിഹാര്‍ എന്നൊരു നാടുകൂടി ചേര്‍ന്നകാര്യം ഒന്നോര്‍ത്താല്‍ നന്ന്. മഹാസഖ്യം വിട്ടെത്തിയ നിതീഷിനെ ഒറ്റരാത്രി ഇരുട്ടിവെളുക്കുമ്പോഴേക്ക് ഒപ്പംകൂട്ടി, മന്ത്രിസഭയിലും കയറിയിരുന്ന് മെയ്‌‌വഴക്കം കാട്ടിയവരാണ് ജനാധിപത്യത്തെപ്പറ്റിയും അഴിമതിയെപ്പറ്റിയും പ്രസംഗിക്കുന്നത്. എല്ലാ മലക്കംമറിച്ചിലുകളും അട്ടിമറികളും കൂടുതല്‍ ശക്തിമാനായുള്ള 2019ലെ അവതാരത്തിനായാണെന്ന് ആര്‍ക്കാണറിയാത്തത്.? 

പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാത്ത, അവിടെ മൗനം മാത്രം പുലര്‍ത്തുന്ന നരേന്ദ്രമോദി പുതിയ പ്രതിഭാസമല്ല, പ്രധാനമന്ത്രിയുടെ മൗനത്തെപ്പറ്റി പറയുന്നതുതന്നെ ആവര്‍ത്തനവിരസതയുടെ മടുപ്പുതീര്‍ക്കുമെന്നുറപ്പ്. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ്, സഭയിലെ സഹപ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധി സ്വന്തം നാട്ടില്‍ ആക്രമിക്കപ്പെട്ടതും ഈ പ്രധാനമന്ത്രി അറിഞ്ഞുകാണില്ല എന്നുകരുതണം, സീതാറാം യച്ചൂരി എന്നുപേരായ മറ്റൊരു സഹപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത് അറിയാതിരുന്ന പോലെ. 

ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും തുടരും. കൂറുമാറ്റങ്ങളും അധികാരമേറ്റങ്ങളും തുടരും. ജഡാവസ്ഥയില്‍ പാര്‍ത്തിരുന്ന രാഷ്ട്രപതിഭവനുകളും രാജ്ഭവനുകളും പുതിയ ജോലികളില്‍ വ്യാപൃതരാകും. മതേതരത്തവും ജനാധിപത്യവും മനസ്സില്‍ കാക്കുന്ന ജനതയുടെ ആശങ്കകള്‍ വെറും മുന്‍വിധികള്‍ മാത്രമാകട്ടെ എന്ന ആഗ്രഹിക്കാം. ഇനിയും കുടഞ്ഞുകളയാനാകാത്ത മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പലവഴി പിരിഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷം ഒന്നുചേരുമെന്നുതന്നെ പ്രത്യാശിക്കാം. അതിനൊക്കെ മുന്‍പ് ജനങ്ങളേ, നിങ്ങള്‍ ചിലത് തീരുമാനിക്കുക. ഇന്ത്യയെ ഇന്ത്യതന്നെയായി കാത്തുസൂക്·ഷിക്കാന്‍ ആരെക്കാളും കഴിയുക നിങ്ങള്‍ക്കുതന്നെയാണ്.